Cover StoryKeralaNews

മട്ടന്നൂര്‍ കൊലപാതകം: യു.എ.പി.എ ചുമത്തണമെന്ന് ഹസന്‍

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.പി.എമ്മിനാണ് ഉത്തരവാദിത്തമെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നിലെ ശക്തമായ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണം. കൊലപാതകത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന സത്യമാണെങ്കില്‍ കുറ്റക്കാര്‍ക്ക് സംരംക്ഷണം നല്‍കരുത്. ഇവരുടെ കേസ് നടത്താന്‍ പിന്നീട് ഫണ്ട് പിരിവ് നടത്തില്ലെന്നും നെഞ്ചത്ത് കൈ വച്ച്‌ പറയണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം. മാത്രമല്ല, കേരളം ചോരക്കളമാവുന്ന സ്ഥിതി ഒഴിവാക്കാന്‍ ആഭ്യന്തരം സി.പി.എമ്മില്‍ നിന്ന് മാറ്റണം.

ജില്ലാ നേതാക്കളുടെ അറിവോടും സമ്മതത്തോടുമാണ് കൊലപാതകം നടത്തിയതെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. മണ്ഡലത്തിലെ എം.എല്‍.എ ആയ ഇ.പി.ജയരാജന്‍ ഇതേക്കുറിച്ച്‌ ഒരക്ഷരം മിണ്ടിയിട്ടില്ല. ജില്ലാ നേതാക്കളാരും അപലപിച്ചിട്ടുമില്ല. കണ്ണൂരില്‍ സി.പി.എമ്മിന്റെ ബി ടീമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. ബീഹാറില്‍ ബജ്റംഗ്ദള്‍ ചെയ്തപോലെ ഇവിടെ സി.പി.എമ്മും ബി.ജെ.പിയും കൊലപാതകം നടത്താന്‍ മത്സരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹസന്‍ പറഞ്ഞു.

കെ.എം.മാണിക്കെതിരെ ഉന്നയിച്ച കോഴആരോപണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അന്ന് ആരോപണം ഉന്നയിച്ച ബിജു രമേശ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. പാറ്റൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കിയതോടെ അതും രാഷ്ട്രീയ പ്രേരിത കേസായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടു. നിയമസഭയില്‍ മാണിയെ ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന വി.ശിവന്‍കുട്ടിയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.സി.പി.എം സംസ്ഥാന സെക്രട്ടറിയും നേതൃത്വവും ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്. കോഴ ആരോപണത്തില്‍ മാണി നിരപരാധിയാണെന്നാണ് എക്കാലവും കോണ്‍ഗ്രസും യു.ഡി.എഫും പറഞ്ഞിട്ടുള്ളതെന്നും ഹസന്‍ വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close