KeralaNEWS

ആർക്കും വേണ്ടാതെ കാപ്പിക്കുരു; കാപ്പിപ്പൊടി കിലോ മുന്നൂറു രൂപയും !

വൃശ്ചിക മാസത്തിന് ഒരു പ്രത്യേക മണമാണ്.പൂത്തുനിൽക്കുന്ന കാപ്പികളുടെ മനം മയക്കുന്ന ഗന്ധം.പൂത്തുനിൽക്കുന്ന കാപ്പിമരവും പഴുത്തു നിൽക്കുന്ന കാപ്പിക്കുരുവും പകർന്നു നൽകുന്ന വർണങ്ങളുടെ നിറശോഭ അതിലുമേറെ ആകർഷണവും.പക്ഷെ തോട്ടങ്ങളിലൊഴികെ ആരുമിന്ന് കാപ്പിക്കുരു പറിക്കാൻ മിനക്കെടാറില്ല.പ്രത്യേകിച്ച് മധ്യകേരളത്തിൽ !
പുലര്‍ച്ചെ ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി ഉറക്കമുണരുന്നവരാണ് മലയാളികൾ.ഒരുകിലോ കാപ്പിപ്പൊടിക്ക് മുന്നൂറ് രൂപയോളമാണ് വില.എന്നാലും പുരയിടത്തിൽ ഉള്ള കാപ്പിക്കുരു പറിച്ചെടുത്ത് ഉണക്കി പൊടിച്ചെടുത്ത് ഉപയോഗിക്കാൻ നാം മിനക്കെടാറില്ല.ഒരാളെ കൂലിക്ക് നിർത്തി പറിച്ചെടുക്കാനുള്ള അത്ര കാപ്പി മരം മിക്ക വീട്ടിലും കാണുകയുമില്ല.അതിൽതന്നെ പകുതി പഴുത്തു വരുമ്പോഴേക്കും കിളികളും വാവലും കൊണ്ടുപോകും.പക്ഷെ ബാക്കിവരുന്ന കാപ്പിക്കുരുകൾ പഴുത്ത് നിലത്തുവീണ് കിളിർക്കും.ഒടുവിൽ ഉള്ള പുരയിടം ആകെ കാടാകും.ഈ കാട് കളയാൻ കാടുവെട്ടി യന്ത്രവുമായി വരുന്നവന്റെ കൂലി മണിക്കൂറിന് മുന്നൂറ് രൂപയോളമാണ്.അതായത് എട്ടുമണിക്കൂർ പണി ചെയ്താൽ രണ്ടായിരത്തി നാനൂറു രൂപ!!
മദ്ധ്യകേരളത്തില്‍ കോട്ടയത്തും പത്തനംതിട്ടയിലുമാണ് ഏറ്റവും കൂടുതൽ കാപ്പിക്കൃഷി ഉള്ളത്.അവിടുത്തെ കാര്യമാണ് മുകളിൽ പറഞ്ഞത്.സംസ്ഥാനത്തെ കണക്കെടുക്കുകയാണെങ്കിൽ വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഉല്‍പാദനം.അവിടെ വൻകിട കമ്പനികളുടെ തോട്ടങ്ങളാണുള്ളത്.അതിനാൽത്തന്നെ അവർക്ക് പ്രശ്നങ്ങളൊന്നുമില്ല.തൊഴിലാളികൾ അത് പറിച്ചെടുത്തുകൊള്ളും.കമ്പനി അത് സംസ്കരിച്ച് പായ്ക്കറ്റുകളിലാക്കി വൻ വിലയ്ക്ക് വിൽക്കുകയും ചെയ്യും.
മധ്യകേരളത്തില്‍ പക്ഷെ കാപ്പിപ്പൊടി കൂടുതലായി ഉപയോഗിക്കുമ്പോഴും കാപ്പിക്കുരുവിനും കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്നതാണ് വസ്തുത.പച്ചയ്ക്കോ ഉണക്കിയോ കൊടുത്താൽപ്പൊലും കാപ്പിക്കുരുവിന് മാർക്കറ്റിൽ ലഭിക്കുന്നത് തുച്ഛമായ വില മാത്രമാണ്.പിന്നെ ചെയ്യാവുന്നതാണ് മുകളിൽ പറഞ്ഞത് .പറിച്ച് ഉണക്കിയെടുത്ത് പൊടിപ്പിച്ച് വീട്ടാവശ്യത്തിന് ഉപയോഗിക്കുക !!

Back to top button
error: