ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ കഴിച്ചത് മൂലം ഗുരുതരാവസ്ഥയിലായ ലോറയെ രക്ഷിക്കാനായുള്ള അവസാന മാര്‍ഗമെന്നോണമാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകള്‍ മുറിച്ചുമാറ്റിയത്. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ ബാധിച്ച തിലോപ്പിയ മത്സ്യം കഴിച്ചത് മൂലമാണ് ലോറയ്ക്ക് രോഗാവസ്ഥയുണ്ടായത്. മത്സ്യങ്ങളിലും കടല്‍ജലത്തിലും അടക്കം കണ്ടുവരുന്ന ബാക്ടീരിയ ആണിത്.
സാൻ ജോസ് പ്രവിശ്യയിലെ ചന്തയില്‍ നിന്ന് വാങ്ങിയ തിലോപ്പിയ മത്സ്യം ലോറ സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ തന്നെ അവശനിലയിലാവുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കൈ കാലുകളും ചുണ്ടുമടക്കം കറുത്ത നിറത്തിലാവുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തു. പിന്നാലെയാണ് കൈകാലുകള്‍ മുറിച്ചുമാറ്റിയത്.
മത്സ്യങ്ങളിലെ ചിക്കൻ എന്ന വിളിപ്പേര് തിലാപ്പിയ മത്സ്യത്തിന് വെറുതെ ലഭിച്ചതല്ല. കാരണം അത്രമേല്‍ പ്രീതി ഈ ശുദ്ധജല മത്സ്യത്തിനുണ്ട്.ആഗോളതലത്തില്‍ തന്നെ വിപണിമൂല്യമുള്ളതിനാല്‍ തിലാപ്പിയ കൃഷി വഴി വരുമാനമുണ്ടാക്കുന്നവരുമുണ്ട്. എന്നാല്‍ ഏത് തരം മത്സ്യവും ഇറച്ചിയും പോലെ തന്നെ വേണ്ട രീതിയില്‍ പാകം ചെയ്ത് കഴിച്ചില്ലെങ്കില്‍ തിലാപ്പിയയും ജീവന് ഹാനീകരമായി ഭവിക്കാം.
ആഫ്രിക്കൻ വംശജരായ ഒരു കൂട്ടം മത്സ്യങ്ങള്‍ക്ക് അറിയപ്പെടുന്ന പൊതുനാമമാണ് തിലാപ്പിയ, നീല തിലാപ്പിയ, നൈല്‍ തിലാപ്പിയ, മൊസാംബിക് തിലാപ്പിയ തുടങ്ങി നിരവധി തിലാപ്പിയ മത്സ്യങ്ങളുണ്ട്.എണ്ണമറ്റ ആരോഗ്യ ഗുണങ്ങള്‍ ശാസ്ത്രജ്ഞര്‍ ലോകത്തിന് വെളിപ്പെടുത്തിയ ശേഷം ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. പെട്ടെന്ന് വളര്‍ച്ച പ്രാപിക്കുന്ന ഒരു മീൻ ആയതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഒന്നും ഇവയെ പ്രതികൂലമായി ബാധിക്കാറുമില്ല.
തിലാപ്പിയയ്ക്ക് നല്ല രുചി മാത്രമല്ല, പോഷകങ്ങളാല്‍ സമ്ബന്നവുമാണ്. ഈ മത്സ്യം.ഔണ്‍സ് തിലാപ്പിയ ഫില്ലറ്റില്‍, 111 കലോറി, 23 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം കൊഴുപ്പ്, 0 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ ലഭിക്കും. എല്ലുകളുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മിനറലുകളായ കാല്‍സ്യവും ഫോസ്ഫറസും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തിലാപ്പിയ മീനുകളില്‍ കൊളാജൻ ടൈപ്പ് 1 വളരെയധികം അടങ്ങിയിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ശരീരവളര്‍ച്ചക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ഇത്. ശരീരത്തിലെ അസ്ഥി കോശങ്ങളെ പുനരുജ്ജീകരിക്കുന്നതില്‍ ഇതിന് പ്രത്യേക പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പല്ലുകളുടെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്താനും ഇത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറ്റു മീനുകളെ പോലെ തന്നെ തിലോപ്പിയ മീനുകളിലും സെലേറിയം പോലുള്ള ആൻറി ഓക്സിഡന്റുകള്‍ നിരവധിയായി അടങ്ങിയിരിക്കുന്നു. ഇത് ക്യാന്സറും ഹൃദയ സംബന്ധമായ മറ്റു രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. ക്യാൻസറസ് കോശങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാൻ സെലിനിയം എന്ന ധാതു ഘടകം അത്യാവശ്യമാണ്. തിലോപ്പിയയില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നതും ഇതുതന്നെയാണ്. മാത്രമല്ല, ഇവയ്ക്കുള്ളിലുള്ള ഹെപ്സിഡിൻ 1-5 എന്ന ആന്റിമൈക്രോബയല്‍ പെപ്റ്റൈഡ് ക്യാൻസറിനുള്ള നൂതനമായ ചികിത്സയായി ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.