NEWS

കള്ളുകുടിച്ചില്ലെങ്കിലും കരൾ രോഗം വരും: തക്കാളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ കരൾരോഗങ്ങളെ അകറ്റി നിർത്തും

ഭക്ഷണത്തിൽ എരിവു കൂടുതൽ ചേർക്കുന്നത് വായിലുണ്ടാകുന്ന കാൻസറിനു കാരണമാകും. എരിവു തീരെ കഴിക്കാൻ വയ്യാത്ത അവസ്‌ഥയും പ്രശ്നമാണ്. ഇത് ചിലപ്പോൾ അർബുദത്തിനു മുന്നോടിയാവാം. ഓറഞ്ച്, മുന്തിരി, നെല്ലിക്ക, നാരങ്ങ, സോയാബീൻ ഇയൊക്കെ ആഹാരത്തിന്റെ ഭാഗമാക്കുക

രു തുള്ളി മദ്യം പോലും കുടിക്കാത്തവരെ എങ്ങനെ കരൾ രോഗം ബാധിക്കും എന്ന സംശയം പലർക്കുമുണ്ട്. കരൾ സംബന്ധമായ അസുഖങ്ങൾക്കു മദ്യപാനം മാത്രമാണു കാരണമെന്ന തെറ്റിദ്ധാരണയാണ് ഇതിനു കാരണം.
എന്നാൽ നമ്മുടെ ഭക്ഷണരീതികൾ മുതൽ ആധുനിക ജീവിത രീതികൾ വരെ കരൾരോഗങ്ങൾക്കു കാരണമാകാം.

ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില്ലറ മാറ്റങ്ങൾ കരളിനെ ബാധിക്കുന്ന അർബുദത്തെ അകറ്റിനിർത്താൻ സഹായിക്കും. മിക്ക പച്ചക്കറികൾക്കും അർബുദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. തക്കാളി, കാബേജ്, കോളിഫ്ലവർ എന്നിവ പ്രധാനം. പച്ചക്കറികൾ പാകം ചെയ്‌തും അല്ലാതെയും നമ്മൾ കഴിക്കാറുണ്ട്. പാകം ചെയ്യാത്ത പച്ചക്കറികൾക്കാണ് അർബുദത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലുള്ളത്.
പക്ഷേ, പാകം ചെയ്യാതെ കഴിക്കുമ്പോഴുള്ള ചില പ്രശ്‌നങ്ങൾ ആദ്യമേ തിരിച്ചറിയണം. കീടനാശിനികളുടെയും കൃത്രിമ വസ്‌തുക്കളുടെയും അംശങ്ങൾ പച്ചക്കറികളിൽ അമിതമായ അളവിൽ കലർത്തിയിട്ടെല്ലെന്ന് ഉറപ്പു വരുത്തണം. കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കണം പച്ചക്കറികൾ കഴിക്കേണ്ടതെന്നു സാരം. അതിനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം.

നാരുകൾ ധാരാളമുള്ള പച്ചക്കറികൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികളും ഇലക്കറികളും നാരുകളുടെ വലിയ സ്രോതസാണ്. മുരിങ്ങക്കായ, മുരിങ്ങയില, ചീര, പടവലം, മല്ലിയില, പുതിന എന്നിവ ഉത്തമമായ ഭക്ഷണമാണ്. വാഴക്കൂമ്പും വാഴപ്പിണ്ടിയും നാരുകൾ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളാണ്.

ഭക്ഷണത്തിൽ എരിവു കൂടുതൽ വേണമെന്നു നിങ്ങൾ ശഠിക്കാറുണ്ടോ? എങ്കിൽ ഇനി ആ വാശി വേണ്ട. എരിവു കൂടുന്നത് വായിലുണ്ടാകുന്ന കാൻസറിനു കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. എരിവു തീരെ കഴിക്കാൻ വയ്യാത്ത അവസ്‌ഥ ചിലർ നേരിടുന്നുണ്ട്. ഇത് ചിലപ്പോൾ അർബുദത്തിനു മുന്നോടിയാവാം. അമിതമായ എണ്ണയുടെ ഉപയോഗവും നല്ലതല്ല. പാചക എണ്ണയാണു നമ്മുടെ ശരീരത്തിൽ കൊഴുപ്പു കൂട്ടാനുള്ള പ്രധാന കാരണം. ഇവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം. ഒരു ദിവസം 15 മില്ലി ലീറ്റർ എണ്ണ മതി. മിശ്രിത എണ്ണകളുടെ ഉപയോഗവും പരീക്ഷിക്കാം. മാംസാഹാരത്തിന്റെ കാര്യത്തിൽ നിയന്ത്രണം വേണം. ഒരു ദിവസം 80 ഗ്രാമിൽ കൂടുതൽ മാംസാഹാരം വേണ്ട.
ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക. ഇത്തരം പഴങ്ങളിലെ ചില ഘടകങ്ങൾ അർബുദത്തിനു കാരണമാകുന്ന രാസപ്രവർത്തനങ്ങളെ തടയും.
നെല്ലിക്കയിലും നാരങ്ങയിലും ഇത്തരം ഘടകങ്ങളുണ്ട്. അദ്‌ഭുതങ്ങൾ തന്നെ കാണിക്കാൻ സഹായിക്കുന്ന മറ്റൊന്നാണു സോയാബീൻ.
ഈസ്‌ട്രജൻ പോലുള്ള ചില ഹോർമോണുകളുടെ അമിത പ്രവർത്തനം തടയാൻ സോയാബീനിനു സാധിക്കുന്നു. ഇതൂ കൂടാതെ സോയാബീനിലുള്ള വൈറ്റമിൻ ഇയും അർബുദത്തെ പ്രതിരോധിക്കും.

വെളുത്തുള്ളി കഴിക്കുന്നതും ശീലമാക്കുക. ഒരു ആന്റിബയോട്ടിക്കായി പ്രവർത്തിച്ച് ആമാശയ കാൻസറിനെയും കുടലിലെ കാൻസറിനെയും ചെറുക്കാനും രോഗത്തിന്റെ വ്യാപനം തടയാനും വെളുത്തുള്ളിക്കു കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളിയിലെ അല്ലിനേസ് എന്ന എൻസൈമാണ് ഇതിനു സഹായിക്കുന്നത്. പക്ഷേ, വെളുത്തുള്ളി അരിഞ്ഞു 10 മിനിറ്റിനു ശേഷമേ ഉപയോഗിക്കാവു. അപ്പോൾ മാത്രമാണത്രേ ഈ എൻസൈം പൂർണമായും രൂപപ്പെടുന്നത്.

Back to top button
error: