കടയില്‍ പോയി വരാൻ വൈകി:എട്ടുവയസ്സുകാരന്റെ കാൽപാദങ്ങള്‍ പൊള്ളിച്ചു

കടയില്‍ നിന്നും സാധനങ്ങൾ വാങ്ങി വരാൻ താമസിച്ചതിന്റെ പേരിൽ എട്ടുവയസ്സുകാരന്റെ കാല്‍ പാദത്തിൽ തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച്ക്രൂര പീഡനം. സംഭവത്തില്‍ അരുൺ പ്രിൻസ് എന്ന ചെറുപ്പക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടിയുടെ ബന്ധുവാണ് എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. തൈക്കുടം ഉദയ റോഡില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അരുൺ പ്രിൻസിന്റെ ക്രൂരപീഡനത്തിന് ഇരയായത്. രണ്ട് കാൽപാദങ്ങളുടെ താഴെയും നന്നായി പൊള്ളിയ പാടുകൾ ഉണ്ട്. ഇതോടൊപ്പം കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ ഉണ്ട്.

അയൽക്കാർ കുട്ടിയുടെ വിവരം വാട്സാപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ ശരീരത്തിൽ കാണുന്ന മുറിവുകൾ എല്ലാം ഈ മാസം സംഭവിച്ചതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. കാല്‍ പാദത്തിലെ പൊള്ളലുകൾക്ക് ഒരാഴ്ച പഴക്കമുണ്ട്. കുട്ടിയുടെ വീട്ടിലെത്തിയ തൈക്കുടം ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൺ ആണ് മരട് പോലീസിന് കുട്ടിയുടെ വിവരം കൈമാറിയത്‌. പോലീസ് വീട്ടിലെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ അച്ചന്‍ ഒരു വർഷമായി കിടപ്പു രോഗിയാണ്. അമ്മ ജോലിക്ക് പോകുന്നില്ല. തനിക്ക് 21 വയസ്സായി എന്നു പറഞ്ഞ് പ്രിൻസ് ഈ കുടുംബത്തിലെ ഒരാളെ നാലുമാസം മുൻപ് വിവാഹം കഴിച്ചു. നിസാര കാര്യങ്ങള്‍ക്ക് പോലും പ്രിൻസ് ശാരീരികമായി ഉപദ്രവിക്കും എന്ന് കുട്ടി പൊലീസിനു മൊഴി നൽകി. ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം കുട്ടിയെ അച്ഛൻറെ സഹോദരൻറെ വീട്ടിലേക്ക് മാറ്റി.

Exit mobile version