അംഗപരിമിതന് മുന്‍പില്‍ ‘അന്ധരായി’ അധികൃതര്‍; കുടുംബ പെന്‍ഷനുവേണ്ടി പ്രമോദ്കുമാര്‍ നെട്ടോട്ടത്തില്‍

എടത്വാ: കുടുംബ പെന്‍ഷനുവേണ്ടി നെട്ടോട്ടം. അംഗപരിമിതന് മുന്‍പില്‍ കണ്ണുതുറക്കാതെ അധികൃതര്‍. ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത തകഴി പഞ്ചായത്ത് കേളമംഗലം ശ്രീരംഗത്തില്‍ എസ്. പ്രമോദ്കുമാറാ(43)ണ് കുടുംബ പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ തോറും മുട്ടിലിഴയുന്നത്. രണ്ട് വര്‍ഷമായി പ്രമോദ് കയറിയിറങ്ങാത്ത ഓഫീസുകളില്ല.
2021 ജനുവരി 13ന് തിരുവനന്തപുരം അക്കൗണ്ട് ജനറല്‍ ഓഫീസില്‍ നിന്നും മഞ്ചേശ്വരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ മുഖേന പ്രമോദ് കുമാറിന് ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് രേഖകള്‍ അക്കൗണ്ട് ജനറല്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു.

പ്രമോദിന്റെ ദുരിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജി എം.ടി ജലജ റാണി ഇടപെട്ട് റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു. പെന്‍ഷന്‍ ലഭിക്കാതെ വന്നതോടെ അക്കൗണ്ട് ജനറല്‍ ഓഫീസിലേക്ക് ഫോണ്‍ മുഖേന ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പ്രമോദിന്റെ ആരോപണം. അറുപത് ശതമാനം അംഗപരിമിതനായ പ്രമോദ് മുട്ടിലിഴഞ്ഞാണ് ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് നീങ്ങുന്നത്. പൂര്‍ത്തിയാകാത്ത വീടിന് നിലവില്‍ മുറിയോട് ചേര്‍ന്ന് ശൗചാലയം വച്ച് നല്‍കിയത് സന്നദ്ധ പ്രവര്‍ത്തകരായിരുന്നു.

സ്‌കൂള്‍ അധ്യാപകനായിരുന്ന പിതാവ് വി. ശ്രീധരന്റെ മരണത്തെ തുടര്‍ന്ന് മാതാവ് കെ.സാവിത്രിക്ക് ലഭിച്ചിരുന്ന കുടുംബ പെന്‍ഷനില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ ജീവിച്ചിരുന്നത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് ഏക വരുമാനവും നിലച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയും ഒന്‍മ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരിയുടെ മകളും പ്രമോദിനൊപ്പമാണ് താമസിക്കുന്നത്. നിത്യചെലവിന് പോലും വകയില്ലാതെ വിഷമിക്കുന്ന പ്രമോദ് കുടുംബ പെന്‍ഷനു വേണ്ടി കാത്തിരിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version