LIFETRENDING

രാഹുൽ ദ്രാവിഡിനെ പത്തിലധികം തവണ പുറത്താക്കിയ ബൗളർ ഉണ്ടോ? ഉണ്ട്, മണ്മറഞ്ഞു പോയ ഉം ബ്രി -വി ദേവദാസ്

അന്തരിച്ച ആലപ്പുഴക്കാരൻ സുരേഷ് കുമാർ ഓൾറൗണ്ട് കളി കൊണ്ട് കേരള ക്രിക്കറ്റിൻ്റെ നെടുംതൂണായിരുന്നു .മറ്റൊരു സ്പിൻ ഓൾറൗണ്ടറും സുരേഷിനെപ്പോലെ കേരളത്തിന് വേണ്ടി വിജയമൊരുക്കിയില്ല .1990 ൽ അണ്ടർ-19 ഇന്ത്യൻ ടീമിൽ സാക്ഷാൽ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിൻ്റെ കീഴിൽ മികച്ച കളി പുറത്തെടുത്ത ഉം ബ്രി പിന്നീട് 12 കൊല്ലത്തോളം കേരളത്തിനും റെയിൽവേക്കും വേണ്ടി രൻജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണ _ മദ്ധ്യമേഖല ടീമിനും മികച്ച നിലയിൽ കളിച്ച് ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൻ്റെ പടിവാതിൽ വരെ എത്തി.പക്ഷെ ഈ സൗമ്യനായ ആലപ്പുഴക്കാരനെ പിന്തുണച്ച് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാൻ കെ സി എ പോലും ശ്രമിച്ചില്ല .ഈ അതുല്യ ഫിൽഡറും, ലെഫ്റ്റ് ആം ബൗളറും, ഇടത് അക്രമണ ബാറ്റ്സ്മാനുമായ സുരേഷ് അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫിൽഡറായിരുന്നു, റോബിൻ സിങ്ങ് , അസ്ഹറുദിൻ, യുവരാജ് സിംഗ് എന്നിവരെ പോലെ .

ഒരു ദേവ്ധർ മാച്ചിൽ സുരേഷ് ഉത്തരമേഖല ടീമിലെ 5 പേരെ റൺ ഔട്ടാക്കിയത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ജോണ്ടി റോഡ്സിനെ വെല്ലുന്ന ഫിൽഡിങ്ങ് ആയിരുന്നു സുരേഷിൻ്റെ സവിശേഷത എന്നിട്ടും രോഹൻ ഗാവസ്ക്കർ, സംഘ്വി ,നോയൽ ഡേവിഡ് എന്നീ ശരാശരി ഓൾറൗണ്ടർമാരെ ഉയർന്ന ശുപാർശ പ്രകാരം ഇന്ത്യൻ എകദിന – ടെസ്റ്റ് ടീമിൽ തിരുകി കയറ്റിയപ്പോൾ ബിസിസിഐ കോമാളികൾ നേർച്ച കോഴിയാക്കിയത് സുരേഷ് കുമാറെന്ന ആലപ്പുഴക്കാരനെയാണ്.1994 ൽ പാലക്കാട് വിക്ടോറിയ മൈതാനത്ത് രണ്ട് ഇന്നിങ്ങ്സിലുമായി 12 വിക്കറ്റെടുത്തു തമിഴ്നാടിനെ തകർത്ത് കേരളത്തിനെ രൺജീ ട്രോഫി ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിച്ച പ്രകടനം കേരള ക്രിക്കറ്റ് പ്രേമികൾക്ക്‌ എന്നും ആവേശത്തോടെ മാത്രമേ ഓർക്കാനാവു.

സാക്ഷാൽ രാഹുൽ ദ്രാവിഡിനെ 10 ലധികം തവണ അണ്ടർ 16, 19, 22 ലെവലിലും, രൺജീ ട്രോഫിയിലും പുറത്താക്കിയ ബൗളറായിരുന്നു ഉം ബ്രി എന്നറിയപ്പെട്ട സുരേഷ് കുമാർ ലോക ക്രിക്കറ്റിൽ തന്നെ 5 തവണ ദ്രാവിഡിനെ പുറത്താക്കിയ അന്താരാഷ്ട്ര ബൗളർമാരില്ലാത്തപ്പോഴാണ് 10 ലധികം തവണ ദ്രാവിഡിനെ സുരേഷ് പുറത്താക്കിയത് എന്നോർക്കണം.

തൻ്റെ ഇടം കൈയ്ക്ക് പിന്നിൽ ആം ബൗൾ എന്ന വജ്രായുധം ഒളിപ്പിച്ചാണ് സുരേഷ് പല വിക്കറ്റുകളും നേടിയത്.ബാറ്റിങ്ങിൽ വാലറ്റത്ത് ഏഴിലോ ഏട്ടിലോ വന്ന് കേരളത്തെ പല കളികളിലും രക്ഷിച്ചത് സുരേഷിൻ്റെ ആക്രമണ ബാറ്റിങ്ങായിരുന്നു. ഫിൽഡിങ്ങിൽ കേരള ജോണ്ടി റോഡ്സായിരുന്നു ഉം ബ്രി .ഒരു എൻ ഡിലുള്ള വിക്കറ്റ് നോക്കി മറ്റേ എൻഡിലുള്ള വിക്കറ്റ് എറിഞ്ഞ് വീഴ്ത്തി റണ്ണൗട്ടാക്കുന്ന ക്രിക്കറ്റ് ലോകത്തെ പ്രതിഭാതാരമായിരുന്നു സുരേഷ് കുമാർ പക്ഷെ ഭാഗ്യവും ഗോഡ്ഫാദേഴ്സും കൂടെയിലാതായി പോയി. ഇന്ത്യൻ എകദിന ടീമിലെത്താൻ സുരേഷ് കുമാറിന് 100 % അർഹത ഉണ്ടായിരുന്നു.അന്ന് ബ്രേക്ക് ത്രൂ കിട്ടിയിരുന്നെങ്കിൽ ഇന്ന് പാടി പുകഴ്ത്തുന്ന രവിന്ദ്ര ജഡേജയെപ്പോലെ സുരേഷിനെ വാഴ്ത്തുമായിരുന്നു അത്ര മാത്രം പ്രതിഭയുണ്ടായിരുന്നു ഉം ബ്രിക്ക്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷവും സുരേഷിനെ കേരള ക്രിക്കറ്റ് വേണ്ട വിധം ഉപയോഗിച്ചില്ല. ലോകത്തോട് വിട പറഞ്ഞെങ്കിലും ആലപ്പുഴക്ക് മാത്രമല്ല കേരള ക്രിക്കറ്റിന് പുതിയ മുഖം നൽകിയ ഉം ബ്രി എന്ന സുരേഷ് കുമാറിനെ കേരള ക്രിക്കറ്റ് പ്രേമികൾ എന്നുമോർക്കും,ക്രിക്കറ്റ് കളി തുടരുന്നത്തോളം .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: