NEWSWorld

നീന്തും, ഉരുളും, തിരിയും; ശരീരത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് തയാറെടുത്ത് സൂപ്പര്‍ ഇത്തിരിക്കുഞ്ഞന്‍

ന്യൂയോര്‍ക്ക്: ചികിത്സാരംഗത്തു വന്‍ മുന്നേറ്റമാകുന്ന കണ്ടുപിടുത്തവുമായി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. ശരീരാവയവങ്ങളില്‍ മരുന്നെത്തിക്കാന്‍ സഹായിക്കുന്ന ഇത്തിരിക്കുഞ്ഞന്‍ റൊബോട്ടാണ് ഇവരുടെ പുത്തന്‍ കണ്ടുപിടുത്തം. കാന്തത്തിന്റെ സഹായത്താല്‍ ശരീരത്തിലൂടെ നീന്തിയും ഉരുണ്ടും തിരിഞ്ഞും സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ഇത്തിരിക്കുഞ്ഞര്‍ റൊബോട്ടിനെ ഗവേഷകര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 7.8 മില്ലീമീറ്ററാണു റൊബോട്ടിന്‍െ്‌റ വീതി.

ശരീരത്തിലെ ട്യൂമര്‍, രക്തംകട്ടപിടിച്ച മേഖലകള്‍, വേദന കൂടിയ ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതിനെ ഉപയോഗിക്കാമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ”മില്ലിറൊബോട്ട്” എന്നാണു വിളിപ്പേര്.

ആന്തരികാവയവങ്ങള്‍ക്കു പരുക്കുണ്ടാകാതെ ശരീരത്തിനുള്ളിലൂടെ സഞ്ചരിക്കാന്‍ റൊബോട്ടിനാകും. രക്തത്തിലൂടെ നീന്താനും ചുളിവുള്ള പ്രതലത്തിലൂടെ തെന്നിനീങ്ങാനും ഇവയ്ക്കാകും. കൃത്യമായ അളവില്‍ മരുന്നുകള്‍ അവയവങ്ങളിലെത്തിക്കാന്‍ ഇവയ്ക്കു കഴിയുമെന്നു ഗവേഷണ സംഘാംഗമായ ഡോ. റിനി ഷാവോ പറഞ്ഞു. കാന്തത്തിന്റെ സഹായത്തോടെയാകും റൊബോട്ടിന്റെ സഞ്ചാരദിശ തീരുമാനിക്കുക.

ഇപ്പോള്‍ റൊബോട്ടിനെ മൃഗങ്ങളിലാണു പരീക്ഷക്കുന്നത്. ഇതില്‍നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഇതിനുശേഷമേ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങൂ. റൊബോട്ടിന്റെ വലിപ്പം ഇനിയും കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതില്‍ ക്യാമറ ഘടിപ്പിക്കാനും പദ്ധതിയുണ്ടെന്നു ഡോ. ഷാവോ പറഞ്ഞു.

Back to top button
error: