NEWSWorld

സൗദിയില്‍ അഞ്ചുവര്‍ഷത്തിനിടെ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 64 ലക്ഷം വിദേശികള്‍

റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം വിദേശികള്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയായതെന്ന് പ്രാദേശിക ദിനപ്പത്രമായ ‘ഒകാസി’നെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായവരില്‍ 47 ലക്ഷം പേര്‍ സൗദി താമസനിയമം ലംഘിച്ചവരാണ്. 823,715 പേര്‍ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 895,448 പേരും അറസ്റ്റിലായി. ‘എ നേഷന്‍ വിതൗട്ട് എ വയലേറ്റര്‍’ (നിയമലംഘകരില്ലാത്ത രാജ്യം) എന്ന രാജ്യവ്യാപകമായ സര്‍ക്കാര്‍ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 781,186 നിയമലംഘകരാണ് പിടിയിലായത്. അഞ്ച് വര്‍ഷം മുമ്പ് ക്യാമ്പയിന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ 21 ലക്ഷം നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷം 560,104 പേരെയാണ് നാടുകടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

Back to top button
error: