NEWS

ഒരു രാത്രി മുഴുവൻ ചാലക്കുടിക്കാരെ ‘എയറിൽ’ നിർത്തിയ മാധ്യമങ്ങൾ-ചാലക്കുടിക്കാരൻ സംഗീത് മൈക്കിൾ എഴുതുന്നു

വിടെ കൊടുത്തിരിക്കുന്ന ആദ്യത്തെ ചിത്രം ആർക്കെങ്കിലും ഓർമ്മയുണ്ടോ?
2018 പ്രളയത്തിന്റെ നൊമ്പരകാഴ്ചകളിൽ ഒന്നായി മാധ്യമങ്ങൾ ആഘോഷിച്ച ചിത്രങ്ങളിൽ ഒന്നാണിത്.
ഇരമ്പി വന്ന പ്രളയജലത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ  വീടിന്റെ ഉച്ചിയിൽ കയറി, പിടിച്ചു നിൽക്കാൻ ഒരു കച്ചി തുരുമ്പെങ്കിലും കിട്ടുമോന്നറിയാൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ..
പ്രളയ മുഖത്തിന്റെ ഒരു ഭീകര നേർക്കാഴ്ച.
കേരളം മുങ്ങുന്നു.
2018ലെ പ്രളയ കാലത്ത് കേരള മാധ്യമങ്ങൾ ഈ ചിത്രത്തോടൊപ്പം ആഘോഷിച്ച വാർത്തകളുടെ ചില തലക്കെട്ടുകൾ….
കേരള മാധ്യമങ്ങളുടെ വാർത്തകൾ പിന്നീട് നാഷണൽ ചാനലുകളും,പത്രങ്ങളും ഏറ്റെടുത്തു.
അതുക്കും മേലെ  ഇന്റർനാഷണൽ ചാനലുകൾ ഈ ചിത്രം  ഏറ്റെടുത്തതോടെ സംഗതി കളറായി.
പ്രളയ ഭീകര ദൃശ്യങ്ങളുടെ പതിവ് കാഴ്‌ച്ചകളിൽ ഒന്നായി മാറി ഈ ചിത്രം.
എന്നാൽ ആ  പ്രളയത്തിൽ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടുവോ? ആരെങ്കിലും ഈ മനുഷ്യനെ രക്ഷിച്ചുവോ?
 പ്രളയ വാർത്തകൾ കൊട്ടിഘോഷിച്ച മാധ്യമങ്ങൾ  പിന്നീട് ഈ മനുഷ്യനെപ്പറ്റിയൊ,
ഇയാളുടെ വീടിനെപ്പറ്റിയോ അന്വേക്ഷിച്ചില്ല.
അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റി ചോദിച്ചില്ല.
അത് അവിടെ നിൽക്കട്ടെ.
 ഇദ്ദേഹം എങ്ങനയാണ്  അപകടത്തിൽപ്പെട്ടത്?ആരാണ് അദ്ദേഹത്തെ രക്ഷിച്ചത് ?
ചില സത്യങ്ങൾ  പറയട്ടെ!
എന്റെ ഒരു സുഹൃത്തിന്റെ വൈഫിന്റെ ബന്ധുവാണ് കക്ഷി.അവരുടെ സ്വകാര്യതയെ മാനിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നില്ല.
ഫോട്ടോയിൽ കാണുന്നത് പോലെ  നിൽക്കുന്നത് പുള്ളിയുടെ വീടിന്റെ മുകളിൽ അല്ല.
അത് പാടത്തുള്ള ഒരു മോട്ടോർ ഷെഡ്ഡ്മാത്രമാണ്.
 വെള്ളത്താൽ  ചുറ്റപ്പെട്ട  പാടത്ത് സുഹ്രത്തുമൊത്ത് വഞ്ചിയിൽ പോയപ്പോൾ
 ഷെഡിന്റെ മുകളിൽ കയറി ഒരു രസത്തിന് ആ ഫോട്ടോ എടുത്തതാണ്. അല്ലാതെ ആൾ അപകടത്തിൽപ്പെട്ടിട്ടില്ല.
ആ എടുത്ത  ഫോട്ടോ ആരോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും, മാധ്യമങ്ങൾ ആ ഫോട്ടോ പ്രളയത്തിന്റെ ഭീകരമുഖമായി പെരുപ്പിച്ചു കാണിക്കുകയും പിന്നീട് അത് ഇന്റർനാഷണൽ പ്രാധാന്യം നേടിയ ഫോട്ടോ യായി മാറുകയും ചെയ്തു.
സത്യമറിയാതെ മാധ്യമങ്ങൾ പെരുപ്പിച്ചു വിടുന്ന ചില വാർത്തകൾക്ക് കിട്ടുന്ന പ്രാധാന്യം മനസ്സിലായല്ലോ?
പറഞ്ഞു വന്നത്,
ഇന്നലെ മുതൽ ചാലക്കുടിക്കാർ എയറിലായിരുന്നു.
2018 ലെ പ്രളയം ഏൽപ്പിച്ച ആഘാതത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഉള്ളതിനാൽ  ചാലക്കുടിക്കാർ മൊത്തം TV ക്ക് മുന്നിൽ കണ്ണും മിഴിച്ചിരുന്നു. ഏറിവരുന്ന മലവെള്ളത്തിന്റെ സെന്റീമീറ്റർ കണക്കുകൾ മിനിട്ടിന് മിനിട്ടിന് പുറത്ത് വിട്ട് ചാനലുകാർ ചാലക്കുടിക്കാരുടെ ചങ്കിടിപ്പ് കൂട്ടി.പോലീസും, ജനപ്രതിനിധികളും തെരുവിൽ ഇറങ്ങിപ്പോൾ ടൗണും പരിസരവും യുദ്ധ സമാനമായ അന്തരീക്ഷമായി.
ചാനൽ ചർച്ചകളിൽ ചാലക്കുടിയന്നെ പേര് മാത്രം മുഴങ്ങി കേട്ടു.
തത്സമയ വാർത്തകൾ കണ്ട് വിദേശത്തും,
കേരളത്തിന് അകത്തും പുറത്തുമുള്ളവരുടെ ഫോണ് വിളികൾ ചാലക്കുടിയിലെ പ്രിയപ്പെട്ടവരെ തേടി എത്തി.
പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയത്താൽ അവരുടെയും ഉറക്കം നഷ്ടപ്പെട്ടു.
ചാനലുകളുടെ റേറ്റിങ് കുത്തനെ ഉയർന്നു.
ഊണും ഉറക്കവും നഷ്ട്ടപ്പെട്ട ചാലക്കുടിക്കാർ പുഴയിലെ വെള്ളം ഉയരുന്നത് നോക്കി കണ്ണും മിഴിച്ചിരുന്നു.
എന്നിട്ട് എന്തായി ?
2019 ൽ പൊങ്ങിയ വെള്ളം പോലും വന്നില്ല.
മുന്കരുതലും,ജാഗ്രതയും വേണ്ടയെന്നല്ല…
ചാനലുകാർ ജനത്തെ ഇങ്ങനെ പേടിപ്പിച്ചു കൊല്ലാമോ?
ചാനലുകാരെ,
ഇപ്പോൾ മഴ ഒന്നടങ്ങിയ സ്‌ഥിതിക്ക് തൽക്കാലം 2 ദിവസം  അവധി എടുത്ത് ഇനി ഞായറാഴ്ച്ച  വരുന്ന നൂനമർദ്ത്തിന് കൊഴുപ്പ് കൂട്ടാൻ ഒരുങ്ങിക്കോ..
4 വർഷത്തിനുള്ളിൽ പ്രളയവും, വെള്ളപ്പൊക്കവും, രണ്ട് ചുഴലിക്കാറ്റും കണ്ടവർ ആണ് ചാലക്കുടിക്കാർ..
അത് മറക്കേണ്ട,
എന്ന്,
ഒരു പാവം ചാലക്കുടിക്കാരൻ.
(പറയുവാൻ വിട്ട് പോയി.രണ്ടാമത്തെ ഫോട്ടോ 2 ദിവസം മുൻപുള്ള മഴയിൽ ആദ്യ ഫോട്ടോ എടുത്ത അതേ സ്ഥലത്ത് നിന്നും എടുത്തതാണ്.)

Back to top button
error: