“പണിയെടുക്കുന്നവന് കൂലി കൊടുക്കാത്തത് ജനാധിപത്യ സമൂഹത്തിന് ചേരാത്ത നടപടി” കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: മന്ത്രി ആൻറണി രാജുവിനെതിരെ പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മന്ത്രി ആന്റണി രാജുവിനെ നിശിതമായി വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെഎസ്ആർടിസിയിലെ എഐടിയുസി ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിയെടുക്കുന്നവന് കൂലി കൊടുക്കാത്തത് ജനാധിപത്യ സമൂഹത്തിന് ചേരാത്ത നടപടിയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

മിച്ചമുണ്ടെങ്കിൽ ശമ്പളം തരാമെന്നത് പഴയകാല ജന്മിത്ത ബീജ നിലപാടാണ്. എൽഡിഎഫ് നിലപാടിന് വിരുദ്ധമാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ സമീപനം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിനും ബാധ്യതയുണ്ട്. എൽഡിഎഫ് സർക്കാരിന്റെ ഭാഗമാണ് കെഎസ്ആർടിസിയും. വകുപ്പ് ഭരിക്കുന്ന ആൾ എല്ലാം മാനേജ് ചെയ്യട്ടെയെന്ന് പറയുന്നത് കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.

പിയൂണിനേയും സർ എന്ന് വിളിക്കുന്ന ചിലരുണ്ടെന്ന് പന്ന്യൻ പറഞ്ഞു. ഇടത് മുന്നണിയുടെ പൊതു താത്പര്യത്തിന് എതിരായ കാര്യങ്ങൾ ഉണ്ടായാൽ, അത്തരം കാര്യങ്ങൾ പുറത്ത് പറയേണ്ടി വന്നാൽ പറയുക തന്നെ ചെയ്യും. കെഎസ്ആർടിസി മാനേജ്മെന്റിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ ഈ പൊതുഗതാഗത സംവിധാനത്തെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version