NewsThen Special

“സുഭാഷ് ചന്ദ്രബോസിനെ വെടിവച്ചു കൊന്നുവെന്ന് ആ ജപ്പാന്‍ സൈനികർ ഞങ്ങളോടു പറഞ്ഞു…”

മൈനുകൾ കുഴിച്ചിട്ട,ബോംബുപൊട്ടുന്ന, പീരങ്കികൾ ഗർജ്ജിക്കുന്ന വഴികളിലൂടെയാണ് യാത്ര

രണ്ടാം ലോകമഹായുദ്ധകാലത്തെ ഓര്‍മകളുമായി ജീവിക്കുന്ന കെ.കെ ചന്ദ്രൻ എന്ന പട്ടാളക്കാരൻ മനസിലൂടെ ഒരു മടക്കയാത്ര നടത്തുകയാണ്:

“ഞങ്ങൾ ചെല്ലുമ്പോൾ പിയീൻമന നഗരത്തിലെ റെയിൽവേ സ്റ്റേഷൻ ബോംബ് ആക്രമണത്തിൽ തകർന്നു കിടക്കുന്നു. എതിർവശത്തെ തോട്ടത്തിൽനിന്നു നാലു ജപ്പാൻ സൈനികരെ പിടികൂടി. അതിൽ ഒരാൾക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. നെഞ്ചിലെ ബാഡ്ജുകൾ കണ്ടപ്പോൾ ഉയർന്ന റാങ്കിലുള്ളയാളാണെന്നു മനസിലായി. അയാളെ ചോദ്യം ചെയ്യുന്നതിനിടെ സുഭാഷ് ചന്ദ്രബോസ് എവിടെയാണെന്നു ചോദിച്ചു. ടോയ്ഹോക്ക്യുവിൽ വച്ചു പിടികൂടി വെടിവച്ചു കൊന്നുവെന്ന് ആ ജപ്പാൻ പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞു…”
പൂളാടിക്കുന്നിലെ ‘ലീലഗിരി’ വീട്ടിലിരുന്ന് കെ.കെ. ചന്ദ്രൻ സംസാരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടിഷ് പട്ടാളത്തിൽ ചേർന്ന് ബർമയിൽ ജപ്പാനെതിരെ യുദ്ധം ചെയ്തയാളാണ് ചന്ദ്രന്‍.

1925ൽ ജനിച്ച ചന്ദ്രന് കഴിഞ്ഞ ചൊവ്വാഴ്ച 96 വയസ്സ് പൂർത്തിയായി. എട്ടാംക്ലാസ് പാസായതോടെ പഠനം മുടങ്ങി. അക്കാലത്ത് പണം മുടക്കാൻ വീട്ടുകാർക്കു താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് ബന്ധുവായ പറമ്പത്ത് ചേക്കൂട്ടിനായരുടെ ഷാപ്പിലെ കണക്കെഴുത്തുകാരനായി. സിദ്ധൻമുതലാളിയെന്നാണ് ചേക്കൂട്ടിനായർ അറിയപ്പെട്ടിരുന്നത്.

നഗരത്തിന്റെ പല ഭാഗങ്ങളിൽ നാലു ഷാപ്പുകളുണ്ടായിരുന്നു മുതലാളിക്ക്. കല്ലായിയിലെ ഒന്നാംനമ്പർ ഷാപ്പിൽ 24 മണിക്കൂറും തിരക്കാണ്. പണമിങ്ങനെ മേശമേൽ കുമിഞ്ഞുകൂടും.

രാപ്പകലില്ലാതെ പണിയെടുത്ത് കുറച്ച് പണമുണ്ടാക്കിയെങ്കിലും കാലിന് അസുഖമായി. അങ്ങനെ വീട്ടിലേയ്ക്കു തിരിച്ചു പോന്നു.1940 കാലഘട്ടമാണ്.

വീട്ടിൽ വിശ്രമിക്കുന്നതിനിടെ മരുന്നുവാങ്ങാൻ ഒരുദിവസം മാനാഞ്ചിറയിലേക്കു തിരിച്ചു. ഇന്നത്തെ ബി.ഇ.എം സ്കൂളിനടുത്താണ് ഡിസ്പെൻസറി. മരുന്നുവാങ്ങി ചന്ദ്രൻ പുറത്തിറങ്ങി. മാനാഞ്ചിറയ്ക്കു സമീപം ഇന്നത്തെ കമ്മിഷണർ ഓഫിസ് സ്ഥിതിചെയ്യുന്നിടത്തായിരുന്നു അന്ന് ഡി.എസ്.പി ഓഫിസ്.
ഗെയിറ്റിനു പുറത്ത് ‘നല്ല ജോലി, നല്ല ശമ്പളം, നല്ല ഭക്ഷണം, നല്ല ജീവിതം’ എന്നൊക്കെ വിരലിലെണ്ണി വിളിച്ചുപറഞ്ഞു കൊണ്ട് ബാലൻനായർ എന്നയാൾ യുവാക്കളെ അകത്തേക്കു കയറ്റി വിടുന്നു. കോമ്പൗണ്ടിനുള്ളിലെ മൈതാനത്ത് പട്ടാള റിക്രൂട്ട്മെന്റ് നടക്കുകയാണ്.

ആകാംക്ഷയോടെ ചന്ദ്രനും അകത്തെത്തി. റിക്രൂട്ടിങ്ങ് ഓഫിസർ കൃഷ്ണപ്പണിക്കർ ഇംഗ്ലീഷിലുള്ള പാരഗ്രാഫ് വായിക്കാൻ പറഞ്ഞു. അക്കാലത്തെ അത്യാവശ്യവിദ്യാഭ്യാസമുള്ള ചന്ദ്രൻ എളുപ്പത്തിൽ അതുവായിച്ചു. കണക്കു പരീക്ഷയിലും പാസായി. അടുത്ത ദിവസമാണ് ശാരീരിക പരിശോധന. 16 വയസു തികയാത്ത ചന്ദ്രനോട് കുറച്ചുകൂടി ശരീരഭാരം വേണമെന്ന് റിക്രൂട്ടിംഗ് ഓഫീസർ ഉപദേശിച്ചു.

തിരിച്ചുവീട്ടിലെത്തി. പട്ടാള റിക്രൂട്ട്മെൻ്റിൽ പാസായ കാര്യം ആരോടുംപറഞ്ഞില്ല. അൽപംകൂടി ഭാരം വയ്ക്കാൻ അന്നുരാത്രി പുഴുങ്ങിയ മുട്ടയും പഴവും കഴിച്ചു. ഭരണിക്കകത്ത് ചിരട്ടയിൽ കടല നനച്ചുവച്ചു. രാവിലെ കടല മുളപൊട്ടി. ആ കടലയും കഴിച്ചാണ് ചന്ദ്രൻ ശാരീരിക പരിശീലനത്തിനു പോയത്. അവിടെയും പാസായതോടെ ചന്ദ്രനെയും പട്ടാളത്തിലെടുത്തു. അങ്ങനെ വീട്ടുകാരറിയാതെ ചന്ദ്രൻ പട്ടാളക്കാരനായി.
തിരഞ്ഞെടുക്കപ്പെട്ടവരെ ബാലൻനായരോടൊപ്പം റോന്ത് ചുറ്റാൻ പുറത്തേയ്ക്കു വിട്ടു.
മാനാഞ്ചിറ അക്കാലത്ത് തുറസ്സായൊരു മൈതാനമാണ്. നേരെ മുറിച്ചുകടന്നാൽ ലക്കി ഹോട്ടലിനു മുന്നിലെത്തും. ഉച്ച സമയമായതിനാൽ ലക്കി ഹോട്ടലിൽനിന്ന് അവർ ഊണു വാങ്ങിക്കൊടുത്തു. അങ്ങനെ പട്ടാളജീവിതത്തിലെ ആദ്യഭക്ഷണം ലക്കി ഹോട്ടലിൽനിന്നു കഴിച്ചു. അവിടെനിന്ന് മിഠായിത്തെരുവിലൂടെ നടന്നാൽ റെയിൽവേ സ്റ്റേഷനിലെത്താം. ജീവിതത്തിൽ ആദ്യമായാണ് ചന്ദ്രൻ മിഠായിത്തെരുവു കാണുന്നത്.

അന്നത്തെക്കാലമാണ്. പട്ടാളത്തിൽ ചേർന്ന കാര്യം വീട്ടിലറിയിക്കാൻ ഒരു വഴിയുമില്ല. അശോക ഹോസ്പിറ്റലിനു സമീപത്തെ ദേവീസഹായം കാപ്പിക്ലബ് നടത്തിയിരുന്നത് ചന്ദ്രന്റെ അച്ഛന്റെ സഹോദരനാണ്. തന്റെ കാതിലെ കടുക്കൻ ഊരി അദ്ദേഹത്തിന്റെ കയ്യിലേൽപ്പിച്ചാണ് ചന്ദ്രൻ ട്രെയിനിൽ കയറിയത്.
അയാൾ വീട്ടിലെത്തുമ്പോൾ ബന്ധുക്കൾ ചന്ദ്രനെ കാണാതെ നാടടക്കം തിരയുകയാണ്. സാധാരണയായി വൈകിട്ട് വേങ്ങേരി സ്കൂളിനടുത്തെ ചായക്കടയിൽ ചന്ദ്രൻ ഹാജരാവാറുണ്ട്. നാട്ടിലെ പ്രമാണിമാർ വൈകിട്ട് അവിടെ ഒത്തുകൂടും. അക്ഷരാഭ്യാസമുള്ള ചന്ദ്രൻ പത്രം ഉറക്കെ വായിച്ചുകൊടുക്കും. അവർ ചന്ദ്രന് ചായയും പത്തിരിയും വാങ്ങിക്കൊടുക്കും. ഇതായിരുന്നുപതിവ്. അന്നു വൈകിട്ട് ചന്ദ്രൻ കടയിൽ കാണാതായതോടെ ആരൊക്കെയോ അന്വേഷിച്ചു വീട്ടിലെത്തി. ചന്ദ്രൻ വീട്ടിലുമില്ല. അങ്ങനെ രാത്രി പന്തവും കൊളുത്തി ബന്ധുക്കളും വീട്ടുകാരും നാട്ടിലെ കുളവും പൊട്ടക്കിണറുമൊക്കെ പരിശോധിക്കുന്നതിനിടെയാണ് ബന്ധു രാത്രി സൈക്കിളും ചവിട്ടി കടുക്കനുമായി വരുന്നത്.
ചന്ദ്രൻ പട്ടാളത്തിൽപോയതറിഞ്ഞ് അമ്മ തൊണ്ടപൊട്ടിക്കരഞ്ഞു.

ട്രെയിനിൽ നേരെ കണ്ണൂരിലെ ക്യാംപിലേക്കാണ് കൊണ്ടുപോയത്. ക്യാംപിലെത്തിയപ്പോൾ ചന്ദ്രന്റെ കയ്യിൽ പണമൊന്നുമില്ല. അരയിലെ വെള്ളിമാല വിറ്റുകിട്ടിയ പതിനഞ്ചണ കൊണ്ട് അത്യാവശ്യം എണ്ണയും സോപ്പും വാങ്ങി. പിറ്റേന്ന് രാവിലെ ബാർബർ വന്ന് തല മൊട്ടയടിച്ചു.

ചന്ദ്രനെയും സംഘത്തെയും കണ്ണൂരിൽനിന്ന് ബെംഗളൂരുവിൽ എത്തിച്ചത് 1941 ഡിസംബർ 26നാണ്. വെയിലത്ത് പരേഡും ഫയറിങ് പരിശീലനവും ആരംഭിച്ചു. കടുത്ത പരിശീലനത്തിനൊപ്പം പട്ടാളത്തിന്റെ മ്യാനി സർവേ സ്കൂളിൽ സർവേയറാവാനുള്ള പഠനവും പൂർത്തിയാക്കി. സ്ഥലങ്ങളുടെ മാപ്പു വരയ്ക്കാനും റൂട്ട് മാപ്പ് തയാറാക്കാനും അടയാളപ്പെടുത്താനുമൊക്കെ പഠിച്ചു.

അങ്ങനെയിരിക്കെ പട്ടാളത്തെ പല സ്ഥലങ്ങളിലേക്കു മാറ്റുന്ന ദിവസമായി. പക്ഷേ ചന്ദ്രനെ ക്യാംപിൽതന്നെ നിർത്തി, പുതുതായി വരുന്ന പട്ടാളക്കാർക്ക് പരിശീലനം നൽകാൻ.
എന്നാൽ തനിക്ക് യുദ്ധത്തിൽ പങ്കെടുക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ട ചന്ദ്രനെ നാഗ്പൂരിലേക്ക് പരിശീലനത്തിനയച്ചു. അവിടെനിന്ന് ചിന്റ്‌വാരയിലെ കാടുകളിൽ ഫയറിങ് പരിശീലനവും നടത്തി. റാഞ്ചിയിലും കടുത്ത പരിശീലനം നേടി. തുടർന്ന് ബ്രഹ്മപുത്ര നദീതീരത്തുവച്ച് ബ്രിട്ടിഷ് പട്ടാളത്തിന്റെ വലിയ ഉരുവിലേക്കു കയറി ബർമയിലേക്കു പുറപ്പെട്ടു.

ഇമ്പാലയ്ക്കു സമീപം ബോട്ടിറങ്ങി. സർവേയറായ ചന്ദ്രൻ‍ ബർമയിലെത്തിയ ശേഷം പട്ടാളത്തിന്റെ മുൻനിരയിൽ ബ്രെൻഗൺ കാരിയർ വാഹനത്തിലാണ് യാത്ര.
വഴിയുണ്ടാക്കാനും പുഴയ്ക്കുകുറുകെ പാലം കെട്ടാനും സർവേ നടത്താനും മറ്റുമായി ബൈനോക്കുലറും സർവേ ഉപകരണങ്ങളുമൊക്കെയായാണു ആ സംഘം പോവുന്നത്. മൈനുകൾ കുഴിച്ചിട്ട,ബോംബുപൊട്ടുന്ന, പീരങ്കികൾ ഗർജ്ജിക്കുന്ന വഴികളിലൂടെയാണ് യാത്ര.

അവിടെ വച്ചു ജപ്പാന്റെ വിമാനങ്ങൾ ബോംബിട്ടു. ചന്ദ്രന് ഒപ്പമുണ്ടായിരുന്ന രണ്ടുസഹപ്രവർത്തകർ ട്രക്കിനടിയിൽ ഒളിച്ചു. മറ്റുള്ളവർ ഓടിമാറി. ബോംബിങ്ങിൽ തകർന്ന ട്രക്കിനൊപ്പം ആ രണ്ടു പേരും ചിന്നഭിന്നമായി.
ബെയ്‌ലി പാലം നിർമിക്കുക, മൈനുകൾ തിരിച്ചറിഞ്ഞ് റൂട്ട് മാപ്പ് തയാറാക്കുക തുടങ്ങിയവയായിരുന്നു ചന്ദ്രന്റെയും സംഘത്തിന്റെയും ജോലി.

ജപ്പാൻ സൈന്യത്തിൽനിന്ന് റങ്കൂൺ പിടിച്ചടക്കാനുള്ള യാത്രയിലായിരുന്നു സംഘം. മെറ്റ്ലയും മാണ്ഡലേയും അടക്കമുള്ള നഗരങ്ങളിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ യുദ്ധദുരിതം കണ്ടു.ബോംബാക്രമണങ്ങൾ നേരിട്ടു. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് എതിരെ വരുന്ന സ്ത്രീകൾ. ചോരയൊലിപ്പിച്ചു കിടക്കുന്നവർ. കത്തുന്ന നഗരങ്ങൾ. യുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ശവങ്ങൾ. ഈ ശവങ്ങൾ കുഴിയെടുത്തുമൂടി അതിനുമുകളിൽ കിടന്നുറങ്ങിയ ദിനങ്ങൾ ഏറെയാണ്. ഈ യാത്രയ്ക്കിടെയാണ് പിയീൻമനയിൽവച്ച് സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള വിവരമറിഞ്ഞത്.

റങ്കൂണിനു സമീപം ടോങ്കോയെന്ന നഗരത്തിലെത്തുമ്പോൾ ജപ്പാൻകാർ പലായനം തുടങ്ങിക്കഴിഞ്ഞിരുന്നു. കത്തിയമരുന്ന നഗരം കീഴടക്കി.
ബർമയുടെ ചുമതലയുണ്ടായിരുന്ന മൗണ്ട്ബാറ്റൺ പ്രഭു അന്ന് ഹെലികോപ്‍റ്ററിൽ പട്ടാളക്കാർക്കു സമീപം വന്നിറങ്ങി. ക്യാമ്പിൽ മരപ്പലകകൾ കൂട്ടിയിട്ടുണ്ടാക്കിയ താൽക്കാലിക പ്ലാറ്റ്ഫോമിൽ കയറി അദ്ദേഹം തങ്ങളോട് സംസാരിച്ചത് ഇന്നും ചന്ദ്രന്റെ മനസിലുണ്ട്:
”ഈ മഴക്കാലത്തിനുമുമ്പ് റങ്കൂൺ പിടിച്ചടക്കിയാൽ നിങ്ങൾക്ക് വീട്ടിൽപ്പോയി കുടുംബത്തെ കണ്ട് തിരിച്ചുവരാൻ ലീവ് തരാം…”
റങ്കൂൺ കീഴടക്കിയശേഷം ലീവ് കിട്ടിയപ്പോൾ ചന്ദ്രൻ നാട്ടിലെത്തി. അക്കാലത്ത് അച്ഛനെയും അമ്മയെയും കൂട്ടി കോഴിക്കോട് നഗരത്തിലെ സ്റ്റുഡിയോയിലെത്തി ഒരു ഫോട്ടോയെടുത്തു.
ആ ഫോട്ടോ ചന്ദ്രൻ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ലീവുകഴിഞ്ഞു തിരിച്ചു ചെന്നപ്പോൾ ചന്ദ്രൻ ജോലി ചെയ്യുന്ന മദ്രാസ് എൻജിനീയറിങ്ങ് വിങ് പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയിരുന്നു. പാരാഗ്ലൈഡിങ് വിഭാഗമാക്കാനാണ് നീക്കം. അന്ന് ബ്രിട്ടിഷുകാരാണ് ഇന്ത്യ ഭരിച്ചിരുന്നത്. ഇന്ത്യയുടെ ഭാഗമായിരുന്ന കറാച്ചിയിലേക്കാണ് ചന്ദ്രനെയും സംഘത്തെയും കൊണ്ടുപോയത്. പാരച്യൂട്ട് പരിശീലനക്കാലത്ത് ക്യാംപിലേക്ക് ഒരു കത്തുവന്നു. ഇംഗ്ലിഷിലുള്ള കത്തായതിനാൽ അതുവായിക്കാൻ ചന്ദ്രനെ വിളിച്ചു.
ചന്ദ്രന്റെ സഹോദരൻ മരിച്ചെന്നും സംസ്കാരം നടത്തിയതിനാൽ ചന്ദ്രനെ ഉടനെ വിവരമറിയിക്കരുത് എന്നുമായിരുന്നു കത്തിൽ. കത്തുവായിച്ച് തല ചുറ്റിവീണ ചന്ദ്രൻ കണ്ണുതുറക്കുമ്പോൾ‍ ബ്രിട്ടിഷ് പട്ടാളത്തിലെ മേലുദ്യോഗസ്ഥൻ ഡേവിഡ് അന്റോണിയോറിന്റെ മടിയിൽ കിടക്കുകയാണ്.

റങ്കൂണിലെ പോരാട്ടത്തിനിടെ ചന്ദ്രന്റെ ജീവന് രക്ഷിച്ചതും ഡേവിഡാണ്. ആക്രമണം നടന്ന സ്ഥലത്തു പരിശോധന നടത്തുകയായിരുന്ന ചന്ദ്രനെ തോക്കിന്റെ ബയണറ്റുമായി ആക്രമിക്കാൻ ജപ്പാൻ പട്ടാളക്കാരൻ ഓടിവന്നു. ഇതുകണ്ട ഡേവിഡ് അയാളെ വെടിവച്ചിടുകയായിരുന്നു.

ചന്ദ്രൻ പട്ടാളത്തിൽ ചേർന്നത് 16 മത്തെ വയസിൽ. 1947 മേയ് 26ന്, 22ാം വയസിൽ പട്ടാളത്തിൽനിന്നു വിരമിച്ച് ചന്ദ്രൻ നാട്ടിലെത്തി. ബർമ യുദ്ധത്തിലെ മികവിനെ ആദരിച്ച് രണ്ടു ബർമാസ്റ്റാർ മെഡലുകളും ഒരു ധീരതാ മെഡലുമായാണ് മടങ്ങിവന്നത്. ഡേവിഡ് അന്റോണിയോർ സ്വദേശമായ അയർലൻഡിലെത്തിയ ശേഷവും കത്തെഴുതുമായിരുന്നു.

നാട്ടിലെത്തിയ ശേഷം ചന്ദ്രൻ പല ജോലിക്കും ശ്രമിച്ചു. സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനം രൂപീകരിച്ചു. ആയിടയ്ക്കാണ് വനംവകുപ്പിൽ ഡ്രൈവർ കം പ്യൂണിന്റെ ഒഴിവുവന്നത്. പട്ടാളത്തിലായിരിക്കെ മെക്കാനിക്കൽ സർടിഫിക്കറ്റ് നേടിയിരുന്നു. അങ്ങനെ ചന്ദ്രൻ വനംവകുപ്പിൽ ഡ്രൈവറായി ജോലിക്കു കയറി. 1980ലാണ് ജോലിയിൽനിന്ന് വിരമിച്ചത്. നാൽപതാം വയസ്സിൽ തന്നേക്കാൾ ഇരുപതു വയസിന് ഇളയ ലീലയെ വിവാഹം കഴിച്ചു. ആറു മക്കളാണ് ഈ ദമ്പതികൾക്ക്.

വനംവകുപ്പിൽനിന്ന് വിരമിച്ചിട്ടു 41 വർഷമായി. ആ പെൻഷൻ ഇപ്പോഴും ലഭിക്കുന്നുണ്ട്. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ടു മാസം മുൻപാണ് ബ്രിട്ടിഷ് പട്ടാളത്തിൽനിന്ന് വിരമിച്ചത്. രണ്ടാംലോകമഹായുദ്ധ കാലത്തെ സേവനങ്ങൾക്ക് ഒരു രൂപയെങ്കിലും പെൻഷനായി ലഭിച്ച ശേഷമേ മരിക്കാവൂ എന്നാണ് ഈ 96ാം വയസ്സിലും ചന്ദ്രന്റെ ആഗ്രഹം. ആറു വർഷക്കാലമേ സർവീസുള്ളൂ എന്നുപറഞ്ഞാണ് പെൻഷൻ തടഞ്ഞത്. എന്നാൽ ചന്ദ്രനു പറയാനുള്ളത് മറ്റൊരു കാര്യമാണ്:
“ബർമയിൽ‍ രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു ദിവസം കഴിച്ചുകൂട്ടുകയെന്നത് ഒരു വർഷം കഴിച്ചുകൂട്ടുന്നതിനു തുല്യമായിരുന്നു. അത്രയും രോഗവും ദുരിതവുമായി പോരാടിയാണ് പട്ടാളക്കാർ ജീവിച്ചത്.”

-എബ്രഹാം വർഗീസ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker