KeralaNEWS

ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവര്‍ ചോദിച്ചത് മറ്റുപലതും; അന്നം മുട്ടിച്ചപ്പോള്‍ തൃപ്തിയായോയെന്ന് സ്വപ്ന

തിരുവനന്തപുരം: ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ക്രൈംബ്രാഞ്ച് സംഘം മറ്റുപല കാര്യങ്ങളുമാണ് ചോദിച്ചതെന്നും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന സുരേഷ്. എച്ച്.ആര്‍.ഡി.എസില്‍നിന്ന് ഒഴിവാകണം, കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തെളിവുകള്‍ ചോദിച്ചെന്നും സ്വപ്ന പറഞ്ഞു.

‘എച്ച്.ആര്‍.ഡി.എസിലെ ജോലി നഷ്ടപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് അവര്‍ ആരോപിച്ചു. ‘എച്ച്.ആര്‍.ഡി.എസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും നാള്‍ അന്നം തന്നതിന് അവരോട് നന്ദിയുണ്ട്. എന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തൃപ്തിയായോ എന്നാണ് ചോദ്യം. ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്ടിച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണ്. എന്റെ വയറ്റത്തടിച്ചു, മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. കേരളത്തിലുള്ള എല്ലാ പെണ്‍മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. അദ്ദേഹത്തിന്റെ മകളുടെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോര. ഞങ്ങളെയെല്ലാം അദ്ദേഹം പെണ്‍മക്കളായി കാണണം’- സ്വപ്ന പറഞ്ഞു.

‘ക്രൈംബ്രാഞ്ചിനെക്കൊണ്ട് എനിക്കെതിരേ കേസെടുപ്പിച്ചു. മിനിഞ്ഞാന്ന് ചോദ്യംചെയ്തു. എന്നാല്‍ അത് പീഡനമായിരുന്നു. അതിനെ ചോദ്യംചെയ്യല്‍ എന്ന് പറയാനാകില്ല. അവിടെനടന്ന സംഭവം പറയാം, ഇനി അതിന്റെ പേരില്‍ കേസെടുക്കുകയാണെങ്കില്‍ എനിക്ക് പ്രശ്നമില്ല.

എച്ച്.ആര്‍.ഡി.എസില്‍നിന്ന് ഒഴിവാകണം എന്നാണ് അവര്‍ ആദ്യം പറഞ്ഞത്. കൃഷ്ണരാജ് എന്ന വക്കീലിന്റെ വക്കാലത്ത് ഒഴിയാനും ആവശ്യപ്പെട്ടു. 2016 മുതല്‍ 2020 വരെ നടന്ന കാര്യങ്ങള്‍ ഇന്നലെ വന്ന വക്കീലിനോ എച്ച്ആര്‍ഡിഎസിനോ അറിയില്ല. വക്കീലിന്റെ രാഷ്ട്രീയം, വിശ്വാസം എന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യവുമല്ല.

വീണ വിജയന്റെ ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള തെളിവുകള്‍ എവിടെയാണെന്നായിരുന്നു അടുത്ത ചോദ്യം. വീണ വിജയന് ബിസിനസ് നടത്താന്‍ പാടില്ലെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞാന്‍ എന്റെ കേസിനെപ്പറ്റിയും മൊഴിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇതിനാണോ ഗൂഢാലോചനക്കേസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. ഇത് പീഡനമാണ്.

ഒരുസ്ത്രീയെ ജീവിക്കാന്‍ അനുവദിക്കാതെ അവളെ നടുറോഡിലിറക്കി. എച്ച്ആര്‍ഡിസിലെ ജീവനക്കാരെ അടക്കം ഉപദ്രവിക്കുകയാണ്. കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. ക്രൈംബ്രാഞ്ച് ഈ ഉപദ്രവം അവസാനിപ്പിക്കണം.

770 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് പറഞ്ഞത്. 770 അല്ല എത്ര കേസുകളിലും പ്രതിയാക്കിക്കോട്ടെ, എനിക്ക് ഇന്ന് ജോലിയില്ല, മക്കള്‍ക്ക് അന്നമില്ല. ഞങ്ങളെല്ലാം തെരുവിലാണ്. ഇനി കേറികിടക്കുന്ന വാടകവീട്ടിലും പോലീസുകാരെ വിട്ട് ഇറക്കിവിടുകയാണെങ്കില്‍ തെരുവിലാണെങ്കിലും ബസ് സ്റ്റാന്‍ഡില്‍ ആണെങ്കിലും ഏത് റോഡിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും ഞാന്‍ കൊടുത്ത മൊഴി സത്യമാണെന്ന് കേരളത്തിലെ ജനങ്ങളെ അറിയിച്ച് കൊടുത്തിരിക്കും.

ഞാന്‍ കൊടുത്ത മൊഴി സത്യമാണ്. അതില്‍ മാറ്റമില്ല, അത് നടന്നതാണ്. ജീവനുണ്ടെങ്കില്‍ സത്യത്തിന്റെ അറ്റം കാണുന്നതുവരെ കൂടെനില്‍ക്കും. മുഖ്യമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെങ്കിലും ചെയ്തോളൂ’, സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. എച്ച് ആര്‍ ഡി എസില്‍ നിന്നും പിരിച്ച് വിടാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും സ്വപ്ന വ്യക്തമാക്കി. ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടിയതോടെയാണ് അതുണ്ടായതെന്നും സ്വപ്‌ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: