ഇൻഫോപാർക്കിലെ ഫ്ലാറ്റിലെ യുവാവിൻ്റെ ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി ഐ.ടി നഗരം, മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

കാക്കനാട് ഇടച്ചിറയിലെ 20 നിലകളുള്ള ഒക്സോണിയ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയത് അതിക്രൂരമായി. ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ടാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്.

സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

ഫ്ലാറ്റിൽ സജീവിന്‍റെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണാതായിട്ടുണ്ട്. അർഷാദിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്.

അംജദ്, ശ്യാം, വിഷ്ണു എന്നിവരാണ് സജീവിന്റെ ഫ്ലാറ്റിലെ മറ്റു താമസക്കാർ. ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് ഫ്ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സജീവിന്‍റെ ദേഹമാസകലം മുറിവുകളുണ്ടെന്ന് അയല്‍വാസി ജലീല്‍ പറഞ്ഞു. ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയാണ് മൃതദേഹം ഡക്റ്റിൽ തിരുകി കയറ്റിയത്. കാണാതായ ആൾ കൊലപാതകം നടത്തി കടന്നു കളഞ്ഞെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യം നിർവഹിച്ചു കടന്നുകളഞ്ഞെന്നു കരുതുന്ന യുവാവിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോൺ എന്നും സംശയമുണ്ട്.

ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താൻ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു. വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ, സഹോദരൻ: രാജീവ് കൃഷ്ണൻ.

കഴിഞ്ഞ ദിവസം നഗരത്തില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് മറ്റൊരു കൊലപാതകം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version