NEWS

തിരുവനന്തപുരം വിമാനതാവള കൈമാറ്റം; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം വിമാനതാവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ലേലത്തിൽ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രിയുടേത്.സംസ്ഥാന സർക്കാർ കമ്പനിയേക്കാൾ കൂടുതൽ തുക കാണിച്ചതിനാൽ ആണ് ആദാനി ഗ്രൂപ്പിന് വിമാനതാവളം കൈമാറിയത്. 168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ലേല തുക. സംസ്ഥാന സർക്കാർ നിയന്ത്രത്തിലുള്ള കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്‍റ് കോർപ്പറേഷൻ 135 കോടിയാണ് മുന്നോട്ട് വച്ചിരുന്നത്. തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികൾ നടന്നത്. ലേലത്തിൽ പങ്കെടുത്ത സർക്കാർ കമ്പനിയുടെ പ്രൊപ്പോസൽ തയ്യാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജൻസിയാണെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു.

വിമാനതാവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തിൽ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനടക്കമുള്ളവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അല്ലാതെ അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടത്.

കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം എം.ഡി പരസ്യമായി പ്രതികരിച്ചതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനം പോലും ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയാത്ത കേരളാ സർക്കാർ വിമാനതാവള നടത്തിപ്പിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്നത് തീർത്തും അപഹാസ്യമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Back to top button
error: