വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വാഹന യാത്രക്കാരെ രക്ഷപെടുത്തി ഷാർജ പോലീസ്

ഷാർജ: കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയിൽ പെയ്യുന്ന കനത്ത മഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാർ യാത്രക്കാരെ രക്ഷപെടുത്തി ഷാർജ പൊലീസ്. വെള്ളം കുത്തിയൊലിക്കുന്ന വാദിയിലേയ്ക്കാണ് അറിയാതെ എത്തിയ ഏഷ്യക്കാരുടെ കാർ ചെന്ന് പതിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഖോർഫുക്കൻ പോലീസ് സംഘം കാറിലുണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല.
 ഈ ആഴ്ച കൂടുതൽ മഴ ലഭിക്കുകയും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാലാവസ്ഥ മാറുകയും ചെയ്യുമെന്നും, ഒറ്റ രാത്രികൊണ്ട് രാജ്യത്തുടനീളം വ്യാപിച്ച മഴയേക്കാൾ കൂടുതൽ ഈ രണ്ട് ദിവസങ്ങളിൽ പെയ്യുമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനും വാദികൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
 അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അധികൃതരും പറഞ്ഞു. ഇത് ഏതാണ്ടു രാജ്യത്തെ മുഴുവൻ ബാധിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി  ഫുജൈറ,ഖോർഫുക്കാൻ,ഖൽബ,ദിബ്ബ… തുടങ്ങിയ വടക്കൻ മേഖലയിൽ ശക്തമായ മഴയാണ്  പെയ്യുന്നത്
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version