വയറ് നിറയെ ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി : 20 രൂപ മാത്രം, വയറും നിറയും കാശും ലാഭിക്കാം കുന്നുമ്മലെ ജനകീയ ഹോട്ടലില്‍

ജനകീയതയില്‍ തലയെടുപ്പോടെ ശ്രദ്ധേയമാവുകയാണ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍. കൊവിഡ് സമയത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഊണ് വിളമ്പിയത്. ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടൽ കൂടിയാണിത്.

പ്രതിദിനം 400 ലേറെ ആളുകളാണ് ഇപ്പോൾ ഇവിടുന്ന് ഭക്ഷണം കഴിക്കുന്നത്. 20 രൂപക്ക് ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി തുടങ്ങിയ വിഭവങ്ങളാണ് നല്‍കുന്നത്. വയറും നിറയും കാശും ലാഭിക്കാം എന്നതാണ് പ്രത്യേകത. പുറമെ മിതമായ നിരക്കില്‍ ചിക്കന്‍, ബീഫ്, വറുത്തമീന്‍, ഓംലെറ്റ് തുടങ്ങിയ സ്‌പെഷ്യല്‍ വിഭവങ്ങളും ഇവിടെ നിന്ന് ലഭിക്കും. പാര്‍സല്‍ ഊണിന് 25 രൂപ നൽകണം.

‘മണി പന്ത്രണ്ട് ആകുന്നതോടെ നല്ല തിരക്കാവും, മൂന്ന് മണിയാവുമ്പോഴേക്കും എല്ലാം കാലിയാകും…’ ജനകീയ ഹോട്ടലിനെക്കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലേഷ് പറയുന്നതിങ്ങനെ. കഴിക്കാനെത്തുന്ന കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഊണിനെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം:
‘നല്ല രുചി വിലയോ തുച്ഛം.’

പ്രബിഷ, പ്രീഷ, രജനി, ചന്ദ്രി, ഷൈനി എന്നീ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിനാവശ്യമായ സ്ഥലം പഞ്ചായത്ത് ഭരണാസമിതി വിട്ടുനല്‍കുകയായിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഉച്ചഭക്ഷണം ലഭിക്കാന്‍ തുടങ്ങിയതോടെ ഹോട്ടല്‍ അക്ഷരാർത്ഥത്തിൽ തന്നെ ജനകീയമായി മാറി. ഒപ്പം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു വരുമാനമാര്‍ഗവും. 2020 സെപ്റ്റംബര്‍ മാസത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. ഹോട്ടലിലെ തിരക്കും ഊണിനെക്കുറിച്ച് ആളുകളുടെ അഭിപ്രായവും കൂടി വന്നതോടെ 2021ല്‍ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ഹോട്ടലിന് സ്വന്തം കെട്ടിടം പണിയുകയും പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുമായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version