പൂവാറില്‍ റിസോര്‍ട്ട് കതകിന്റെ കുറ്റി ഇളക്കിവച്ച് ബലാത്സംഗം: പ്രതികള്‍ കുറ്റക്കാര്‍

നെയ്യാറ്റിന്‍കര: റിസോര്‍ട്ടില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പൂവാറിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അസം സ്വദേശികളുമായ ലോക്കിനാഥ്(29), പ്രസോനാഗം(31) എന്നിവര്‍ കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തിയത്. ജാമ്യം നില്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ഒരുഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല.

റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ബെംഗളൂരുവില്‍ നിന്നെത്തിയ ബഹുരാഷ്ട്ര കമ്പനിയിലെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പ്രതികള്‍ ബലാല്‍സംഗത്തിനിരയാക്കിയത്. റിസോട്ടിലെ മുറിയുടെ കതകിന്റെ വിജാഗിരി നേരത്തേ ഇളക്കിവച്ച ശേഷം ഇതുവഴി മുറിയിലെത്തിയ പ്രതികള്‍ അതിക്രമം നടത്തുകയായിരുന്നു. 2013 നവംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒന്നാം പ്രതിയുടെ കൈയ്യില്‍ കെട്ടിയിരുന്ന ചെയിന്‍ ഇളകി കിടക്കയില്‍ വീണുകിടന്നിരുന്നു. പൂവാര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുമ്പോഴാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് റിസോര്‍ട്ടിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൈ ചെയ്ന്‍ ലോക്കിനാഥിന്റേതാണെന്ന് കണ്ടെത്തിയത്.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രശ്മി സദാനന്ദനാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. ഈ മാസം 18-ന് ഇരുവരുടെയും ശിക്ഷ വിധിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version