KeralaNEWS

ഭൂമിക്ക് പൊള്ളുമ്പോൾ, മലയാളി കണ്ണുതുറക്കാൻ…

 

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണല്ലോ ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യുന്നത്. യു.കെ.യിലെ ഗ്ലാസ്‌ഗോയില്‍ കാലാവസ്ഥ ഉച്ചകോടി നടന്ന് കൊണ്ടിരിക്കുന്നുവെന്നതാണ് ഇതിന് കാരണം. മലയാളികള്‍ ഇനിയും കാലാവസ്ഥ വ്യതിയാനത്തിന്റ ഭീകരതയെക്കുറിച്ച് ബോധവന്മാരല്ല. പ്രളയവും ഉരുള്‍പ്പൊട്ടലും കൊടുങ്കാറ്റും വരുമ്പോള്‍ മാത്രമാണ് മലയാളികള്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗാഡ്ഗിലിനെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നത്. അതു കഴിഞ്ഞാല്‍ വീണ്ടും പഴയത് പോലെ ഭൂമിയെ നോവിച്ചും മരങ്ങള്‍ വെട്ടിമാറ്റിയും സ്വന്തം സാമ്രാജ്യം വികസിപ്പിക്കാനുള്ള ശ്രമം തുടരും.
സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിലാണ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രത്യേക പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യുസ് അവതരിപ്പിച്ചത്. സ്വന്തം ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന ഭൂമിയിലെ ഏക ജീവിയായ മനുഷ്യരോടാണ് രാഹുല്‍ കൃഷ്ണ ലളിതമായ ഭാഷയില്‍ സംസാരിച്ചത്.

മുമ്പ് കേരളത്തില്‍ ബിനോയ് വിശ്വം എന്നൊരു വനം മന്ത്രിയുണ്ടായിരുന്നു. ഇപ്പോഴത്തെ കൃഷി മന്ത്രി പി.പ്രസാദ് അദേഹത്തിന്റ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഒരു പക്ഷെ അന്നായിരിക്കാം കേരളം ഏറ്റവും കൂടുതലായി കാലാവസ്ഥാവ്യതിയാനം ചര്‍ച്ച ചെയ്തത്. ആഗോള താപനം, മരമാണ് മറുപടി എന്ന മുദ്രവാക്യം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആഗോള താപനത്തിന് എതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു. പക്ഷെ, പിന്നിട് അതിന് കാര്യമായ ഇടപ്പെടലുണ്ടായില്ല. എന്നാല്‍, കാര്‍ബണ്‍ കെഡ്രിറ്റിനെക്കുറിച്ചൊക്കെ കേരളം ചര്‍ച്ച ചെയ്തിരുന്നു. അത് പക്ഷെ, പരിസ്ഥിതി പ്രവര്‍ത്തകരെ വിമര്‍ശിക്കാനും അവര്‍ വിദേശ ഫണ്ട് വാങ്ങുന്നവരാണെന്നുമുള്ള ആരോപണം ഉന്നയിക്കുന്നതിനുമായിരുന്നു അത്.
ഭൂമിക്ക് പൊള്ളുമ്പോള്‍ എന്ന പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരിപാടി തയ്യാറാക്കിയത്. അത് ശരിയായ സമയത്ത് തന്നെയാണ് പ്രക്ഷേപണം ചെയ്തതും. ഒന്നേകാല്‍ ലക്ഷം വര്‍ഷത്തിനിടെ ഭൂമി നേരിടുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇപ്പോഴത്തേത് എന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞയിടത്ത് നിന്നാണ് ചര്‍ച്ച തുടങ്ങേണ്ടത്. ആഗോള താപനം കേരളത്തിലും എത്തി കഴിഞ്ഞുവെന്ന തിരിച്ചറിവില്‍ വേണം മലയാളികള്‍ ഇനിയും കാടും ഭൂമിയും നശിപ്പിക്കാന്‍. ഭൂമിക്ക് വേണ്ടി സംസാരിക്കുന്നവരെ സിംഹവാലന്‍ എന്ന് വളിച്ച് ആക്ഷേപിച്ചവരൊക്കെ ഒരു നിമിഷം പുറത്തേക്ക് നോക്കുക. രണ്ട് നൂറ്റാണ്ടിനിടെ ഭൂമിയെ ഏറെ വേദനിപ്പിച്ചു. റോഡുകള്‍ക്കും വ്യവസായങ്ങള്‍ക്കും വേണ്ടിയാണ് പ്രകൃതിയെ ഏറ്റവും കൂടുതല്‍ നശിപ്പിച്ചത്. കേരളത്തിലാകട്ടെ, ക്വാറികള്‍ക്ക് വേണ്ടി ഭൂമിയെ പിളര്‍ന്നതിന്റ ദുരന്തമാണ് പലയിടത്തും ഉരുള്‍പൊട്ടലിന്റ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

എ പി സി സിയുടെ ആറാമത് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ആ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.ഡോ.റോക്‌സി മാത്യു കോള്‍, ഡോ.ശ്രീരാജ് ഗോപി, ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ് തുടങ്ങി ഈ മേഖലയില്‍ പഠനം നടത്തുന്നവരെ കൂടി ഈ പ്രത്യേക പരിപാടിയില്‍ പങ്കെടുപ്പിച്ചത് എന്ത് കൊണ്ടും നന്നായി. അവരൊക്കെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തിലാണ് കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ചേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞത്.
കേരളം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം പ്രളയമാണ്. ഏതെങ്കിലും ഒരു കാലത്ത് അതിവൃഷ്ടി ലഭിച്ചിരുന്ന കാലമൊക്കെ പോയി. 2018 മുതല്‍ നിരന്തരം കേരളം പ്രളയത്തെ നേരിടുന്നതിന്റ യഥാര്‍ഥ കാരണം പറഞ്ഞത് ഡോ.റോക്‌സിയാണ്. ഒരു മാസം ലഭിക്കേണ്ട മഴ ഏതാനം മണിക്കൂറുകള്‍ കൊണ്ട് പെയ്ത് തീരുമ്പോള്‍ ഏങ്ങനെ പ്രളയം വരാതിരിക്കും? ഈ പെയ്യുന്ന മഴക്ക് ഭൂമിയിലേക്ക് താഴാന്‍ കഴിയുന്നില്ല. അഥവാ സംഭരിക്കാന്‍ കഴിയുന്നില്ല. വെള്ളം സംഭരിച്ചിരുന്ന പാടങ്ങളും ചതുപ്പുകളും ഇന്നില്ല. ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് മഴ പെയ്ത് കഴിഞ്ഞാല്‍ പിന്നെ വരള്‍ച്ചയായി. കാലാവസ്ഥാമാറ്റം കൃഷികളെയും ബാധിക്കുന്നു. കാലം തെറ്റി പൂക്കുന്ന മാവുകള്‍ നിത്യകാഴ്ചയാണ്.
പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നത് പോലെ കാലാവസ്ഥ വ്യതിയാനം തിരിച്ചറിയാന്‍ നിങ്ങളുടെ ജാലകങ്ങളിലുടെ പുറത്തേക്ക് നോക്കിയാല്‍ മതി. ഭൂമിയെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന് ഏഷ്യാനെറ്റ് ന്യുസ് പറഞ്ഞത് എത്രയോ ശരി… ഇന്നത്തെ നിലയില്‍ പഴയ കാലാവസ്ഥയിലേക്ക് ലോകത്തിന് പോകാന്‍ കഴിയില്ലെന്നാണ് കാലാവസ്ഥ ശാസ്ത്രജഞര്‍ പറയുന്നത്. വനനശീകരണം തടയുക, കല്‍ക്കരി ഉപയോഗം കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉച്ചകോടി മുന്നോട്ട് വെക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ തീരുമാനത്തിനൊപ്പമുണ്ട്. പരിസ്ഥിതി രംഗത്ത് ഒരിക്കല്‍ ഇന്ത്യയെയാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. ആദ്യ സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ സംബന്ധിച്ച ഏക ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ പിടികൂടിയത് ഇന്ത്യന്‍ മഹാസമുദ്രത്തെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ പ്രത്യേക പരിപാടിയില്‍ സംബന്ധിച്ച ശാസ്ത്രജഞര്‍ പറയുന്നത് ഗൗരവത്തോടെ വേണം കാണാന്‍. അതിന്റ ആഘാതം അറബിക്കടലിലേക്ക് എത്തുന്നു. 1.21 ഡിഗ്രി സെല്‍ഷ്യസ് താപനില കൂടി. ഇത് മല്‍സ്യസമ്പത്തിനെ ബാധിക്കും. അതിനേക്കാളുപരിയായി ലോലമായ അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള കൊച്ചുകേരളത്തെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. എല്ലാ അര്‍ഥത്തിലും കേരളം ഭീഷണി നേരിടുന്നുവെന്നര്‍ഥം.
ആഗോളതാപനം കുറച്ച് കൊണ്ട് വരിക മാത്രമാണ് പോംവഴി. ഇനിയങ്കിലും നമുക്ക് മരങ്ങള്‍ മുറിക്കാതിരിക്കാം. ഒപ്പം കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്താം. ടൂറിസത്തിനും വ്യവസായത്തിനും റോഡിനും അതിവേഗ പാതകള്‍ക്കും വേണ്ടിയൊക്കെ പ്രകൃതിയെ ഇനിയും നശിപ്പിക്കുന്നത്, പരിമിതപ്പെടുത്താം. ഇക്കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ തുടരാം. ഇത് നമ്മുടെ ജീവന് വേണ്ടിയാണെന്നും നിലനില്‍പ്പിന് വേണ്ടിയാണെന്നും അറിയണം. ഭാവി തലമുറക്ക് ജീവിക്കണമെങ്കില്‍ ആഗോള താപനം കുറച്ച് കൊണ്ട് വന്നേ മതിയാകൂ. രാഹുല്‍ കൃഷ്ണ ചൂണ്ടിക്കാട്ടിയത് പോലെ, ഇതോരു കണ്ണ് തുറക്കല്‍ ആകെട്ട.
ഇതിനിടെയാണ് ലോകത്തെ ആദ്യത്തെ ഭക്ഷ്യക്ഷാമം മഡഗാസ്‌കറില്‍ ഉള്ളതെന്ന് വിവരം പുറത്ത് വരുന്നത്. ഭക്ഷ്യക്ഷാമം ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തെ തകര്‍ത്തു കളഞ്ഞുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ ക്ഷാമം ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ലെന്നതിന്റ പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍.. കാലാവസ്ഥ വ്യത്യാനത്തിന്റെ പുത്തന്‍ ദുരന്തങ്ങളെ പ്രതിരോധിക്കുക എന്നതിനുള്ള അര്‍ത്ഥം ഭക്ഷ്യ സുരക്ഷ കൂടിയാണ്.
വയനാടിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് തുടങ്ങിവെച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയും മാതൃകയാണ്.ആഗോള താപനത്തിന് എതിരെയുള്ള ഒരു പഞ്ചായത്തിന്റ എളിയ ശ്രമം..

Back to top button
error: