IndiaNEWS

ടീസ്റ്റ സെതല്‍വാദിനെ മുംബൈയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് എ.ടി.എസ്.; അഹമ്മാദാബാദിലേക്ക് കൊണ്ടുപോയെന്ന് വിവരം

മുംബൈ: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ടീസ്റ്റയെ മുംബൈയിലെ വീട്ടിലെത്തിയാണ് സംഘം കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ സെതല്‍വാദിന്റെ മുംബൈയിലെ വീട്ടില്‍ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എന്‍ജിഒ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടീസ്റ്റയെ തേടി ഗുജറാത്ത് എടിഎസ് എത്തിയത്. ഞാന്‍ വിധി വളരെ ശ്രദ്ധയോടെ വായിച്ചു. വിധിയില്‍ ടീസ്റ്റ സെതല്‍വാദിന്റെ പേര് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവര്‍ നടത്തുന്ന എന്‍ജിഒ, എന്‍ജിഒയുടെ പേര് എനിക്ക് ഓര്‍മയില്ല, കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പോലീസിന് നല്‍കിയിരുന്നു എന്നുമായിരുന്നു അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞത്.

കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെന്നും, അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും ടീസ്റ്റയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ഐപിസി സെക്ഷന്‍ 468- വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിക്കല്‍, എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ എന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ വീട്ടില്‍ ഗുജറാത്ത് പൊലീസ് എത്തിയതായി ഭര്‍ത്താവ് ജാവേദ് ആനന്ദ് നേരത്തെ പറഞ്ഞിരുന്നു. വ്യാജ രേഖ ചമച്ചതിന് ടീസ്റ്റയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായും ടീസ്റ്റയെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുമാണ് പൊലീസ് എത്തിയതെന്ന് ജാവേദ് പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: