KeralaNEWS

തൊഴിൽ വാഗ്ദാനം ചെയ്ത് കോടികൾ തട്ടുന്ന വിരുതന്മാർനാട്ടിൽ വിലസുന്നു. മിനിയാന്ന് തിരൂരിൽ അമീർ, ഇന്നലെ കണ്ണൂരിൽ ബിൻഷ തോമസും പയ്യോളിയിൽ ശരത് മോഹനും

   സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജോലി വാഗ്ദാനമടക്കം നൽകി തട്ടിപ്പ് നടത്തിയ വ്യക്തി കൊച്ചിയിൽ പയ്യോളി പൊലീസിന്റെ പിടിയിലായി. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ചാലില്‍ വീട്ടില്‍ ശരത് മോഹന്‍ (39) ആണ് പിടിയിലായത്. പയ്യോളി കൂടാതെ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്, ഏറ്റുമാനൂര്‍, എറണാകുളം ഗാന്ധി നഗര്‍, കണ്ണൂർ മയ്യില്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു.

ഇത സമയം റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ യുവതിയെ അറസ്റ്റു ചെയ്തു. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

മിനിയാന്ന് തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത അമീർ ദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ തട്ടിയത്. തിരൂർ , നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നൽകാതെ അമീർ ഒളിവിൽ പോയി . തിരൂർ സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവെയാണ്  പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയിൽ തലക്കടത്തൂരിൽ വെച്ച് പൊലീസ് പിടി കൂടിയത് .

ഹൈക്കോടതി അസി. തസ്തികയില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നൽകി യാണ് ശരത് മോഹൻ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൻമാരുമായും ഉദ്യോഗസ്ഥരുമായും സുഹൃദ്ബന്ധം പുലർത്തിയാണ് ശരത് മോഹൻ തട്ടിപ്പ് നടത്തുന്നത്. 2013ല്‍ മാഹി മദ്യം കൈവശംവെച്ച കേസിലാണ് പയ്യോളി പൊലീസ് കൊച്ചിയിൽ പ്രതിയെ പിടികൂടിയത്. മദ്യം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം തുടർന്ന് കോടതിയിൽ ഹാജരാകാതെ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് ഇയാളെ കൊച്ചിയിലെത്തി അറസ്റ്റ്ചെയ്തത്.

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ബിൻഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാൻ സഹായിക്കാമെന്നും പറഞ്ഞാണ് പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ബിൻഷ തോമസ് അറസ്റ്റിലായത്. ഇവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായും വ്യക്തമായതായി പൊലീസ് പറഞ്ഞു. സ്ത്രീകളാണ് കൂടുതലും തട്ടിപ്പിനിരയായത്.

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ
തലക്കടത്തൂർ സ്വദേശി അമീർ
തമിഴ്നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ്  പണം തട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു . ഇത്തരത്തിൽ വേറെ ആളുകളിൽനിന്ന് കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടോയെന്ന് വിപുലമായി അന്വേഷണം നടത്തുമെന്നും കൂട്ടുപ്രതികളെ ഉടൻ കണ്ടത്തുമെന്നും പൊലീസ് അറിയിച്ചു .

Back to top button
error: