CrimeNEWS

പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയി എന്നാരോപിച്ചു യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് പരാതി

ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ട് ഇരുചക്ര വാഹനം നിര്‍ത്താതെ പോയി എന്നാരോപിച്ച് യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും പരാതി. ആലപ്പുഴ നോര്‍ത്ത് എസ്.ഐ മനോജ്, സി.പി.ഒ ശ്യാം എന്നിവര്‍ അകാരണമായി ഉപദ്രവിച്ചെന്നുകാട്ടി മണ്ണഞ്ചേരി 21-ാം വാര്‍ഡ് തമ്പകച്ചുവട് പടിഞ്ഞാറ് ശേഖര്‍ നിവാസില്‍ ഉണ്ണിക്കൃഷ്ണന്‍(35) ആണ് ആലപ്പുഴ എസ്.പിയ്ക്ക് പരാതി നല്‍കിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരിയുടെ 10, 14 വയസുള്ള കുട്ടികളുമായി ഉണ്ണിക്കൃഷ്ണന്‍ സഹോദരിയുടെ സ്‌കൂട്ടറില്‍ സിനിമയ്ക്ക് പോയിരുന്നു. വാഹനം കൈകാണിച്ചിട്ട് നിര്‍ത്തിയില്ല എന്ന് കാരണം പറഞ്ഞ്  വൈകിട്ട് സ്‌റ്റേഷനില്‍ നിന്ന് വിളിച്ച പ്രകാരം സഹോദരിയും ഭര്‍ത്താവും സ്‌റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്‍ ഹാജരാകാതെ വാഹനം തരില്ലായെന്നു പറഞ്ഞ് പോലീസ് വാഹനം പിടിച്ചുവച്ചു.

തുടര്‍ന്ന് ഇന്ന് രാവിലെ സ്‌റ്റേഷനില്‍ ഹാജരായ ഉണ്ണികൃഷ്ണനെ നോര്‍ത്ത് എസ്.ഐയും സി.പി.ഒയും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറഞ്ഞുവെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തി തനിക്ക് മര്‍ദനമേറ്റിട്ടില്ലായെന്ന് പറയിപ്പിച്ച് ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

നട്ടെല്ലിന് വേദന കലശലാതിനെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഉണ്ണികൃഷ്ണന്‍ ചികിത്സതേടി. മുഖത്ത്ചതവും കൈയിലും നടുവിനും നീരുവച്ചതിനാലും നാളെ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സതേടണമെന്ന് ഡോക്ടര്‍ ചിട്ടിലെഴുതി നല്‍കി. പരാതിയുമായി ഉണ്ണിക്കൃഷ്ണന്‍ പോയതറിഞ്ഞ്  പോലീസ് പിടിച്ചുവച്ച വാഹനം തിരികെനല്‍കാന്‍ ആര്‍.സി ഓണര്‍ ഹാജരായിട്ടും തയാറായില്ല.

ഉണ്ണിക്കൃഷ്ണന്‍ നേരിട്ടുചെന്നാലെ വാഹനം വിട്ടുനല്‍കുവെന്ന് ഇന്ന് വൈകിട്ട് അറിയിച്ചതായി ആര്‍.സി ഓണര്‍ പറയുന്നു. മഴയായതിനാലും കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ടതിനാലും ധൃതിപിടിച്ചുള്ള യാത്രയില്‍ വാഹനപരിശോധന ശ്രദ്ധയില്‍പെട്ടില്ലെന്നും പോലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

Back to top button
error: