KeralaNEWS

“ഇന്നലെ ചെയ്തോരബദ്ധം…..” ,കുമാരനാശാന്‍ പാടിയത് എത്ര ശരിയാണ്

ലക്സാണ്ടർ ജേക്കബിനെയും കക്ഷിയുടെ ഹാർവാർഡ് ഹിമവൽബ്ലണ്ടറിനെയും നമുക്ക് തൽക്കാലം ഒരു ഓരത്തേക്ക് ഒതുക്കി നിർത്താം..
എന്നിട്ട്
വരൂ നമുക്കൊന്ന് ചുറ്റിക്കറങ്ങാം..
കുട്ടിക്കാലം തൊട്ട് ഏതൊക്കെ തരം ബ്ലണ്ടറുകളിലൂടെ നമ്മള് കടന്നു വന്നിട്ടുണ്ട്.
“കട്ടിലിലിരുന്ന് കാലാട്ടരുത്: അച്ഛനും അമ്മയ്ക്കും ദോഷമാണ്”
“സന്ധ്യാനേരത്ത് ആഹാരം കഴിക്കരുത്: അത് ദോഷമാണ്”
“പാറ കളിക്കരുത്: കടം കയറി മുടിയും”
“മുടിയഴിച്ചിട്ട് അമ്പലത്തിൽ പോകരുത്”
“പാതിരാത്രി ചൂളം വിളിക്കരുത്: ദോഷമാണ്, പാമ്പ് കയറിവരും”.
ഇതിൽ പലതും അപ്പൂപ്പനമ്മൂമ്മമാരുടെ കോൺട്രിബ്യൂഷനാണ്, അത് പക്ഷേ യാതൊരു ചോദ്യങ്ങളുമില്ലാതെ പലരും ഏറ്റെടുക്കുന്നു, സ്വന്തം കുട്ടികളിലേക്ക് പകരുന്നു.
ഒറ്റമൈനയും,
രാത്രിയിലെ ഇരുമ്പ് കയ്യിൽ പിടിത്തവും,
പിന്നീന്ന് വിളിക്കാതിരിക്കലും,
ശകുനവും ഒക്കെ അനായാസം ഉള്ളിലേക്ക് കടത്തിവിടുന്നു.
ഇവിടെ കട്ടിലിൽ ഇരുന്നു കാലാട്ടരുത് എന്ന് പണ്ടുള്ളവർ പറഞ്ഞതിന് ഒരു കാരണം പറയുന്നത് അന്നൊക്കെ കട്ടിലിന്റെ അടിയിൽ ഭരണികളും അതിൽ നെയ്യും പഞ്ചസാരയും ഉപ്പിലിട്ടത് പോലെയുള്ള സാധനങ്ങളും ഒക്കെ വയ്ക്കുമായിരുന്നു, കാലാട്ടുമ്പോൾ അത് തട്ടിവീണ് പൊട്ടാതിരിക്കാനാണ് അങ്ങനെ പറയുന്നത് എന്നാണ്, പിന്നെ അതിൽ ഒരു ദോഷത്തിന്റെ ക്ലോസ് കൂടി ചേർത്തപ്പോൾ കാര്യം ശുഭം.
ജോലിക്ക് പോകേണ്ടവർ പാറ കളിച്ചു വീട്ടിൽ ഇരുന്നാൽ വീട്ടിൽ കടം കയറും, സ്വാഭാവികം..
സന്ധ്യാസമയത്ത് വെട്ടം തെളിഞ്ഞു തുടങ്ങുന്ന സമയമായതിനാൽ ആഹാരത്തിൽ പ്രാണികൾ വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.
ഇങ്ങനെ എല്ലാത്തിനും കൃത്യമായ കാരണം ഉണ്ടായിട്ടും നമ്മളതിനെ ഭക്തിയുമായും ദോഷവുമായും കൂട്ടിക്കെട്ടും..
പിന്നെല്ലാം എളുപ്പമല്ലേ..
നോക്കൂ, നമ്മുടെ ഒട്ടുമിക്ക കാര്യങ്ങളും അങ്ങനെയല്ലേ..
വ്യക്തമായ കാരണത്തോടെ പറഞ്ഞുകൊടുക്കാൻ കഴിയുന്നതിനെപ്പോലും
ഒരു വിശ്വാസത്തെയും ദോഷത്തെയും ഭക്തിയെയും
അത് വഴിയുള്ള ഭയത്തെയും കണക്ട് ചെയ്തു പറഞ്ഞുകൊടുക്കുന്ന പ്രബുദ്ധരാണ് നമ്മൾ!!
ഇനി സ്കൂളിലേക്ക് പോയാലോ?
അവിടെയും ഇത്തരം വിവിധങ്ങളായ മണ്ടത്തരങ്ങളുടെ ഒരു സിലബസ് തന്നെ ലഭിക്കും.
രജിത് കുമാറിനെപ്പോലെയുള്ള സ്യൂഡോകൾക്ക് എങ്ങനെയാണ് സ്വീകാര്യത കിട്ടിയത് എന്നറിയാൻ മുന്നൂറ്ററുപത് ഡിഗ്രിയിൽ ഒന്ന് കണ്ണോടിച്ചാൽ മതിയെന്നേ..
ദോഷങ്ങളകറ്റാൻ ഏലസ്സ് കെട്ടുന്നവർ..
ചരട് പൂജിച്ച് കെട്ടുന്നവർ.
ഉസ്താദ് ഓതിയ ഉറുക്കും നൂലും
അച്ചന്റെ വെഞ്ചെരിപ്പും തലയ്ക്ക് പിടുത്തോം..
കറുത്ത പൂച്ച
കയറിട്ട പോത്ത്
പത്ത് പൊരുത്തം
ചൊവ്വാദോഷം
പാപജാതകം ശുദ്ധജാതകം
ഗ്രഹനില
അഗ്നിസാക്ഷി മാംഗല്യം
കുമ്പസാരം വഴിയുള്ള മുക്തി
കരിസ്മാറ്റിക് ധ്യാനം
കയ്യടിച്ച് ക്രൈസ്റ്റിനെ വരുത്തൽ
കോഴിമുട്ട
കോഴിത്തല
ചെമ്പ് തകിട്
നാരങ്ങ
വണ്ടിയിൽ കെട്ടുന്ന പൂജിച്ച പട്ട്
കുരിശു ചുമക്കൽ
ശൂലം കുത്ത്
ജിന്നിനെ തുരത്തൽ
ജന്മനക്ഷത്രക്കല്ല്
പഞ്ചരത്നമോതിരം
അക്ഷയ തൃതീയ
വാവുബലി
വാസ്തുപുരുഷൻ
കന്നിമൂല
കരിങ്കണ്ണ്
കാട്ടുകൊതി
പാമ്പിന് പാലും പഴവും..
എന്താണ്
കാൽസ്യം ഡെഫിഷ്യൻസിയും കോൺസ്റ്റിപ്പേഷനും നേരിടുന്ന പേഷ്യന്റാണോ പാമ്പ്!!!
ഇങ്ങനെ പലവിധ ബ്ലണ്ടറുകളുടെ ഒരു ജംബോ മെനുകാർഡ് കൈവശം വെച്ചിരിക്കുന്ന നമ്മൾ കേവലം ഒരു അലക്സാണ്ടർ ജേക്കബിനെ പൊളിച്ചത് കൊണ്ട് മാത്രം എവിടെ മാറുമെന്നാണ്?
ചോറൂണിന് മുമ്പ് കുഞ്ഞിന് ചോറു കൊടുത്താൽ എന്തോ വലിയ ദോഷം സംഭവിക്കും എന്ന് കരുതുന്ന വലിയ ഒരു കൂട്ടം ആളുകൾ ഇവിടെയില്ലേ…?
പൂജിച്ച പേന കൊണ്ട് പരീക്ഷ എഴുതി കൂടുതൽ മാർക്ക് വാങ്ങാമെന്ന് ധരിക്കുന്നവർ ഇവിടെയില്ലേ..?
എയർബാഗ് പ്രവർത്തിച്ചത് കൊണ്ട് അപകടത്തിൽ നിന്നും രക്ഷപ്പെട്ടിട്ട് കാറിൽ തൂക്കിയിട്ട കൊന്ത രക്ഷിച്ചു എന്ന് പറയുന്നവരില്ലേ..?
ഒന്നും വേണ്ട,
മകരജ്യോതി കണ്ട് സാഫല്യമടയുന്ന ഒരു
ബൾക്ക് ഒഫ് ഭക്തജനം ഇവിടെയില്ലേ..?
സോ,
പ്രശ്നം ഒരു അലക്സാണ്ടർ ജേക്കബിൽ മാത്രം ഒതുങ്ങുന്നതല്ല..
നമ്മൾ കേൾക്കുന്നതും കാണുന്നതുമായ കാര്യങ്ങളെ, അവയുടെ വസ്തുതകളെ കൃത്യമായി പഠിക്കാൻ ശ്രമിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ കുട്ടികളോട് അതേ വസ്തുതകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നത് അതിനേക്കാൾ പ്രധാനപ്പെട്ട കാര്യമാണ്.
അവർ ചെയ്യാൻ പോകുന്ന,
അല്ലെങ്കിൽ ചെയ്ത കാര്യങ്ങളുടെ റിസൾട്ട് മാത്രമാണ് അവർക്ക് ഫേസ് ചെയ്യേണ്ടിയിരിക്കുന്നത് എന്നും അല്ലാതെ അത് ഒരിക്കലും വഴിയിൽ കുറുകെ ചാടിയ കറുത്ത പൂച്ചയുടെ വിച്ച്ക്രാഫ്റ്റല്ല അതെന്നും കുട്ടികൾ മനസ്സിലാക്കട്ടെ..
കറുത്ത പൂച്ചകളും
ഒറ്റമൈനകളും
കാക്കയും
ഗൗളികളും
പാവം ചൊവ്വയുമൊക്കെ
സമാധാനത്തോടെ കഴിഞ്ഞോട്ടെ….
ചോദ്യങ്ങൾ ചോദിക്കുന്ന,
തിരയുന്ന,
കണ്ടെത്തുന്ന കുഞ്ഞുങ്ങൾ വളർന്നു നിറയട്ടെ…!!

Back to top button
error: