KeralaNEWS

ഓർഡിനൻസ് വിവാദം: ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ, ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സര്‍ക്കാര്‍ അയച്ച 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒപ്പിടാതെ ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ നീക്കം. ചീഫ് സെക്രട്ടറി നേരിട്ട് ഗവര്‍ണറെ കണ്ടു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ നിലപാട് അറിയിച്ചില്ല. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും. സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് പ്രകടിപ്പിച്ചു. സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവര്‍ണ്ണര്‍ ഈ വിഷയത്തില്‍ ഉടക്കിട്ടത്.

സര്‍ക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍, 11 ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചുനില്‍ക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പരമ പ്രധാനം. പക്ഷെ ഓര്‍ഡിനന്‍സിന്റെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണ്ണര്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ ഒരു സൂചനയും നല്‍കുന്നില്ല. ഫലത്തില്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓര്‍ഡിനന്‍സ് അനിശ്ചിതത്വത്തിലായത്.

നേരത്തെ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ ഇത് വരെ പാസ്സാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്. ഇതിനിടെ വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഇതോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ഏറ്റുമുട്ടുന്നത്. ഇന്ന് ഓര്‍ഡിനന്‍സ് ലാപ്‌സാസായാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം. ഒരു തവണ തിരിച്ചയച്ച ഓര്‍ഡിനന്‍സ് വീണ്ടും സര്‍ക്കാര്‍ അയച്ചാല്‍ ഗവര്‍ണ്ണര്‍ക്ക് ഒപ്പിടാതെ പറ്റില്ല. പക്ഷെ ഇവിടെ ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. വിസി നിയമന ഓര്‍ഡിനന്‍സിലും സമാന നിലപാടാകും ഗവര്‍ണ്ണര്‍ സ്വീകരിക്കാന്‍ സാധ്യത. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാന്‍ 12ന് മാത്രേമ് തിരുവനന്തപുരത്ത് തിരിച്ചെത്തൂ.

 

Back to top button
error: