KeralaNEWS

ഇടുക്കിയില്‍ 10-ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍; യു.ഡി.എഫ്. ഹര്‍ത്താല്‍16-ന്

ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യം

തൊടുപുഴ: പരിസ്ഥിതിലോല മേഖല പ്രശ്നത്തില്‍ ഇടുക്കി ജില്ലയില്‍ ജൂണ്‍ 10-ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 16-ന് യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവിനെതിരെ നാളെ വൈകിട്ട് നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കെ കെ ശിവരാമന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെടുന്നു.

സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പരിശോധിക്കാന്‍ വനം, പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമ ഉത്തരവിനെച്ചൊല്ലി സുപ്രീംകോടതിയില്‍ത്തന്നെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതടക്കം ചര്‍ച്ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്ത വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്നത്. എന്നാല്‍ ഈ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ സമീപനമാണെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഉത്തരവ് മന്ത്രാലയത്തിന്റെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഇതില്‍ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരാമവധി സംസ്ഥാനങ്ങള്‍ക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയില്‍ നിന്നും നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. അന്തിമഉത്തരവില്‍ പുനപരിശോധന ഹര്‍ജി കേന്ദ്രം നേരിട്ടു നല്‍കുന്ന കാര്യവും പരിഗണനയിലാണ്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതില്‍ വലിയ വെല്ലുവിളിയുണ്ടെന്നാണ വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തല്‍. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ദില്ലി, ഭുവനേശ്വര്‍ അടക്കം നഗരങ്ങളുടെ തുടര്‍വികസനത്തെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം കേരളത്തിലെ ആശങ്ക സംബന്ധിച്ച് രേഖാമൂലം അറിയിപ്പൊന്നും സര്‍ക്കാര്‍ തലത്തില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നിയമപരമായി നേരിടാന്‍ കേരളം

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.

പരിസ്ഥിതിലോല ഉത്തരവ് മറികടക്കാന്‍ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുളള അവലോകന യോഗത്തിനു ശേഷം മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. വനസംരക്ഷണത്തിനായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രം പൂര്‍ണമായി ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.

 

Back to top button
error: