KeralaNEWS

വൈഗയുടെ പിതാവിന്റെ കാര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്നതായി പോലീസ്

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ച ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ സനു മോഹന്റെ മകള്‍ വൈഗ (13) യുടെ പിതാവിന്റെ കാര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. പിതാവ് സനുമോഹന്റെ കാര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെക്ക്‌പോസറ്റ് കടന്നുപോയതെന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അതിനാല്‍ കാര്‍ കണ്ടെത്തുന്നതിനായി കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച 12 മണിയോടെയാണ് മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അപ്പോഴും പിതാവിനെ കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. മഞ്ഞുമ്മല്‍ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്.

മകളും ഒന്നിച്ച് പിതാവ് പുഴയില്‍ ചാടിയത് ആകാമെന്നായിരുന്നു പോലീസിന്റെ സംശയം. തുടര്‍ന്ന് പുഴയിലും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും സനുവിന്റെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫ് ആയിരുന്നു.

വാഹനവുമായി പുഴയില്‍ ചാടിയോ അതോ മകളെ പുഴയില്‍ തള്ളിയിട്ട ശേഷം മറ്റെവിടേക്കെങ്കിലും പോയോ എന്നുമുള്ള സംശയത്തിനിടയിലാണ് ഇപ്പോള്‍ സനു മോഹന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിക്കുന്നത്.

സനു മോഹനനും ഭാര്യ രമ്യയും മകള്‍ വൈഗയും അഞ്ചു വര്‍ഷമായി കങ്ങരപടിയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനു മോഹന്‍ സകുടുംബം എത്തിയിരുന്നു. പിന്നീടാണ് ഇവരെ കാണാതായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker