NEWS

കെ എസ് ഇ ബിക്ക് പുതിയ ഡയറക്ടര്‍മാര്‍; വകുപ്പുകളിലും മാറ്റം

കെ എസ് ഇ ബിക്ക് പുതിയ ഡയറക്ടര്‍മാർ.ചീഫ് എന്‍ജിനീയര്‍‍മാരായിരുന്ന ഡോ. എസ്.ആര്‍. ആനന്ദ്, സി. സുരേഷ് കുമാര്‍ എന്നിവരെ കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍മാരായി നിയമിച്ചു. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംങ് & സേഫ്റ്റിയുടെ ചുമതല ഡോ. ആനന്ദിനും വിതരണവും സപ്ലൈ ചെയിന്‍ മാനേജ്മെന്റിന്റെ ചുമതല സുരേഷ് കുമാറിനുമാണ്.

നിലവിലെ ഡയറക്ടര്‍‍മാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്. വി.ആര്‍. ഹരി ഐ.ആര്‍‍.എസ്.ന് ഫിനാന്‍‍‍സ്, ഐ.ടി., എച്ച്.ആര്‍‍.എം., ആര്‍.‍ സുകുവിന് റിന്യൂവബിള്‍‍ എനര്‍‍ജി & എനര്‍‍ജി സേവിംങ്സ്, സൌര, നിലാവ് പദ്ധതി, സ്പോര്‍‍‍ട്സ് & വെല്‍‍‍ഫെയര്‍, ജി. രാധാകൃഷ്ണന് ജനറേഷന്‍‍ സിവില്‍, സിജി ജോസിന് ജനറേഷന്‍ ഇലക്ട്രിക്കല്‍ ചുമതലകളാണ് നല്‍കിയിട്ടുള്ളത്.

1990-ല്‍ ബോര്‍ഡ് സര്‍‍വ്വീസില്‍ പ്രവേശിച്ച ഡോ. എസ്.ആര്‍. ആനന്ദ് വിവിധ തസ്തികകളിലായി 32 വര്‍ഷത്തെ സേവനം പൂര്‍‍ത്തിയാക്കി. ചീഫ് എന്‍ജിനീയര്‍, സിസ്റ്റം ഓപ്പറേഷന്‍‍ ആയി വിരമിച്ച ഇദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങള്‍‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍‍‍ സ്വദേശിയാണ്. ബി.എസ്.എന്‍‍.എല്‍ അസിസ്റ്റന്റ് ജനറല്‍‍ മാനേജര്‍ പി.പി. ദീപയാണ് ഭാര്യ.

ഐ.ടി. സി.ആര്‍‍ & കാപ്സ് വിഭാഗം ചീഫ് എന്‍‍ജിനീയറായി വിരമിച്ച സി. സുരേഷ് കുമാര്‍ ബോര്‍‍ഡില്‍‍ വിവിധ തസ്തികകളില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്പാദന പ്രസരണ വിതരണ മേഖലകളില്‍‍ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം ഐ.ടി. പ്രോജക്റ്റുകള്‍‍‍ നടപ്പാക്കുന്നതിലും ഗ്രാമനഗരങ്ങളിലെ വിതരണ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.വര്‍ക്കല സ്വദേശിയാണ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍‍ അധ്യാപികയായ എസ്. സുജിതയാണ് ഭാര്യ.

 

 

ഒഴിവുവന്ന പത്ത് വകുപ്പുകള്‍‍ക്ക് പുതിയ തലവന്‍‍മാരെ ഉടന്‍ നിയമിയ്ക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

Back to top button
error: