KeralaNEWS

പ്ലസ് വണ്‍ പ്രവേശനത്തിന് മൂന്നുഘട്ടം, ഇനി മെറിറ്റിനു പ്രാധാന്യം, എല്ലാവര്‍ക്കും വീടിനടുത്ത് അഡ്മിഷന്‍ കിട്ടണമെന്നില്ലെന്നും മന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ഇത്തവണ മൂന്നുഘട്ടങ്ങള്‍ വേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം രണ്ടുഘട്ടമായിരുന്നു. ഇനി മെറിറ്റിനു പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും അലോട്ട്‌മെന്റ് പട്ടിക തയ്യാറാക്കാന്‍ മെറിറ്റ് മാര്‍ക്കും ബോണസ് പോയന്റും നല്‍കുന്ന രീതിയാണിപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നതിനാല്‍, എല്ലാവര്‍ക്കും വീടിനടുത്തുള്ള സ്‌കൂളില്‍ പ്രവേശനം കിട്ടണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ.എം. സച്ചിന്‍ദേവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സയന്‍സിനെക്കാള്‍ മാനവികവിഷയങ്ങളിലാണ് കുട്ടികള്‍ക്കു താത്പര്യമെന്നതാണ് പുതിയ പ്രവണത. സയന്‍സിന് 2,19,274, ഹ്യുമാനിറ്റീസിന് 87,148, കൊമേഴ്‌സിന് 1,25,659 സീറ്റുണ്ട്. വി.എച്ച്.എസ്.ഇ.ക്ക് 33,000, ഹയര്‍സെക്കന്‍ഡറിയില്‍ 1,83,085 (സര്‍ക്കാര്‍), എയ്ഡഡ്-1,92,630, അണ്‍ എയ്ഡഡ്-56,366 എന്നിങ്ങനെയും ഐ.ടി.ഐ.-61,429, പോളിടെക്നിക്-9,990 എന്നിങ്ങനെയാണ് കണക്ക്. ചില അധ്യാപകര്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാര്‍ഥികളെ ശത്രുക്കളായി കാണുകയും പരസ്യമായി പ്രതികരിക്കുകയും ചെയ്യുന്ന രീതിയുണ്ട്. അവരുടെ ഉപരിപഠനാവസരം സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് ബോണസ് പോയന്റിനായി വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞദിവസം അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിയെയും അധികാരപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷത്തെ ബോണസ് പോയന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

നീന്തല്‍പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ അച്ഛനും മകനും മുങ്ങിമരിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചക്കരക്കല്ലിലെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വ്യാജപ്രചാരണങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.

 

Back to top button
error: