NEWS

കേരളത്തിൽ മൂന്ന് ദിവസങ്ങൾ കൂടി അതിതീവ്രമഴ, മണ്ണിടിച്ചിൽ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്

അതിതീവ്രമഴ എന്ന നിഗമനപ്രകാരം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തമിഴ്നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് കനത്ത മഴയ്ക്ക് കാരണം.

കേരളത്തിൽ ഉടനീളം എല്ലാ ജില്ലകളിലും ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പടെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ കേരളത്തിൽ അതി തീവ്രമഴ സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അടക്കം റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്ന് ജില്ലാ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം.

മഴ സാധ്യത-വിവിധ കാലാവസ്ഥ കേന്ദ്രങ്ങളുടെ പ്രവചനം:

കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത് തെക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. നാളെയും മറ്റന്നാളും അതിശക്ത മഴയ്ക്കും സാധ്യത

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting)ന്റെ നിഗമന പ്രകാരം ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി അതിശക്തമായ മഴ ഉണ്ടാകും.

National Centers for Environmental Prediction ഇന്നും നാളെയും തെക്കൻ കേരളത്തിൽ അതിതീവ്ര മഴയും, മറ്റന്നാൾ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴ സാധ്യതയും പ്രവചിക്കുന്നു.

European Centre for Medium-Range Weather Forecasts പ്രവചിക്കുന്നത് ഇന്ന് തെക്കൻ കേരളത്തിൽ അതിതീവ്ര മഴയും, നാളെ വ്യാപകമായി അതിതീവ്ര മഴയും മറ്റന്നാൾ കേരളത്തിൽ അതിശക്തമായ മഴയും കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ അതിതീവ്ര മഴയുടെ സൂചനയും നൽകുന്നു.

സ്വകാര്യ ഏജൻസിയായ I.B.M weather ഇന്ന് തെക്കൻ കേരളത്തിൽ അതിതീവ്ര മഴ സൂചന നൽകുന്നു.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

അതിതീവ്രമായ മഴമൂലം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.

ഡാമുകളുടെ റൂൾകെർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും ഇലക്ട്രിസിറ്റിബോർഡ്, ഇറിഗേഷൻ, കേരളാ വാട്ടർ അതോറിറ്റി വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2021’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാർഗ്ഗരേഖക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.

Back to top button
error: