KeralaNEWS

മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ രണ്ട് സിനിമകളിൽ; നിര്‍മ്മാനം മമ്മൂട്ടിയുടെ സ്വന്തം കമ്പനി…?

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രത്തിന്‍റെ നിര്‍മ്മാണവും മമ്മൂട്ടിയാണ്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനര്‍ നിലവില്‍ വരും. ചിത്രീകരണം പുരോഗമിക്കുന്ന 'പുഴു' പൂര്‍ത്തിയാക്കിയതിനുശേഷം മമ്മൂട്ടി ലിജോയുടെ ഫീച്ചര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം വരുന്നു എന്ന് വാർത്ത. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലാണ് ഈ കൂട്ടുകെട്ട് എത്തുക. എന്നാല്‍ ഇത് കൂടാതെ മറ്റൊരു ഫീച്ചര്‍ ചിത്രത്തിനുവേണ്ടിയും മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നുവെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്‍തു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രത്തിന്‍റെ നിര്‍മ്മാണവും മമ്മൂട്ടിയാണ് നിര്‍വ്വഹിക്കുകയെന്നും ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനര്‍ നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പ്ലേ ഹൗസ്’ എന്ന ബാനറില്‍ മമ്മൂട്ടി നേരത്തെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്‍തിട്ടുണ്ട്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന രതീന ഷര്‍ഷാദിന്‍റെ ‘പുഴു’ പൂര്‍ത്തിയാക്കിയതിനുശേഷം മമ്മൂട്ടി ലിജോയുടെ ഫീച്ചര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോർത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍ എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. എംടിയുടെ ‘ശിലാലിഖിതം’ എന്ന കഥയാണ് പ്രിയദര്‍ശന്‍ സ്ക്രീനില്‍ എത്തിക്കുന്നത്. ബിജു മേനോന്‍ ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എം.ടിയുടെ ‘അഭയം തേടി’ എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് നായകന്‍. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം. കഥ എന്നതിനേക്കാള്‍ അമൂര്‍ത്തമായ ഒരു ആശയത്തില്‍ നിന്നാണ് ഈ ചിത്രം സൃഷ്‍ടിച്ചെടുക്കേണ്ടതെന്നും അത് വെല്ലുവിളി സൃഷ്‍ടിക്കുന്ന ഒന്നാണെന്നും സന്തോഷ് ശിവന്‍ പറയുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആണ് നായകന്‍.

‘പുഴു’ കൂടാതെ അമല്‍ നീരദ് ഒരുക്കുന്ന ‘ഭീഷ്‍മ പര്‍വ്വം’, സിബിഐ സിരീസിലെ അഞ്ചാം ചിത്രം, ‘കെട്ട്യോളാണ് എന്‍റെ മാലാഖ’സംവിധായകന്‍ നിസാം ബഷീറിന്‍റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ‘ഏജന്‍റി’ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker