MovieNEWS

സിനിമയെ വെല്ലുന്ന അതിജീവന കഥകളുമായി ‘ജിബൂട്ടി’

ഒരു സര്‍വൈവല്‍ സ്‌റ്റോറിയാണ് ജിബൂട്ടി. ഡിസംബര്‍ 10 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്ന ജിബൂട്ടിക്ക് പക്ഷേ ആ സിനിമയെ വെല്ലുന്ന അതിജീവന കഥകളാണ് പറയാനുള്ളത്. 2020 ജനുവരി 21 നാണ് ജിബൂട്ടിയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. കേരളത്തില്‍ വാഗമണും മൂന്നാറുമായിരുന്നു ലൊക്കേഷന്‍. അവിടുന്ന് ജിബൂട്ടിയിലേയ്ക്ക് പറന്നത് മാര്‍ച്ച് ആദ്യവും. 5-ാംതീയതി ഷൂട്ടിംഗ് ആരംഭിച്ചു. മാര്‍ച്ച് അവസാനത്തോടെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ലോകം മുഴുവനും നിശ്ചലമായി. അപ്പോഴും ജിബൂട്ടിയുടെ ഷൂട്ടിംഗ് മുടക്കമില്ലാതെ നടന്നു. അവിടുത്തെ ഭരണകൂടം എല്ലാ അര്‍ത്ഥത്തിലും സിനിമാപ്രവര്‍ത്തകരോട് സഹകരിച്ചു.

ഒരു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ജിബൂട്ടി. സോമാലിയയ്ക്കും എത്യോപ്യയയ്ക്കുമിടയിലുള്ള ഒരു സ്വതന്ത്രരാജ്യം. പഴയ ഫ്രഞ്ച് കോളനിയായിരുന്നു. ജിബൂട്ടിയിലെ നിയമങ്ങള്‍ വളരെ കര്‍ക്കശവും പഴുതുകളില്ലാത്തതുമാണ്. പെട്ടുപോയാല്‍ ജയില്‍വാസം ഉറപ്പ്. അങ്ങനെയൊരു രാജ്യത്തിന്റെ നിയമസംവിധാനങ്ങളില്‍നിന്ന് മലയാളികളായ ചിലര്‍ രക്ഷപ്പെട്ട് ഇന്ത്യയിലേയ്‌ക്കെത്താന്‍ നടത്തുന്ന ശ്രമകരമായ ദൗത്യങ്ങളാണ് ജിബൂട്ടിയുടെ പ്രമേയം. അത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി പി. സാം ജിബൂട്ടിയില്‍ ബിസിനസ് നടത്തുന്ന ആളാണ്. അദ്ദേഹം പറഞ്ഞ കഥയാണ്, ജിബൂട്ടിയുടെ പിറവിക്ക് കാരണമായത്. ജോബിയുടെ ക്ലാസ്‌മേറ്റാണ് സംവിധായകന്‍ എസ്.ജെ. സിനു. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകനാണ് അദ്ദേഹം. സിനുവിനോട് പറഞ്ഞ കഥ അദ്ദേഹം വികസിപ്പിച്ച് ജിബൂട്ടിക്ക് ഇണങ്ങുന്ന തിരക്കഥയാക്കി മാറ്റി. അഫ്‌സല്‍ അബ്ദുള്‍ ലത്തീഫും തിരക്കഥാപങ്കാളിയായി.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടുകളെല്ലാം അടച്ചു. അതോടെ ഷൂട്ടിംഗ് അവസാനിച്ചിട്ടും താരങ്ങളടക്കം എഴുപതോളം പേര്‍ക്ക് ജിബൂട്ടിയില്‍ തങ്ങേണ്ടിവന്നു. ഏതാണ്ട് അറുപത് ദിവസത്തോളം. താരങ്ങളായ അമിത് ചക്കാലയ്ക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, അഞ്ജലി, ആതിര, രോഹിത് മക്ബു തുടങ്ങിയവരടക്കം അവിടെ പെട്ടു. ഇന്ത്യയില്‍നിന്ന് നേരിട്ട് ഫ്‌ളൈറ്റുകളൊന്നും ജിബൂട്ടിയിലേയ്ക്ക് ഉണ്ടായിരുന്നില്ല. എത്യോപ്യ അല്ലെങ്കില്‍ ദുബായ് വഴിയാണ് കണക്ഷന്‍. സുരേഷ്‌ഗോപി എം.പി. വഴി വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ആ നിലയ്ക്ക് പരാജയപ്പെട്ടു. ഒടുവില്‍ കോവിഡിന്റെ ഭീതി ഒന്നൊഴിഞ്ഞതോടെ നിര്‍മ്മാതാവ് നേരിട്ട് ചാറ്റേര്‍ഡ് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുകയായിരുന്നു.

അന്ന് ആദ്യമായി എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് ജിബൂട്ടിയില്‍ വന്നിറങ്ങി. 80 ലക്ഷം രൂപയായിരുന്നു ചാറ്റേര്‍ഡ് ഫ്‌ളൈറ്റിന് മാത്രം ചെലവായത്. അങ്ങനെ ജിബൂട്ടിയുടെ 70 അംഗ സംഘം ഇന്ത്യയില്‍ ലാന്റ് ചെയ്തു. അതിജീവനകഥ പറയുന്ന ജീബൂട്ടിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അതിനേക്കാള്‍ അസാധാരണമായ ഭീകരാവസ്ഥ നേരിടേണ്ടിവന്ന ഞെട്ടലില്‍നിന്ന് ഇനിയും വിമുക്തരായില്ല. എങ്കിലും ചിത്രം അതിഗംഭീരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അവര്‍.

ടീസറിനടക്കം ഗംഭീര വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഫ്രഞ്ച് എന്നീ ഭാഷകളിലേയ്ക്കും ജിബൂട്ടി ഡബ്ബ് ചെയ്യുന്നുണ്ട്. സിംലയില്‍ നിന്നുള്ള ഷഗുണ്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക. അവരുടെ ആദ്യ ചലച്ചിത്രസംരംഭംകൂടിയാണ് ജിബൂട്ടി. ഓഡിഷനിലൂടെയാണ് അവര്‍ ജിബൂട്ടിയിലേയ്ക്ക് എത്തുന്നത്. ടി.ഡി. ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂരാണ്.

Back to top button
error: