ColumnTRENDING

വിതയ്ക്കാൻ അനുവദിക്കില്ല ഈ വിഷവിത്തുകൾ

മനോജ് കെ. പുതിയവിള

‘ജൂനിയർ മാൻഡ്രേക്ക്’ എന്ന സിനിമയിലെപ്പോലെ, ‘സന്തോഷത്തോടെ ഇതൊന്നു സ്വീകരിക്കണം’ എന്നു പറഞ്ഞ് ഒരു അശ്രീകരവുമായി കർഷകർക്കു പിന്നാലെ നടക്കുകയാണ് മോഡിസർക്കാർ.  പക്ഷെ, കർഷകർ പുറം‌കാലിനു തട്ടി.  സിനിമയിലെ പ്രതിമപോലെ അശ്രീകരമായ കാർഷികനിയമങ്ങൾ സർക്കാരിന്റെ കൈയിൽ ഇരിക്കുകയേയുള്ളൂ.  ആ നിയമങ്ങൾ കൊണ്ടുവന്നതുമുതൽ തുടങ്ങിയ അനർത്ഥങ്ങൾ പ്രതിദിനം രൂക്ഷമായി കേന്ദ്രസർക്കാരിനെ വേട്ടയാടുകയാണ്. എന്നാൽ അറബിക്കടലിൽ വലിച്ചെറിയാം എന്നു വച്ചാലോ? അത് കൈയിൽ ഏല്പിച്ചുകൊടുത്തവർ മോഡി – ഷാ സംഘത്തെ വച്ചേക്കില്ല.  അവരുടെ പണമില്ലെങ്കിൽ പാർട്ടിയും അധികാരവും ഒന്നും ഇല്ലല്ലോ!

സ്വയം കൃഷിചെയ്തു കഴിക്കുന്ന ആദിമകാലം കഴിഞ്ഞപ്പോൾ കൃഷിക്കാർ ഉത്പന്നങ്ങൾ ചന്തയിൽ കൊണ്ടുവന്ന് ഉപഭോക്താവിനു നേരിട്ടു വില്ക്കുന്ന രീതി വന്നു. പിന്നെ വ്യാപാരികൾ എന്ന ഇടനിലക്കാർ ഉണ്ടായി. കൃഷി സമ്പന്നരായ സെമീന്ദാർമാരുടെ ഏർപ്പാടാകുകയും മറ്റിടങ്ങളിലെ ഉത്പന്നങ്ങൾ എത്തിക്കാൻ ഗതാഗതസൗകര്യങ്ങൾ വികസിക്കുകയും ചെയ്തപ്പോൾ ഉത്പാദകരും ഉപഭോക്താക്കളും പരസ്പരം അറിയാത്തവരാകുകയും വില്പനവില ഉത്പാദകരും വാങ്ങൽവില ഉപഭോക്താവും അറിയാതാകുകയും ഇടത്തട്ടുകാർക്ക് തോന്നിയപോലെ ലാഭത്തിനുള്ള അവസരമൊരുങ്ങുകയും ചെയ്തു. കർഷകരും ഉപഭോക്താക്കളും ഒരുപോലെ ചൂഷണത്തിന് ഇരയായി. കൂടാതെ കർഷകർ വട്ടിപ്പണക്കാരുടെ കൊള്ളയ്ക്കും.

ബ്രിട്ടിഷുഭരണത്തിൽ അവരുടെ സംസ്ക്കരണശാലകൾക്ക് കുറഞ്ഞവിലയ്ക്ക് കൃഷിയുത്പന്നങ്ങൾ കിട്ടാൻ ആഹാരത്തിന്റെകൂടി പേരിൽ വില കുറയ്ക്കൽ പരിപാടികളാണ് ഉണ്ടായിരുന്നത്. കൃഷിയെപ്പറ്റിയുള്ള റോയൽ കമ്മിഷൻ 1928-ൽ നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ വിപണിയിടപെടലിനുള്ള കരടുനിയമം 1938-ൽ ഉണ്ടാക്കി സംസ്ഥാനങ്ങൾക്ക് അയച്ചെങ്കിലും വിശേഷിച്ചൊന്നും സംഭവിച്ചില്ല.

മണ്ഡിക്കാലം

ഉത്പാദകരെയും ഉപഭോക്താക്കളെയും ചൂഷണത്തിൽനിന്നു രക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ് എന്നു കരുതിയിരുന്ന സ്വാതന്ത്ര്യാനന്തര, ആഗോളീകരണപൂർവ്വ കാലത്താണ് ഉത്പാദകർക്കായി താങ്ങുവില (Minimum Support Price), ഉപഭോക്താക്കൾക്കുവേണ്ടി വിവിധ വിലനിയന്ത്രണനടപടികൾ ഒക്കെ വന്നത്. കർഷകരുടെ രക്ഷയ്ക്കായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും 1960-കളോടെ കൃഷിയുത്പന്നവിപണിനിയന്ത്രണനിയമങ്ങൾ [Agricultural Produce Market Regulation (APMR) Acts] നടപ്പാക്കി. പ്രാദേശികച്ചന്തകളും ഉപചന്തകളും സൗകര്യങ്ങളോടെ നിർമ്മിച്ചു. ഇവയാണ് മണ്ഡികൾ എന്ന് അറിയപ്പെടുന്നത്. ഇവയുടെ നടത്തിപ്പിന് കമ്മിറ്റികളും ഉണ്ടായി – മണ്ഡിക്കമിറ്റി എന്നു വിളിക്കുന്ന A. P. M. C.

കൃഷിയുത്പന്നങ്ങൾ അവിടെ എത്തിച്ചാൽ ലേലം ചെയ്ത് മത്സരവിലയ്ക്കു വില്ക്കാം. താങ്ങുവിലയ്ക്കു മുകളിലേക്കാണു ലേലം. ഈ നിയമങ്ങൾക്ക് രണ്ടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു: കർഷകർക്കു മറ്റു നാടുകളിൽ കൊണ്ടുപോയി ഉത്പന്നങ്ങൾ വില്ക്കാൻ അനുവാദമില്ല. മണ്ഡിവഴി അല്ലാതെ ഒരു വ്യാപാരിക്കു നേരിട്ട് ഉത്പന്നം വില്ക്കാനും പറ്റില്ല. കർഷകർക്ക് ഉണ്ടായിരുന്ന ഈ പരിമിതികൾ പല സംസ്ഥാനവും പിന്നീട് നിയമം ഭേദഗതി ചെയ്തു പരിഹരിച്ചിരുന്നു. ഫലത്തിൽ, തരക്കേടില്ലാതെ കാര്യങ്ങൾ നടക്കുന്ന സംവിധാനമായിരുന്നു ഇത്. കർഷകർ ഇതിൽ തൃപ്തരും ആയിരുന്നു.

ഇൻഡ്യയല്ലേ! കൈയിട്ടുവാരലിനുള്ള അവസരങ്ങൾ എവിടെയും നാം വികസിപ്പിക്കുമല്ലോ. മണ്ഡിക്കമ്മിറ്റിയിലെ വ്യാപാരികളുടെ ലൈസൻസിനു കൈക്കൂലി കടന്നുവന്നു. അവർ കമ്മീഷൻ ഏജന്റുമാരായിമാറി. കൈക്കൂലി കൊടുത്തു ലൈസൻസ് വാങ്ങുന്നവർ സ്വാഭാവികമായും അതു തിരിച്ചുപിടിക്കാൻ കർഷകരെ പറ്റിക്കാനുള്ള വഴികളും തേടി. വ്യാപാരികൾ ഒത്തുകളിച്ച് കുറഞ്ഞവിലയ്ക്കു ലേലം ഉറപ്പിക്കാൻ തുടങ്ങി. ലേലം ചടങ്ങായി. കർഷകർ വീണ്ടും ചൂഷണം ചെയ്യപ്പെടാൻ തുടങ്ങി.

കോർപ്പറേറ്റ് കാലം

ഇതിനു പരിഹാരം കർഷകർ ആവശ്യപ്പെട്ടിരുന്നു എന്നതു ശരിതന്നെ. പക്ഷെ, അതിന് ഇങ്ങനെയൊരു ‘പണി’ കിട്ടും എന്ന് അവർ ഒട്ടും കരുതിയില്ല! രണ്ടു പുതിയ നിയമങ്ങളും ഒരു നിയമഭേദഗതിയും അടങ്ങുന്ന ഇപ്പോഴത്തെ ‘പ്രധാൻമന്ത്രി കർഷദ്രോഹ് യോജന’യിലെ Farmers’ Produce Trade and Commerce (Promotion and Facilitation) Act 2020 – (FPTC Act) എന്ന നിയമത്തെ ഈ പേരു പറഞ്ഞാണ് നീതിമത്ക്കരിക്കുന്നത്.

പേരിലെ പ്രൊമോഷനും ഫസിലിറ്റേഷനും ഒക്കെ കണ്ടാൽ തോന്നും എമണ്ടൻ സഹായങ്ങളാണെന്ന്. ഇപ്പോൾ കൊണ്ടുവരുന്ന എല്ലാ ജനവിരുദ്ധനിയമങ്ങളുടെയും നയങ്ങളുടെയും തന്ത്രം ഇതാണ്. ഇപ്പ ശര്യാക്കിത്തരാം എന്ന മട്ടിലുള്ള പദപ്രയോഗങ്ങളാകും പുറമേക്ക്. ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത് കാളകൂടവും. കർഷകർക്ക് ഇതു മനസിലായതാണ് കേന്ദ്രത്തിന്റെ പതിവുപണി പാളിച്ചത്.

ഈ നിയമത്തിലെ പ്രധാനപ്രശ്നം താങ്ങുവില ഇല്ലാതാക്കി എന്നതാണ്. താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി (250%) ആക്കണം എന്ന സ്വാമിനാഥൻ കമ്മിറ്റിശുപാർശ നടപ്പാക്കും എന്നു വാഗ്ദാനം ചെയ്ത് ആദ്യം അധികാരം പിടിച്ച മോഡിയാണ് ഇതു ചെയ്തത്. വാക്കൊന്ന്, പ്രവൃത്തി വേറൊന്ന് എന്ന നെഹ്രു നിർവ്വചിച്ച ആർ. എസ്. എസിന്റെ അടിസ്ഥാനസ്വഭാവം. കോർപ്പറേറ്റുകൾക്കു തുച്ഛമായ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാനുള്ള തടസം നീക്കുകയാണ് ഇതിലൂടെ ചെയ്തത് എന്നു കർഷകർ മനസിലാക്കി.

ഇതിന് കേന്ദ്രവും അവരുടെ പ്രചാരകരും പറയുന്ന മറുപടിയാണു രസം. “കോർപ്പറേറ്റുകൾ വില കുറച്ചാൽ നിങ്ങൾക്ക് മണ്ഡികളിൽ ലേലം ചെയ്തു വില്ക്കാമല്ലോ, മണ്ഡികൾ നിർത്തലാക്കുന്നില്ലല്ലോ.” കോർപ്പറേറ്റുകളുടെ കുതന്ത്രമൊക്കെ കാര്യവിവരം ഉള്ളവർക്ക് അറിയാം. കുത്തകകൾ ഉയർന്ന വിലയ്ക്ക് ഉത്പന്നങ്ങൾ സംഭരിക്കും. കർഷകർ അവർക്കു വില്ക്കും. ലൈസൻസ് ഫീസും നികുതിയും കൈക്കൂലിയും ഒക്കെ കൊടുത്ത വ്യാപാരികൾ ഈച്ചയാട്ടി ഇരിക്കും. അങ്ങനെ ഒന്നുരണ്ടു വിളവെടുപ്പുകാലം കഴിയുമ്പോഴേക്ക് വ്യാപാരികൾ വേറെ വഴിക്കു പോകും. മണ്ഡികളും ഇല്ലാതാകും. പിന്നെ ഉത്പന്നങ്ങൾ വാങ്ങാൻ കോർപ്പറേറ്റുകൾ മാത്രം. അങ്ങനെ കുത്തക കിട്ടുമ്പോൾ അവർ തനിനിറം പുറത്തെടുക്കും. നക്കാപ്പിച്ചാവിലയ്ക്ക് വില്ക്കുകയല്ലാതെ കർഷകർക്കു വഴിയില്ലാതാകും. ജിയോയുടെയൊക്കെ അനുഭവമുള്ള കർഷകർക്ക് ഇതും മനസിലായിപ്പോയി.

കർഷകരുടെ മറ്റൊരു ആശ്രയം ഫൂഡ് കോർപ്പറേഷൻ (F. C. I.) ആയിരുന്നു. അവർ മണ്ഡികളിലൂടെ സംഭരണം നടത്തിയിരുന്നു. എന്നാൽ ഈ സംഭരണം കുറയ്ക്കണം എന്നാണ് എഫ്. സി. ഐ.യെ ‘രക്ഷിക്കാൻ’ 2014-ൽ നിയോഗിച്ച ശാന്തകുമാർ കമ്മിറ്റിയുടെ ഒരു പ്രധാന നിർദ്ദേശം. കുത്തകകളുടെ കമ്മീഷൻ ഏജന്റുമാരായ ഭരണക്കാർ അതു നടപ്പാക്കാതിരിക്കുമോ? അതിനുള്ള ഉപാധിയുമാണ് ഈ നിയമം. അല്ലെങ്കിൽത്തന്നെ മണ്ഡികൾ ഇല്ലാതായാൽ അതുവഴി നടന്നിരുന്ന ആ സംഭരണവും നിലയ്ക്കുമല്ലോ. ഈ ബോദ്ധ്യവും കർഷകർക്കുണ്ട്.

പൊളിയുന്ന വ്യാജവാദങ്ങൾ

ഈ നിയമം അടിച്ചേല്പിക്കുന്നവരുടെ മറ്റൊരു വാദം, ഇതുപ്രകാരം കർഷകർക്ക് രാജ്യത്ത് എവിടെയും കൊണ്ടുപോയി വില്ക്കാനുള്ള അനുവാദം കിട്ടുകയാണല്ലോ, പിന്നെന്ത് എന്നാണ്. അതാണ് ഏറ്റവും വലിയ കോമഡി. കുത്തകവത്ക്കരണം സംഭവിച്ചാൽ രാജ്യത്ത് എവിടെയും ഒരേ കോർപ്പറേറ്റുകളല്ലേ വാങ്ങാനുള്ളൂ? എവിടെ കൊണ്ടുപോയിട്ട് എന്തു കാര്യം! അല്ലെങ്കിലും ദൂരദേശത്ത് ഉത്പന്നങ്ങൾ കൊണ്ടുപോകാൻ ഏതു കർഷകർക്കാണു കഴിയുക! വാസ്തവത്തിൽ ഈ സ്വാതന്ത്ര്യവും കോർപ്പറേറ്റുകൾക്ക് ഉള്ളതാണ് – രാജ്യത്ത് എവിടെനിന്നും സംഭരിക്കാനുള്ള അവകാശം.

എ. പി. എം. സി. സംവിധാനം ഇല്ലാതാക്കിയ ബിഹാറിന്റെ അനുഭവവും കർഷകർക്കുമുന്നിൽ ഉണ്ട്. അവിടത്തെ ചെറുകിടകർഷകർ ഇപ്പോൾ റോഡുവക്കിലിരുന്നു സ്വന്തം ഉത്പന്നങ്ങൾ വില്ക്കുകയാണ്! വിറ്റുതീരാത്തവ അളിഞ്ഞുപോകുന്നതിന്റെ നഷ്ടം വേറെയും. മണ്ഡികൾക്കും കോർപ്പറേറ്റുകൾക്കുമുള്ള ശിതീകൃതസംഭരണസംവിധാനമൊന്നും കർഷകർക്ക് ഇല്ലല്ലോ. അവ ഒരുക്കാനുള്ള പാങ്ങും അവർക്കില്ല.

മണ്ഡികളുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരുകൾക്ക് പ്രത്യേക ഇന്റലിജൻസ് സംവിധാനം നിലവിലുണ്ട്. വിലക്കയറ്റം മനസിലാക്കുകയും വിപണിയിടപെടലുകൾ നടത്തുകയും ചെയ്തുവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അതു പോകുന്നതോടെ വിപണിയിടപെടലിൽനിന്നു സർക്കാരുകൾ പിൻവാങ്ങും. ഇതു വലിയ വിലക്കയറ്റത്തിന് ഇടയാക്കും എന്നാണു വിദഗ്ദ്ധർ നല്കുന്ന മുന്നറിയിപ്പ്. അല്ലെങ്കിൽത്തന്നെ കോർപ്പറേറ്റുകൾ വിപണി കൈയടക്കുന്നതോടെ വിലക്കയറ്റം ഉറപ്പാണല്ലോ.

കർഷകർക്കു കിട്ടുന്ന വില കുറയുന്നതോടെ അവർ പ്രതിസന്ധിയിലാകുകയും കൃഷി ഉപേക്ഷിക്കാനോ കൃഷിക്കായി കോർപ്പറേറ്റുകൾതന്നെ ഒരുക്കാൻപോകുന്ന പുതിയ കടക്കെണികളിൽ തലവയ്ക്കാനോ നിർബ്ബന്ധിതരാകും. കൃഷിഭൂമി തുച്ഛമായ തുകയ്ക്ക് കോർപ്പറേറ്റുകൾ ഏറ്റെടുത്തു കൃഷിചെയ്യുന്ന സ്ഥിതിയും അനതിവിദൂരമല്ല.

മണ്ഡികളിലെ വ്യാപാരത്തിൽ നിശ്ചിതനികുതി സംസ്ഥാനങ്ങൾക്കു കിട്ടുമായിരുന്നു. പഞ്ചാബും ഹരിയാനയും പോലെ കൃഷിയധിഷ്ഠിതസമ്പദ്ഘടനയുള്ള സംസ്ഥാനങ്ങളുടെ തരക്കേടില്ലാത്ത വരുമാനമാണ് ഇതുമൂലം നിലയ്ക്കുക. ഇതു സംസ്ഥാനങ്ങളുടെ വികസനത്തെയും ബാധിക്കും.

ഒറ്റനിയമം‌തന്നെ ഇത്രയേറെ ദുരന്തം ഉണ്ടാക്കുമെങ്കിൽ മറ്റുള്ളവകൂടി ആകുമ്പോഴോ!

ശാക്തീകരണക്കുരുക്ക്

രണ്ടാമത്തെ നിയമം പരിശോധിക്കാം.  Farmers (Empowerment and Protection) Agreement of Price Assurance and Farm Services Act, 2020 – (FAPAFS Act) എന്നാണതിന്റെ പേര്. ദാ, ഇവിടെയുമുണ്ട് പേരിൽ എം‌പവർമെന്റ്, പ്രൊട്ടക്‌ഷൻ, പ്രൈസ് അഷ്വറൻസ് ഒക്കെ. മധുരം പുരട്ടിയ പാഷാണം.

ഒട്ടെല്ലാവിദഗ്ദ്ധരും അപകടകരമെന്നു ചൂണ്ടിക്കാട്ടിയിട്ടുള്ള കരാർക്കൃഷിക്കായുള്ളതാണീ നിയമം. കരാർക്കൃഷിയുടെ അപകടങ്ങളെപ്പറ്റി 90-കളൊക്കെമുതലേ എത്രയോ പഠനങ്ങളുണ്ട്. ഹരിതവിപ്ലവം കൃഷിഭൂമിക്കേല്പിച്ച ക്ഷതം നേരിട്ടുബോദ്ധ്യമുള്ള ഡോ: സ്വാമിനാഥൻ തലവനായ കമ്മിറ്റി 2006-ൽത്തന്നെ നല്കിയ മുന്നറിയിപ്പുകളും മുന്നിലുണ്ട്.

അപ്പപ്പോഴത്തെ പരമാവധിലാഭം എന്ന പ്രകൃതിവിരുദ്ധമുതലാളിത്തസമീപനം മണ്ണിന്റെ ഗുണനിലവാരം തകർക്കുന്ന കൃഷിരീതികൾക്കു കർഷകരെ നിർബ്ബന്ധിക്കും. ഒരു കൃഷിഭൂമി ഇങ്ങനെ കൃഷിയോഗ്യമല്ലാതാകുമ്പോൾ കോർപ്പറേറ്റുകൾ അടുത്ത ഇരനോക്കി സ്ഥലം വിടും. ഇതു കർഷകരുടെതന്നെ അന്നം മുട്ടിക്കും.

മറ്റൊരു കെണി ഭക്ഷ്യവിളകൾക്കുപകരം നാണ്യവിളകൾ കൃഷിചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ്. ഇത് ആ സമൂഹത്തിലും രാജ്യത്തുതന്നെയും ഭക്ഷ്യദൗർലഭ്യത്തിനും വിലക്കയറ്റത്തിനും വഴിയൊരുക്കും.

കരാർക്കൃഷി കർഷകർക്ക് ആദായകരമല്ല എന്നതിന് ആന്ധ്രപ്രദേശിലെ കുപ്പത്തു 2013-ൽ സർക്കാർമുൻകൈയിൽ തുടങ്ങിയ പദ്ധതിതന്നെ പൊളിഞ്ഞ് ഉപേക്ഷിച്ചതടക്കം നിരവധി ഉദാഹരണങ്ങളുണ്ട്. ഇതേപ്പറ്റി ‘ഫ്രണ്ട്‌ലൈൻ’ അന്നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ശീർഷകം‌തന്നെ ‘CORPORATE CONTROL: Exploitative models’ എന്നായിരുന്നു. ചെറുകിട, ഇടത്തരം കർഷകരാണ് ഇതിന്റെ പ്രധാന ഇര.

കരാർക്കൃഷിയിലെ കെണികൾ

ഇനി കരാറിന്റെ വിശേഷങ്ങളിലേക്കു വരാം. വിളവിന്റെ ഗുണമേന്മ അടിസ്ഥാനമാക്കി മുൻകൂർ വില നിശ്ചയിച്ച് കരാറിൽ ഏർപ്പെടാം എന്നതാണ് കരാർക്കൃഷിയുടെ ഗുണമായി അനുകൂലികൾ പറയുന്നത്. നിയമത്തിൽ അങ്ങനെ വ്യവസ്ഥയുണ്ടുതാനും. പക്ഷെ, ഈ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയാണ്. കേരളത്തിൽത്തന്നെയുണ്ട് അംബികാദേവി എന്ന കർഷകയുടെ അനുഭവം. ഒന്നരയേക്കറിൽ ഔഷധസസ്യമായ വെളുത്ത മുസ്‌ലി കൃഷിചെയ്യാനായിരുന്നു കരാർ. 2004-ൽ നടത്തിയ ആ കൃഷിയുടെ നിയമവ്യവഹാരം തീർന്നത് ഒരുകൊല്ലം മുമ്പ് 2020 മാർച്ചിലാണ്!

നന്ദൻ ബയോമെട്രിക്സ് എന്ന കമ്പനിയുമായുള്ള കരാറിൽ കിലോയ്ക്ക് 1000 രൂപയാണു വില നിശ്ചയിച്ചിരുന്നത്. എന്നാൽ, കമ്പനി കരാർ ലംഘിച്ചു. അംബികാദേവി 2008-ൽ ഉപഭോക്തൃക്കോടതിയിൽ പരാതി നല്കി. അനുകൂലവിധികിട്ടി. കമ്പനി സുപ്രീം കോടതിയിൽ പോയി. അതിലെ വിധിയും അനുകൂലമായിരുന്നെങ്കിലും ഒരു വ്യാഴവട്ടമാണ് വ്യവഹാരങ്ങൾക്കു നഷ്ടമായത്.

ഇതിൽ കാണേണ്ടത് മൂന്നു കാര്യമാണ്. ഒന്ന്, എത്ര കർഷകർക്കു കഴിയും ഇത്തരം അനന്തമായ നിയമവ്യവഹാരം; അതും കോർപ്പറേറ്റുകളോട്; അതും നീതിന്യായം പോലും വിലയ്ക്കെടുക്കപ്പെടുന്ന ഒരു കാലത്ത്? മറ്റൊന്ന്, എപ്പോഴും വിധി അനുകൂലമാകണമെന്നില്ല. മൂന്നാമത്തെതും ഏറ്റവും പ്രധാനവുമായ കാര്യം, കമ്പനികൾക്കു കരാറുകൾ ലംഘിക്കുക എളുപ്പമാണ്.

നമ്മൾ ചില ആപ്പൊക്കെ ഡൗൺലോഡ് ചെയ്യുമ്പോൾ ‘ഐ എഗ്രീ’ എന്നു ക്ലിക് ചെയ്തുവിടുന്ന വ്യവസ്ഥകൾപോലെയാണ് ഇത്തരം കരാറുകളിലെയും വ്യവസ്ഥ. അതെല്ലാം വായിച്ചു മനസിലാക്കി പഴുതെല്ലാം അടച്ച് ഒപ്പുവയ്ക്കാൻ എത്ര കർഷകർക്കു കഴിയും! സങ്കീർണ്ണവ്യവസ്ഥകളിൽ പഴുതുകൾ കണ്ടെത്തി തർക്കിക്കാനും കമ്പനികൾക്ക് എളുപ്പമാണ്. എന്തിന്, കരാറിൽ പറഞ്ഞ ഗുണനിലവാരം ഇല്ല എന്നു പറഞ്ഞാൽപ്പോരെ? അതൊക്കെ എങ്ങനെ തെളിയിക്കും?

ഇതൊന്നുമല്ല ഇപ്പോൾ സ്ഥിതി. തർക്കം വന്നാൽ സിവിൽ കോടതിയിൽ പോകാൻ പുതിയ നിയമപ്രകാരം കർഷകർക്ക് അവകാശമില്ല! സബ്‌ഡിവിഷണൽ മജിസ്റ്റ്രേട്ട് നിയോഗിക്കുന്ന സമിതിയാണ് ഇവ കേട്ടു തീർപ്പാക്കുക! ഒരുവശത്ത് വമ്പൻ കോർപ്പറേറ്റ് ആകുമ്പോൾ തീർപ്പൊക്കെ ഊഹിക്കാവുന്നതല്ലേയുള്ളൂ.

ഈ നിയമത്തിലും താങ്ങുവില പറയുന്നില്ല. തീർപ്പ് എതിരായാലും താങ്ങുവില കിട്ടുമല്ലോ എന്നു സമാധാനിക്കാൻപോലും വകയില്ല.

പേറ്റന്റുള്ള, ജനിതകമാറ്റം വരുത്തിയ, ബി. റ്റി. വിത്തിനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ പെപ്സി കമ്പനി ഗുജറാത്തുകർഷകർക്കെതിരെ നടത്തിയ കേസ്. പെപ്സിക്കു കുത്തകാവകാശമുള്ള എഫ്. സി. – 5 എന്നയിനം ഉരുളക്കിഴങ്ങു കൃഷിചെയ്തതിനായിരുന്നു കേസ്. ദരിദ്രരായ നാലു കർഷകരിൽനിന്ന് അവർ ആവശ്യപ്പെട്ടത് ഒന്നരക്കോടി രൂപയാണ്! അത്രയ്ക്കു ഹിംസാത്മകമാണ് ലാഭദുരയാൽ മത്തുപിടിച്ച കോർപ്പറേറ്റുകൾ!

ഹൈബ്രിഡ് വിത്ത് ഉപയോഗിച്ചുള്ള കൃഷിയിൽ ഇത്തരം കെണികൾ പലതുമുണ്ട്. കർഷകർ ഉത്പാദിപ്പിച്ച അത്തരം വിത്ത് എടുക്കുമ്പോൾ വിലയുടെ 25 ശതമാനമേ കമ്പനികൾ നല്കൂ. വിത്തു പരിശോധിച്ച് ജനിതകഘടന കൃത്യമാണെന്ന് ഉറപ്പാക്കിയിട്ടേ ബാക്കി കൊടുക്കൂ, ജനിതകഘടനയിൽ മാറ്റം കണ്ടാൽ ബാക്കി കിട്ടില്ല എന്നുതന്നെ.

ഇതെല്ലാം ഇപ്പോൾ കർഷകർ മാത്രമല്ല, കാര്യങ്ങൾ മനസിലാക്കുന്ന ജനങ്ങളൊക്കെയും ചർച്ച ചെയ്യുകയാണ്. കാരണം, ഇവയൊന്നും കർഷകരെ മാത്രമല്ല ബാധിക്കാൻപോകുന്നത്. ഭക്ഷ്യാരക്ഷിതത്വം, വിലക്കയറ്റം, രാഷ്ട്രീയാവശ്യങ്ങൾക്കും മറ്റുമായി സൃഷ്ടിക്കാവുന്ന കൃത്രിമക്ഷാമം എന്നുതുടങ്ങി ജനവിഭാഗങ്ങളുടെ ഭക്ഷണശീലങ്ങളിലുള്ള ഇടപെടലുകൾക്കുവരെ ഇതു വഴിവയ്ക്കാം.

മറ്റുള്ളവരും ഇരകൾ

മുഴുവൻ ജനവിഭാഗങ്ങളെയും നേരിട്ടുതന്നെ ബാധിക്കാൻപോകുന്ന ഒന്നാണ് മൂന്നാമത്തെ നിയമം. ഇതൊരു പുതിയ നിയമമല്ല, നിലവിലെ അവശ്യസാധനനിയമത്തിന്റെ ഭേദഗതിയാണ്. പേര് The Essential Commodities (ECA) (Amendment) Act 2020.

ഇതാണു ഭേദഗതി: “ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യയെണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ ഇനിമേൽ യുദ്ധവും ഭക്ഷ്യക്ഷാമവും പ്രകൃതിക്ഷോഭവും അസാധാരണവിലക്കയറ്റവും ഉൾപ്പെടെയുള്ള അസാധാരണസാഹചര്യങ്ങളിൽ മാത്രമേ അവശ്യസാധനമായി കണക്കാക്കൂ.” എന്നുവച്ചാൽ ഇനി അവ അവശ്യവസ്തുക്കളല്ല; മനുഷ്യർക്ക് അവ അവശ്യവസ്തുക്കൾതന്നെ ആണെങ്കിലും.

എന്താണിതിന്റെ അർത്ഥം? ഇവയടക്കമുള്ള ഭക്ഷ്യവസ്തുക്കളും മരുന്ന്, വളം, പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും, കാലിത്തീറ്റ, ഭക്ഷവിളകളുടെയും പഴവർഗ്ഗങ്ങളുടെയും വിത്തുകൾ, ചണം, കഴിനൂൽ എന്നീ എട്ടിനങ്ങളും അവശ്യസാധനങ്ങളായി സർക്കാർ പ്രഖ്യാപിച്ചതാണ് 1955-ലെ അവശ്യസാധനനിയമം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തി വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാകാതെ പാവങ്ങളെയും സാധാരണക്കാരെയും രക്ഷിക്കാൻ കൊണ്ടുവന്ന നിയമം. നിയമം‌വഴി ഇവയുടെ ഉത്പാദനവും സംഭരണവും വിതരണവും സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. ഇവയുടെ പരമാവധി വില്പനവില നിശ്ചയിക്കുന്നതും സർക്കാരാണ്. നിശ്ചിത അളവിൽ കൂടുതൽ ആരെങ്കിലും സംഭരിച്ചാൽ ശിക്ഷയും കിട്ടും.

നിയമം നിലനില്ക്കെതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതിന്റെ ഫലം നാം അനുഭവിക്കുകയാണ്. ഇപ്പോൾ ഇതാ ഏറ്റവും അടിസ്ഥാനാവശ്യമായ ഈ ഭക്ഷ്യവസ്തുക്കളെ നിയമത്തിൽനിന്നുതന്നെ എടുത്തുകളഞ്ഞു!

ഭേദഗതിപ്രകാരം, ഇനി ഇവ സംഭരിച്ചുവയ്ക്കാനുള്ള പരിധിക്കു നിയന്ത്രണം അവയുടെ വില കൂടുമ്പോൾ മാത്രമായിരിക്കും. എത്ര കൂടുമ്പോൾ എന്നതാണു രസം. കഴിഞ്ഞ അഞ്ചുകൊല്ലത്തെ ശരാശരി വിലയോ തൊട്ടുമുമ്പത്തെ 12 മാസത്തെ വിലയോ ഏതാണോ കുറവ് അതിന്റെ 100 ശതമാനം വില വർദ്ധിച്ചാൽ ചീഞ്ഞുപോകുന്നയിനം ഭക്ഷ്യവസ്തുക്കൾക്കും 50 ശതമാനം വർദ്ധിച്ചാൽ മറ്റു ഭക്ഷ്യവസ്തുക്കൾക്കും സംഭരണനിയന്ത്രണം ഏർപ്പെടുത്താം!

എന്തെങ്കിലും മനസിലായോ? അങ്ങനെയൊരു വർദ്ധന ഏതാണ്ട് അസംഭവ്യമാണ്. അതുകൊണ്ടുതന്നെ ഒരിക്കലും ഇവയ്ക്കുമേൽ നിയന്ത്രണം ഉണ്ടാകാൻ പോകുന്നില്ല. ഇതിലെ മറ്റൊരു കെണി, ഈ രംഗം കൈയാളാൻപോകുന്ന കോർപ്പറേറ്റുകൾക്ക് 99 ശതമാനം‌വരെ വിലകൂട്ടി വില്ക്കാം. അതിനുതക്കവണ്ണം ഇഷ്ടം‌പോലെ പൂഴ്ത്തിവയ്ക്കാം.

ഇനിയുമുണ്ട് ഒരു സാദ്ധ്യത. നൂറുശതമാനം ഒറ്റയടിക്കു വർദ്ധിക്കാത്തവണ്ണം പടിപടിയായി കൂട്ടിക്കൊണ്ടിരുന്നാൽ, നാലഞ്ചുവർഷം‌കൊണ്ട് അഞ്ചുകൊല്ലത്തെ ശരാശരിയും തൊട്ടുമുമ്പത്തെ 12 മാസത്തെ ശരാശരിയും വലിയ സംഖ്യകളാകും. അപ്പോൾ നൂറുശതമാനം എന്ന വ്യവസ്ഥ ലംഘിക്കാതെതന്നെ കൊള്ളവിലയ്ക്കു വില്പന നടത്താം. എങ്ങനെയുണ്ട് കോർപ്പറേറ്റ് ബുദ്ധി?

അന്തം‌വിട്ട പ്രതി എന്തും ചെയ്യും!

ഇപ്പോൾ നാം കാണുന്ന ഏറ്റവും വലിയ അസംബന്ധം, വേണ്ടെന്നു കർഷകർ പറഞ്ഞിട്ടും അടിച്ചേല്പിച്ചേ അടങ്ങൂ എന്ന വാശിയാണ്. കർഷകരക്ഷയക്കാണത്രേ നിയമം. ഈ രക്ഷ ഞങ്ങൾക്കു വേണ്ടാ എന്നു മാസങ്ങളായി കർഷകർ പറയുന്നു. പിന്നെ എന്തിന്റെ സൂക്കേടാണു സർക്കാരിന്? കോർപ്പറേറ്റ് അച്ചാരത്തിന്റെ ബാദ്ധ്യത. അല്ലാതെ ഒരു ന്യായവും കാണുന്നില്ല.

എന്തെല്ലാം പരാക്രമങ്ങളാണ് അതിനു കാട്ടിക്കൂട്ടുന്നത്. കർഷകർക്കിടയിലെ കുത്തിത്തിരിപ്പുമുതൽ കർഷകർ പഴയ ഖാലിസ്ഥാൻവാദികളാണെന്നും സമരത്തിനു പിന്നിൽ ദേശവിരുദ്ധശക്തികളാണെന്നും മറ്റുമുള്ള അപകടകരമായ ദുഷ്പ്രചാരണങ്ങൾ വരെ എന്തെല്ലാം! ലോകാദരണീയരായ മനുഷ്യാവകാശപ്രവർത്തകരെപ്പോലും അസഹിഷ്ണുതയുടെ വിഷം ചീറ്റിയും അന്തസാരശൂന്യരായ തമോ‘താരങ്ങ’ളായ കൂലിപ്പടയെ ഇറക്കിയും അധിക്ഷേപിക്കുന്നു. ഭയത്തിന്റെ മുള്ളുവേലികൾ തലസ്ഥാനത്തെരുവുകളിൽപ്പോലും കെട്ടിനിറയ്ക്കുന്നു. ഇൻഡ്യയെ ലോകത്തിനുമുന്നിൽ നിരന്തരം അപഹാസ്യമാക്കുകയാണു കേന്ദ്രസർക്കാരും കോർപ്പറേറ്റ് കൂട്ടാളികളും ഇതിന്റെയൊന്നും ഏക്കും പൂക്കും അറിയാത്ത ചാണകപ്പടയും.

ഈ പരാക്രമമെല്ലാം കാട്ടി ഇത്ര വിനാശകരമായ നിയമങ്ങൾ അടിച്ചേല്പിക്കാൻ നോക്കുന്നതു കാണുമ്പോൾ കല്യാണരാമൻ എന്ന സിനിമയിലെ പോഞ്ഞിക്കര എന്ന ഇന്നസെന്റ് കഥാപാത്രം സദ്യ വിളമ്പുന്ന രംഗമാണ് ഓർമ്മവരുന്നത്. ചോറു വേണ്ടാ എന്നു പറയുന്ന ഒരാളെ ‘അതെന്താടാ നിനക്കു ചോറു വേണ്ടാത്തെ’ എന്നു ചോദിച്ചു പ്രകോപിപ്പിച്ച് ചോറെല്ലാംകൂടി കമഴ്ത്തിയിട്ട് ‘മര്യാദയ്ക്കു തിന്നെടാ’ എന്ന് ആക്രോശിച്ച് സർവ്വത്ര അലമ്പാക്കുന്ന രംഗം. അതുപോലെ അലമ്പുണ്ടാക്കി രാജ്യം കുട്ടിച്ചോറാക്കുകയാണ് അഖിലേൻഡ്യാ പോഞ്ഞിക്കരമാർ!

പക്ഷെ, ഒന്ന് ഉറപ്പാണ്. ഈ വിഷവിത്തുകൾ ഇൻഡ്യയുടെ മണ്ണിൽ വിതയ്ക്കാൻ കർഷകരും അവരുടെ വിലയറിഞ്ഞ് അവരെ സ്നേഹിക്കുന്നവരും അനുവദിക്കില്ല. ഇരുട്ടിന്റെ ശക്തികൾ ഒരോ കരു നീക്കുമ്പോഴും മറുവശത്ത് അണിചേരുന്ന മനുഷ്യലക്ഷങ്ങൾ രാജ്യത്തിന്റെ ഭാവിയുടെ പ്രതീക്ഷയാണ്. തരക്കേടില്ലാത്ത ധനസ്ഥിതിയിൽ ആയിരുന്ന രാജ്യത്തെ നോട്ടുനിരോധനവും വർഗ്ഗീയഭിന്നിപ്പിക്കലും പോലുള്ള വങ്കത്തരങ്ങളിലൂടെ കുളം കോരിയിട്ടും രാഷ്ട്രമെന്ന നിലയിൽ നാം തകരില്ല, പുലരും എന്ന പ്രതീക്ഷ പകരുന്നത് കർഷകരും ദളിത് ജനതയും വിദ്യാർത്ഥികളും തൊഴിലാളികളുമൊക്കെ കാട്ടുന്ന തിരിച്ചറിവിന്റെ സംഘബോധമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker