
എൽഡിഎഫ് സർക്കാരിന് തുടർഭരണം പ്രഖ്യാപിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് സർവ്വേ കണ്ട് അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ സധൈര്യം സർക്കാർ പ്രതിരോധിച്ചു. ഇതൊക്കെ ഉണ്ടായിട്ടും ജനങ്ങൾ ആഗ്രഹിച്ച വികസനം നടത്താനും സർക്കാറിന് സാധിച്ചുവെന്ന് പിണറായി വിജയൻ പറഞ്ഞു.
സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ ആണ് വലിയ ആൾക്കൂട്ടത്തെ കാണാറുള്ളത്. ഇത്തവണ വമ്പിച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്. ജനങ്ങൾ എൽഡിഎഫിനൊപ്പം ആണ് എന്ന് തെളിയിക്കുന്നതാണ് ഇതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
വിവിധ വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും നുണക്കഥകൾ ആണ് പ്രചരിപ്പിക്കുന്നത്. ചില മാധ്യമങ്ങളും ഇവരുടെ പ്രചാരണം ഏറ്റു പിടിക്കുകയാണ്. റെക്കോർഡ് നിയമനമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. എന്നാൽ ചില മാധ്യമങ്ങൾ നിയമനം സംബന്ധിച്ച് തെറ്റായ കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളെല്ലാം അറിഞ്ഞുകൊണ്ടാണ് ഇവർ മറച്ചുവയ്ക്കുന്നതെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.