NEWS

വിദ്യാഭ്യാസവും വായനയും നമ്മളെ ഉടച്ചുവാർക്കും; ഇത് വായിക്കാതെ പോകരുത്

പുസ്തകം കയ്യിൽ കിട്ടുമ്പോൾ ആയുധത്തിൽ നിന്ന് അകന്നുപോകുമെന്ന് ഈ ചിത്രം നമ്മോട് പറയുന്നു.(ചിത്രം ശ്രദ്ധിക്കുക)
  ഒരു സമൂഹത്തിൽ അല്ലെങ്കിൽ രാജ്യത്ത്, അവകാശങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ അടിച്ചമർത്തലിന് എതിരെയുണ്ടാകുന്നത് ഒഴികെ മറ്റെല്ലാ അക്രമകോലാഹലങ്ങളും വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാണ്.ഒരു വിദ്യാസമ്പന്നൻ ആദ്യം ചിന്തിക്കുന്നത് അക്രമം കഴിഞ്ഞാലുണ്ടാലുണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ചായിരിക്കും.അതുകൊണ്ട് അക്രമത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ഒഴിവാക്കാനും അവർ എപ്പോഴും ശ്രദ്ധിക്കും.
 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മിക്കവരുടെയും വിദ്യാഭ്യാസ നില പരിശോധിച്ചാൽ ശരിയായ വിദ്യാഭ്യാസം കിട്ടാത്തവരോ നിരക്ഷരരോ ആയിരിക്കും എന്നത് നമുക്ക് കാണാം. നമ്മുടെ ചുറ്റിലുമുള്ള മോഷണം മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ പെടുന്നവരെക്കുറിച്ച് പരിശോധിച്ചാൽ ഇത് മനസ്സിലാകും-പണ സമ്പാദനത്തിനായി എന്തും കാട്ടിക്കൂട്ടുന്ന പൊളിറ്റിക്കൽ, ഉദ്യോഗസ്ഥവൃന്ദങ്ങളെ ഒഴിവാക്കിയാൽ.
മനുഷ്യ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നല്ല മാർഗം വിദ്യാഭ്യാസമാണ്.വിദ്യാഭ്യാസം എന്ന് പറയുമ്പോൾ സ്കൂൾ കലാലയ വിദ്യാഭ്യാസം മാത്രമല്ല, നമ്മൾ ജീവിക്കുന്ന ചുറ്റുപാടുമുള്ള സമൂഹവും ഒരു വലിയ സർവ്വകളാശാല തന്നെയാണ്.അറിവ്,അല്ലെങ്കിൽ വിദ്യകൊണ്ട് സമ്പന്നരാകും.അതോടൊപ്പം തിരിച്ചറിവില്ലെങ്കിൽ ഒരാൾക്ക് വിദ്യാഭ്യാസത്തിനുവേണ്ടി ചിലവാക്കിയ പണം ഒരു തീരാ നഷ്ടമായും മാറും.അങ്ങനെയുള്ളവരേയും നമുക്ക് സമൂഹത്തിൽ കാണാം.
  പണത്തോടും അടിച്ചമർത്തി അധികാരം പിടിക്കാനും നില നിറുത്തുവാനും തങ്ങളാണ് മിടുക്കരെന്ന് സ്ഥാപിക്കുവാനുമുള്ള മനുഷ്യന്റെ ത്വര മൂലം ഓരോ വർഷവും കൊന്നൊടുക്കുന്നത് ആയിരങ്ങളെയാണ്.ഇതിനായി ദിവസത്തിനു ദിവസം ആയുധപ്പുരകൾ നിറക്കുന്ന രാജ്യങ്ങളുമുണ്ട്.അതേ സമയം ഒരു നേരം ആഹാരത്തിനായി കൈ നീട്ടുന്നു ജനങ്ങളുള്ള എത്രയോ രാജ്യങ്ങൾ വേറെയുമുണ്ട്.
 വെടിക്കോപ്പുകൾക്ക് വേണ്ടി ചിലവാക്കുന്ന ആ പണമുണ്ടെങ്കിൽ രണ്ടോ മൂന്നോ പതിറ്റാണ്ട് ലോകത്തിലെ മൊത്തം ജനങ്ങൾക്ക് പട്ടിണിയില്ലാതെ സുഭിക്ഷമായി ആഹാരത്തിനും ചികിത്സയ്ക്കും തികയും.
അതേസമയം വിദ്യാഭ്യാസം ഇഷ്ടമല്ലാത്ത മറ്റൊരു കൂട്ടരുണ്ട്.ഇവരാണ് മതത്തിന്റെ പേരിൽ നിഷ്കരുണം ജനങ്ങളെ കൊന്നൊടുക്കുന്നവർ.അങ്ങനെ ചെയ്താൽ സ്വർഗ്ഗം ലഭിക്കുമത്രെ! ഇന്ന് ജീവിക്കുന്ന ഭൂമിയെ നരകമാക്കി നാളത്തെ സ്വർഗ്ഗം കാത്തിരിക്കുന്നവർ !!
ലോകത്തിൽ അവിടെയും ഇവിടെയുമൊക്കെ നടക്കുന്ന സംഭവങ്ങൾ കേട്ടാൽ മൂക്കത്ത് വിരൽ വെച്ചു പോകും.എവിടെ നിന്നോ ലഭിച്ച തെറ്റായ ചിന്താഗതിയുടെ പേരിൽ തെറ്റായ പ്രവണതകൾ ഇന്നും തുടരുന്നവർ.തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്തവരെ കൊന്നൊടുക്കുക.മതത്തിന്റെ കാടൻ നിയമങ്ങൾക്കപ്പുറം നീങ്ങുന്ന സ്വന്തം മതത്തിലുള്ളവരേപ്പോലും കൊന്നൊടുക്കുക.അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുക.അങ്ങനെ എന്തൊക്കെ!
ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തവരിൽ നിന്നും തങ്ങൾക്ക് പകർന്നു കിട്ടിയ പൊതുബോധമാണ് അവരെ ഭരിക്കുന്നത്.അവിടെയാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി.അവിടെയാണ് വായനയുടെ പ്രസക്തി.അത് പക്ഷെ മതഗ്രന്ഥങ്ങൾ മാത്രമാകരുതെന്ന് മാത്രം!

Back to top button
error: