CrimeNEWS

ചെറുവണ്ണൂരിൽ ആർ എം പി നേതാവിനെ കാപ്പ ചുമത്തി ജയിലിലടക്കാൻ നീക്കമെന്ന് പരാതി; ‘സിപിഎമ്മും പൊലീസും വേട്ടയാടുന്നു’

കോഴിക്കോട് : ചെറുവണ്ണൂരില്‍ ആര്‍ എം പി നേതാവിനെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ നീക്കമെന്ന് പരാതി. ആര്‍എംപി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം കെ മുരളീധരനാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. സിപിഎം നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന മേപ്പയ്യൂര്‍ പൊലീസ് തന്നെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു.

സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന ചെറുവണ്ണൂര്‍ സ്വദേശി മുരളീധരന്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് പാര്‍ട്ടി വിട്ടത്. പിന്നീട് ആര്‍ എം പിയിലെത്തിയ മുരളീധരനെ സിപിഎമ്മും പൊലീസും വേട്ടയാടുകയാണെന്നാണ് ആക്ഷേപം. ആർ എം പിക്കായി പ്രവര്‍ത്തിച്ചതിന്‍റെ വിരോധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ രണ്ടു വര്‍ഷം മുമ്പ് വീട് അക്രമിച്ചുവെന്നാണ് മുരളീധരന്‍ പറയുന്നത്. വീട് അക്രമിച്ചവര്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തി കേസെടുത്ത മേപ്പയ്യൂര്‍ പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്നും ആരോപിച്ചു.

റോഡ് പ്രവര്‍ത്തിയിലെ അപാകത ചൂണ്ടിക്കാട്ടിയതിന‍്റെ പേരില്‍ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി  കള്ളക്കേസെടുത്തതായും മുരളീധരന്‍ ആരോപിക്കുന്നു. മേപ്പയ്യൂര്‍ പൊലീസ് സിആര്‍ പി സി 107 പ്രകാരം സ്ഥിരം പ്രശ്നക്കാരന്‍ എന്ന നിലയില്‍ മുരളീധരനെതിരെ വടകര ആര്‍ ഡി ഓ ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിപിഎം നിര്‍ദേശ പ്രകാരമാണ് പൊലീസിന്‍റെ നടപടിയെന്നാണ് മുരളീധരന്‍റെ ആരോപണം. പൊലീസ് നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് മുരളീധരന്‍റെ തീരുമാനം. എന്നാല്‍ മുരളീധരന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമാനുസൃതമുള്ള നടപടികളാണ് സ്വീകരിച്ചതെന്നും മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു.

Back to top button
error: