NEWS

രണ്ട് ഡോസ് വാക്സിനും എടുത്തോ…? മദ്യം 10ശതമാനം വില കുറച്ച് കിട്ടും

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ പല വഴികൾ തേടുകയാണ് അധികൃതർ. അതിലൊന്നാണ് രണ്ട് ഡോസ് വാക്സിനും എടുത്തവർക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ്. വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരെ പ്രേരിപ്പിക്കാനാണ് മധ്യപ്രദേശിലെ മംദ്സോർ ജില്ലാ ടൂറിസം വകുപ്പ് വിചിത്രമായ ഈ മാർഗം പരീക്ഷിക്കുന്നത്

മംദ്സോർ: ശീർഷകം വായിച്ച് ഇറങ്ങിപുറപ്പെടാൻ വരട്ടെ. സംഗതി കേരളത്തിലല്ല.
കോവിഡ് വാക്സിൻ്റെ പ്രചരണാർത്ഥം മധ്യപ്രദേശിലെ മംദ്സോർ ജില്ലാ ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് മദ്യത്തിന് 10 ശതമാനം ഇളവ്.
കോവിഡ് മഹാമാരിയെ തടഞ്ഞുനിർത്തുന്നതിന് രാജ്യത്ത് എല്ലാവരും വാക്സിൻ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താൻ പല വഴികൾ അന്വേഷിക്കുകയാണ് അധികൃതർ.
അതിനിടയിലാണ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരേക്കൊണ്ട് വാക്സിനെടുപ്പിക്കാൻ മധ്യപ്രദേശിലെ ടൂറിസം വകുപ്പ് വിചിത്രമായ ഒരു വഴിതേടിയത്.
മധ്യപ്രദേശിലെ മംദ്സോർ ജില്ലാ ടൂറിസം വകുപ്പാണ് രണ്ട് ഡോസ് കോവിഡ് വാക്സിനുകളും എടുക്കുന്നവർക്ക് മദ്യത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചിത്. രാജ്യത്താദ്യമാണ് ഇത്തരത്തിലൊരു നീക്കം.

വാക്സിനേഷനായി ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മംദ്സോർ ജില്ലയിൽ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പറയുന്നു.

കോവിഡ് നിവാരണ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. രണ്ട് വാക്സിനും എടുത്ത സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് നൽകാൻ മദ്യശാലകളുടെ ഉടമകളുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്ന് ടൂറിസം കോർപ്പറേഷന്റെ ഉത്തരവിൽ പറയുന്നു.

ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ബി.ജെ.പി എം.എൽ.എ യശ്പാൽ സിസോദിയ പറഞ്ഞു.

കോവിഡ് വാക്സിൻ വിതരണത്തിൽ ഏറെ പുറകിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് മംദ്സോർ. 50 ശതമാനം പോലും വാക്സിനേഷൻ പൂർത്തിയായിട്ടില്ല. ഇതിനെ തുടർന്നാണ് വാക്സിൻ വിതരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Back to top button
error: