ന​ഗരത്തിന് അധിക ദാഹജലം; 75 എംഎൽഡി ജലശുദ്ധീകരണശാല പ്രധാനമന്തി നാടിനു സമർപ്പിച്ചു

തിരുവനന്തപുരം: അമൃത് പദ്ധതിക്കു കീഴിൽ നിർമാണം പൂർത്തിയാക്കിയ, വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ പുതിയ 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാല പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. തിരുവനന്തപുരം ന​ഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനമാരംഭിക്കുന്നതോടെ ന​ഗരവാസികളുടെ പ്രതിദിന ശുദ്ധജല ലഭ്യത 100 ലിറ്ററിൽനിന്ന് 150 ലിറ്ററായി വർധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 13 ലക്ഷം ന​ഗരവാസികളുടെ കുടിവെള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും.

ഒൻപത് അമൃത് ന​ഗരങ്ങളാണ് കേരളത്തിലുള്ളത്. 1100 കോടിയുടെ 175 ജലവിതരണ പദ്ധതികളാണ് അമൃതിനു കീഴിൽ കേരളത്തിൽ നടപ്പിലാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവി കുമാരാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യിലെ, ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ, ചോദിക്കുന്നു നീർ നാവു വരണ്ടഹോ’, എന്ന വരികളുടെ ആം​ഗലേയ പരിഭാഷ ഉദ്ധരിച്ചുകൊണ്ടാണ് ജല ശുദ്ധീകരണശാലയുൾപ്പെടെയുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ടുനടത്തിയ അഭിസംബോധന അദ്ദേഹം പൂർത്തിയാക്കിയത്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ പങ്കെടുത്തു.

സർക്കാർ അധികാരത്തിൽ വന്നശേഷം 13 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാൻ സാധിച്ചുവെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. 2020-21ൽ 21.42 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻ കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ശ്രീ. എ.സി.മൊയ്തീൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരൻ, സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, മേയർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version