KeralaNEWS

ബഫര്‍ സോണ്‍: കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്ന് മാര്‍ ക്ലീമിസ് ബാവ. കേരളത്തിലെ മലയോര മേഖലകളില്‍ ജീവിക്കുന്ന കര്‍ഷകര്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിലാണെന്നും ക്ലീമിസ് ബാവ പറഞ്ഞു.

കൃഷിയും കര്‍ഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടിയാണ്. വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്ഥകള്‍ ഉള്ള നമ്മുടെ നാട്ടില്‍ കൃഷിഭൂമികള്‍ തരിശാകുന്നതും കര്‍ഷകര്‍ കുടിയൊഴിപ്പിക്കപ്പെടുന്നതും ഏറെ ഖേദകരമാണ്.

കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്‌നാട്ടില്‍ കൃഷിയും കര്‍ഷകരും മുന്‍ഗണനയോടെ സംരക്ഷിക്കപ്പെടുമ്പോള്‍ ഇവിടെ മലയോര കര്‍ഷകരുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. നിയമസഭ സമ്മേളിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റകെട്ടായി നിന്ന് ഈ വിഷയത്തില്‍ പരിഹാരമാര്‍ഗ്ഗം കണ്ടെത്തണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായും ഗുണപരമായും ഇടപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

Back to top button
error: