
വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വിദ്യാര്‍ത്ഥി മരിച്ചനിലയില്‍. തൂത്തുക്കുടി ദിണ്ടിഗല്‍ കരിക്കാളി സേവഗൗണ്ടച്ചിപ്പടി 24-ല്‍ മഹേഷ് കണ്ണന്റെ മകളും കോയമ്പത്തൂര്‍ നെഹ്റു എയ്റോനോട്ടിക് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയുമായ ദഷ്രിത(21)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ക്കലയിലെ ഹെലിപ്പാഡിന് സമീപമുളള റിസോര്‍ട്ടില്‍ നാല് ആണ്‍കുട്ടികളും ദിഷ്രിതയടക്കം നാല് പെണ്‍കുട്ടികളും താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ദഷ്രിതയ്ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ മാസം 20നാണ് ദഷ്രിതയും ഒരു ആണ്‍കുട്ടിയും റിസോര്‍ട്ടിലെത്തിയത്. മര്റുളളവര് 17 മുതല്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം, തങ്ങള്‍ ഒരു ബര്‍ത്തഡേ പാര്ട്ടിക്കെത്തിയതാണെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ഒപ്പമുണ്ടായിരുന്നവരെ പോലീസ് നിരീക്ഷണത്തിലാക്കി. ഇവരുടെ മൊഴി പരിശോധിച്ച് സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലെ മുറികള്‍ സീല്‍ചെയ്ത് പോലീസ് നിരീക്ഷണത്തിലാക്കി.
അതേസമയം, ദഷ്രിതയുടെ മാതാപിതാക്കളെ പോലീസ് വിവരമറിയിച്ചു. അവര്‍ നല്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കും. ചൊവ്വാഴ്ച ഫൊറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കും.