KeralaNEWS

അപകീര്‍ത്തികരമായ പരാമര്‍ശം; മയൂഖ ജോണി അടക്കം 10 പേര്‍ക്കെതിരെ കേസെടുത്തു

വ്യാജരേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചതിന് ഒളിംപ്യന്‍ മയൂഖ ജോണി അടക്കം 10 പേര്‍ക്കെതിരെ ആളൂര്‍ പോലീസ് കേസെടുത്തു. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി.പി.ഷാന്റോ എന്നിവര്‍ക്കും മറ്റ് 6 പേര്‍ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചത്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കേസ്.

ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്‍കിയ പരാതിയിലാണ് ഉത്തരവ്. മയൂഖ ജോണിയുടെ വീട്ടില്‍ താന്‍ ഭീഷണി നോട്ടിസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീര്‍ത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോണ്‍സണ്‍ മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നല്‍കിയതെന്നും സാബു ആരോപിച്ചു.

ഈ കേസില്‍ നടപടി ഇല്ലാത്തതു പ്രതികളുടെ സ്വാധീനം മൂലമാണെന്നാരോപിച്ച് മയൂഖ ജോണി കഴിഞ്ഞ 30ന് പത്രസമ്മേളനം നടത്തുകയും ഡിജിപി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.

2016-ലാണ് മയൂഖയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയായത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തെന്നാണ് പരാതി.

അന്ന് അവിവാഹിതയായതിനാല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയില്ല. വിവാഹിതയായതിന് ശേഷം പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നു. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്.

ചാലക്കുടി മജിസ്‌ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും മയൂഖ ഉന്നയിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker