Food

മാതാപിതാക്കൾ അറിയാൻ: ജങ്ക് ഫൂഡ് മാരകരോഗങ്ങളുടെ കലവറ, സ്വന്തം മക്കൾക്ക് ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങൾ നൽകരുത്

ജങ്ക് എന്നൽ ഉപയോഗശൂന്യമായ വസ്തു എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നും ഇല്ലാത്തതും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. അമിതോർജം നിറഞ്ഞ ഇവ മൂന്നുതരം ഭീഷണികളാണ് ആരോഗ്യത്തിന് നൽകുന്നത്.

1. അമിതമായി ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കൾ. കൊഴുപ്പും ഉപ്പും പഞ്ചസാരയും ഉദാഹരണം.

2. ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങളുടെ അഭാവം.

3. ഇവയിൽ അടങ്ങിയിട്ടുള്ള അഡിറ്റീവുകൾ (രുചി കൂട്ടാനോ നിറം നൽകാനോ കേടാകാതിരിക്കാനോ ചേർക്കുന്ന ഘടകങ്ങൾ).

അ‍ഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതും ഉണ്ട്. ചെലവു കുറവായതിനാലും വേഗം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാവും ചേർക്കുന്നത് .

മൂന്നാമത്തേതാണ് ഏറ്റവും ഗുരുതരമായ കാര്യം. ഇത്തരം ഭക്ഷണങ്ങള‍ിലെ മ‍ാരകരാസപദാർഥങ്ങൾ അത്യന്തം അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് മോണോ സോഡിയ ഗ്ല‍ൂട്ടാമേറ്റ് അഥവാ അജിനോമോട്ടോ. ചൈനീസ് സോൾട്ടെന്നാണ് ഓമനപ്പേര്. പായ്ക്കറ്റ് ചിപ്സുകളിലും ന്യൂഡിൽസിലുമൊക്കെ ഇവ ഉണ്ട്. അജിനോമോട്ടോ ഉള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നാവിൽ ഈ രുചി മാത്രം തുള്ളിക്കളിച്ചുനിൽക്കും.

രുചി കുട്ടാനാണ് അജിനോമോട്ടോ ചേർക്കുന്നത്. പതിവായി അജിനോമോട്ടോ ചേർത്ത ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആ ഭക്ഷണമല്ലാതെ വേറൊന്നും കഴിച്ചതായി തോന്നില്ല. അതുകൊണ്ട് അവർ ആ പ്രത്യേക ഭക്ഷണത്തിനായി വാശിപിടിക്കും.

അതിമാരകമാണ് അജിനോമോട്ടോയുടെ ദോഷഫലങ്ങൾ. ഇവ തലച്ചോറ‍ിനെ ഉത്തേജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അളവിൽ കൂടുതലായാൽ ഇത് തലച്ചോറിലെ രാസത്വരകങ്ങളെ (ന്യൂറോട്രാൻസ്മിറ്ററുകൾ) തകിടംമറിക്കുന്നു. കുട്ടികളിൽ പിരുപിരുപ്പിനു കാരണമാകുന്നു. പാൻക്രിയാസ് അമിതമായി പ്രവർത്തിപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടി വിശപ്പു കൂട്ടുന്നു. കണ്ണിന്റെ റെറ്റിനയ്ക്ക് നാശം വരുത്തുന്ന. കാൻസറിനു കാരണമാകുന്നു. തലവേദന വരുത്തുന്നു.

ഭക്ഷണസാധനങ്ങൾക്ക് നിറം നൽകാൻ ചേർക്കുന്ന ടാർട്ടാസെനും ഫോസ്ഫ‍േറ്റുകളും പേശികളുടെ പ്രവർത്തനം വർധിപ്പിക്കും. ഇത് പിരുപിരുപ്പിനു കാരണമാകുന്നു. കോക്കിലും മറ്റും ചേർക്കുന്ന കഫീൻ അമിതമായി ശരീരത്തിലെത്തിയാൽ മ‍ൂത്രം വഴി കാത്സ്യം ധാരാളമായി പുറന്തള്ളപ്പെടും. ആഴ്ചയിൽ 330 മി.ലീ ഉള്ള രണ്ട് കാർബണേറ്റഡ് ഡ്ര‍ിങ്ക് കഴിച്ചാൽ മതി പാൻക്രിയാറ്റിക് കാൻസർ സാധ്യത ഇരട്ടിയാകും.

ഏതാണ്ട് 3000 ലേറെ രാസപദാർഥങ്ങളുണ്ട് ഭക്ഷ്യവസ്തുക്കളിൽ അഡ‍ിറ്റീവുകളായി ഉപയോഗിക്കുന്നവ. ഇവയൊക്കെ ദോഷകരമെങ്കിൽ പിന്നെ എന്തിനാണ് ഭക്ഷണത്തിൽ ചേർ‌ക്കുന്നതെന്നു സംശയിക്കാം. ഇത്തരം രാസപദാർഥങ്ങൾക്കെല്ലാം തന്നെ ഒരു അനുവദനീയമായ സുരക്ഷാ ഉപയോഗ പരിധിയുണ്ട്. ഒരു കിലോ ഗ്രാമിന് ഇത്ര മി.ഗ്രാം എന്ന രീതിയിൽ‌. പലരും ഈ പരിധി ലംഘിച്ച് അളവിൽ കൂട‍ുതൽ രാസവസ്തുക്കൾ ചേർക്കുന്നു. അതാണ് പ്രശ്നം.
ഇത്തരം മാരകരാസവസ്തുക്കൾ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുക വഴി ഇവയുടെ അളവ് ശരീരത്തിൽ ഉയർന്നു നിൽക്കുന്നതായി യു.എൻ ഫൂഡ് കൺസൾട്ടന്റും ഭക്ഷ്യസുരക്ഷാ വിദഗ്ധയുമായ ഡോ. ആനന്ദവല്ലി ചൂണ്ടിക്കാട്ടുന്നു. നിരോധിക്കപ്പെട്ട ചില നിറങ്ങളും പ്രിസർവേറ്റീവുകളും ഉപയോഗിക്കുന്നതും പ്രശ്നമാകാം. ഇത്തരം കാര്യങ്ങളിലൊന്നും തന്നെ കുറ്റമറ്റ സംവിധാനങ്ങൾ നമ്മുടെ നാട്ടിലില്ല എന്നോർക്കണം.

ബാധിക്കുന്നത് കൂടുതലും കുട്ടികളെ

മുതിർന്നവരേക്കാൾ കൂടുതൽ ഇത്തരം ഭക്ഷണങ്ങളുടെ ദോഷം ബാധിക്കുന്നത് കുട്ട‍ികളെയാണ്. കുട്ടികളാണല്ലോ പ്രധാന ഉപഭോക്താക്കളും. വളരുന്ന പ്രായത്തിൽ ക‍ുട്ടികൾക്ക് ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഊർജം മാത്രം പോരാ. പോഷകങ്ങളും വേണം. ആവശ്യമായ അളവിലും കൃത്യമായ അനുപാതത്തിലും ആരോഗ്യത്തിനു വേണ്ട പോഷകങ്ങൾ നൽകുന്ന ഭക്ഷണമാണ് അവർ കഴിക്കേണ്ടത്.

ജങ്ക് ഫൂഡ് പ്രധാനഭക്ഷണമാക്കുന്ന കുട്ടികളിൽ വൻതോതിൽ പോഷകദൗർലഭ്യമുണ്ട്. 2006-ൽ നടന്ന ഒരു പഠനത്തിൽ കേരളത്തിലെ 20 ശതമാനം വിദ്യാർഥികളിലെയും പഠനവൈകല്യത്തിന്റെ കാരണം ജങ്ക് ഫൂഡുകളിലെ രാസപദാർഥങ്ങളാണെന്നു കണ്ടെത്തിയിരുന്നു.

ബ്രിട്ടനിൽ സ്കൂൾ കുട്ടികളിൽ നടത്തിയ പഠനത്തിൽ സോഡിയം ബെൻസോവേറ്റ് എന്ന പ്രിസർവേറ്റീവും 6 കൃത്രിമനിറങ്ങളും കുട്ടികളിൽ പിരുപിരുപ്പ് വർധിക്കാൻ കാരണമാകുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ആറ് കൃത്രിമനിറങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് യുകെ ഭക്ഷ്യസംരക്ഷണ ഏജൻസി വിലക്കിയിട്ടുണ്ട്.

ജങ്ക് ഫൂഡ് സ്ഥിരമായി കഴിക്കുന്ന കുട്ടികളിൽ ശ്രദ്ധക്കുറവും പിരുപിപ്പും എഡിഎച്ച്ഡിയും മറ്റും ഉള്ളതായാണ് കണ്ടിട്ടുള്ളത്. മിക്ക കുട്ടികളിലും പരീക്ഷയിലെ പ്രകടനം മോശമാകുന്നു. ശ്രദ്ധ കിട്ടാത്തതിനാൽ സമയത്തിന് എഴുത‍ി പൂർത്തിയാക്കാൻ സാധിക്കുന്നില്ല. എഡിഎച്ച്ഡി ഉള്ള കുട്ടികളുടെ ചികിത്സയിൽ ഇത്തരം ഭക്ഷണങ്ങൾ കർശനമായി ഒഴിവാക്കാറുണ്ട്. ഇതുമൂലം വളരെ പ്രകടമായ വ്യത്യാസം കാണുന്നതായി മാതാപിതാക്കൾ തന്നെ പറയാറുള്ളതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

മറ്റ് ആരോഗ്യപ്രശ്നങ്ങൾ

ജങ്ക് ഫൂഡിലെ ഉയർന്ന കൊഴുപ്പും ഊർജവും പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള ജീവിതശൈലീരോഗങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളിൽ പോഷകദൗർലഭ്യം ഉണ്ടാക്കുന്നതു മൂലം അനീമിയ വരാം. ചെറിയ പ്രായത്തിലെ തന്നെ ഹൃദയധമനീരോഗങ്ങൾ ബാധിക്കാം. എൻഡോക്രൈൻ റിവ്യൂ ജേണലിൽ വന്ന ഒരു പഠനത്തിൽ കുട്ടികള‍ിലെ പൊണ്ണത്തടിയുടെ പ്രധാനകാരണം കാലറി കൂടിയ ഭക്ഷണമാണെന്നു പറയുന്നു. ഇന്ത്യയിൽ തന്നെ അമിതവണ്ണമുള്ള 16-18 വയസ്സുകാരികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ ദിവസവുമുള്ള കാലറി ഉപഭോഗം അനുവദനീയമായ ദൈനംദിന ഉപഭോഗത്തിന്റെ 110 ശതമാനം ആണെന്നു കണ്ടിരുന്നു.

ഫാസ്റ്റ്ഫൂഡുകളുടെ ദോഷങ്ങളെക്കുറ‍ിച്ച് വിവിധ ഏജൻസികൾ നടത്തിയ പഠനഫലങ്ങളുടെയും ഹർജികളുടെയും അടിസ്ഥാനത്തിൽ 2013-ൽ സ്കൂളുകളുടെ 200കി.മീ ചുറ്റളവിൽ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ വിൽപന ഡൽഹി ഹൈക്കോടതി നിരോധിച്ചിരുന്നു. ചിപ്സ്, നൂഡിൽസ്, പീറ്റ്സ, ബർഗർ, ചോക്ലേറ്റ്, ശീതളപാനീയങ്ങൾ തുടങ്ങിയുള്ള ഭക്ഷണങ്ങളുടെ വിൽപനയാണ് സ്കൂൾ പരിസരങ്ങളിൽ നിരോധിച്ചത്.

മാതാപിതാക്കൾ അറിയാൻ

കുട്ടികളുടെ വാശിക്കു വഴങ്ങി ഇത്തരം ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാത‍ാപിതാക്കൾ ധാരാളമുണ്ട്. മാത‍‍ാപിതാക്കൾ തിരക്കുപിടിച്ച ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾ പലപ്പോലും ഇത്തരം ഭക്ഷണങ്ങൾക്ക് അടിമകളാകുന്നു എന്ന‍ുകാണാം. രാവിലെ തിരക്കുമൂലം പ്രാതൽ പുറത്തുനിന്നു കഴിക്കാൻ പണം നൽകും. ഉച്ചയ്ക്കും തഥൈവ. നാലു മണിക്ക് ട്യൂഷനു പോകുന്നതിനു മുമ്പായി ഏതെങ്കിലും കഫേയിൽ നിന്ന് പീസയോ ബർഗറോ പഫ്സോ. ഒപ്പം കോള പോലെ ഏതെങ്കിലും കുപ്പിയിലടച്ച് പാനീയവും. വൈകുന്നേരം ഏതെങ്കിലും ഹോട്ടലിൽ നിന്നുള്ള ഫൂഡ് അച്ഛനമ്മമാർ തന്നെ വ‍ാങ്ങിക്കൊണ്ടുവരും. അപ്പോൾ നിരോധനം വീട്ടിലും വേണം എന്നു സാരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: