CrimeNEWS

വയോധികരായ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ആളില്ലാത്ത സമയത്ത് മോഷണം; രണ്ട് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

കൊച്ചി: എറണാകുളം കോതമംഗലത്ത് വയോധികരായ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ആളില്ലാത്ത സമയത്ത് മോഷണം. വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. വയോധികരായ ദമ്പതികള്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. പൊലീസ് അന്വേഷണം തുടങ്ങി. കോതമംഗലം വായനശാലപ്പടിയിലെ കെ പി ജേക്കബ്-എല്‍സി ജേക്കബ് ദമ്പതികളുടെ വീട്ടിലായിരുന്നു മോഷണം.

രണ്ട് ലക്ഷം രൂപയും രണ്ട് പവന്‍ തൂക്കമുള്ള രണ്ട് സ്വര്‍ണ വളകളുമാണ് കവര്‍ന്നത്. വയോധികരായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസം. ഇവര്‍ ആശുപത്രിയില്‍ പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. പിറ്റേ ദിവസം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.

വീടിന്റെ പുറകുവശത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാ മുറികളിലും കയറി മോഷ്ടാവ് അലമാരകളില്‍ നിന്ന് തുണികളും മറ്റും വലിച്ചു വാരിയിട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. വീട്ടുകാരുടെ നീക്കങ്ങള്‍ അറിയാവുന്ന ആരുടെയെങ്കിലും സഹായം മോഷ്ടാവിന് ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.

 

Back to top button
error: