അണക്കെട്ടുകളിൽ നിരീക്ഷണം ശക്തിപ്പെടുത്തി കെ എസ് ഇ ബി

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചുവെങ്കിലും കെ എസ് ഇ ബി യുടെ 18 ജല സംഭരണികളിലായി ആകെ 2079.2 എം സി എം ജലം മാത്രമാണ് നിലവിലുള്ളത്. ആകെ സംഭരണ ശേഷിയുടെ 58.9 ശതമാനം മാത്രമാണിത്. 18 ഡാമുകളുടെ ആകെയുള്ള സംഭരണ ശേഷി 3532.50എം സി എം ആണ്.

ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ 60.31ശതമാനം ജലവും ഇടമലയാറിൽ 53.91ശതമാനം ജലവുമാണ് ഉള്ളത്. കക്കിയിൽ സംഭരണശേഷിയുടെ 59.31ശതമാനം ജലമുണ്ട്, ഷോളയാറിൽ 72.09ശതമാനവും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നു വിട്ട മധ്യ നിര അണക്കെട്ടുകളായ പമ്പയും കക്കിയും അടച്ചു കഴിഞ്ഞു.

കെ എസ് ഇ ബി യുടെ വിദഗ്ധമായ ഡാം മാനേജ്മെന്റിന്റെ മികച്ച ഉദാഹരണമാണ് പമ്പയിൽ കണ്ടത്. ഡാം തുറന്നു വിട്ടിട്ടും പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നില്ല. ഡാം തുറന്നു വിട്ടതുകൊണ്ടു വെള്ളപ്പൊക്കം ഉണ്ടായതുമില്ല. പമ്പ ജല സംഭരണിയിൽ പരമാവധി ജലനിരപ്പ് എത്തുന്നതിനു മുമ്പേയാണ് ജലം തുറന്നു വിട്ടു ജലവിതാനം നിയന്ത്രിച്ചത്. ജലനിരപ്പ് ഉയർന്നപ്പോൾ അണക്കെട്ടിൽ വെള്ളം സംരക്ഷിച്ചു നിർത്തുകയും ജലനിരപ്പ് അപകടനില പിന്നിട്ടപ്പോൾ ചെറിയതോതിൽ ജലം തുറന്ന് വിടുകയുമാണ് ചെയ്തത്. പമ്പ നദിയിലെ കക്കി, പമ്പ എന്ന അണക്കെട്ടുകൾ ഉള്ളത് കൊണ്ടു മാത്രമാണ് പമ്പാനദിയിലെ പ്രളയം ഒരു പരിധിവരെ തടുത്തു നിറുത്താനായത് എന്നതും ശ്രദ്ധേയമാണ്.

കെ എസ് ഇ ബി യുടെ അണക്കെട്ടുകളിൽ ഡാം സുരക്ഷാ എൻജിനീയർമാരുടെ നടത്തുന്ന പൂർണ്ണ സമയ നിരീക്ഷണം ഇപ്പോഴും തുടരുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version