Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsPravasi

ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം അദാനി കമ്പനി ചെയര്‍മാനുമായുള്ള രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച് സുതാര്യത വേണ്ടേ സതീശാ? സതീശനെ മുഖ്യന്ത്രിയാക്കാന്‍ കത്തെഴുതിയ സാംസ്‌കാരിക നായകരേ ചോദ്യങ്ങളില്ലേ? ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കം തെളിവ്

കെ.സഹദേവന്‍

 

മഞ്ഞക്കുറ്റി പറിച്ചു. ആശമാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി ഓഫീസ് നിവേദന സംഘങ്ങള്‍ക്കായി തുറന്നുകൊടുത്തു. വി ഡി സതീശന്‍ മുഖ്യമന്ത്രി പദത്തിലേറി നാല് നാള്‍കൊണ്ട് സ്വീകരിച്ച ഭരണ നടപടികളാണിവ. തീര്‍ച്ചയായും മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ പ്രക്ഷോഭരംഗത്തിറങ്ങിയവര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്.

Signature-ad

ഒരു ദശകക്കാലത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം, കേരളത്തില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ്സ് ഏതാണ്ട് പത്ത് ദിവസത്തിലധികം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ഒരു രാഷ്ട്രീയ കോമഡി ഷോ അരങ്ങേറ്റിയതിന് ശേഷമുള്ള നടപടികളാണിവ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റാന്‍ പണിയെടുത്ത, പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യന്‍ എന്ന ഒരു പൊതുബോധം ഇക്കാലയളവില്‍ സൃഷ്ടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കുകയും ചെയ്തു. കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക മേഖലയിലുള്ളവരടക്കം വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനോട് അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ ജനകീയ മുഖ്യമന്ത്രിയെത്തന്നെ സമ്മാനിച്ചുകൊണ്ട് ഹൈക്കമാന്റ് കേരളത്തോട് കരുണ കാണിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് ജനങ്ങള്‍ക്കായി തുറന്നുവെച്ച, ഭരണരംഗം സുതാര്യവും ജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുമെന്ന് തെളിയിച്ച, വി ഡി സതീശനെ അനുമോദിക്കുന്നവര്‍ ഒരു സുപ്രധാന ചോദ്യം കൂടി ഉന്നയിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും മൂന്ന് ദിവസം മുമ്പ്, ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍, ആര്‍എസ്സ്എസ്സ് നേതാക്കളോടൊപ്പം, അദാനി ഗ്രൂപ്പ് ചെയര്‍മാനായ കിഷോര്‍ ആല്‍വയുമായി വി ഡി സതീശന്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തെക്കുറിച്ചാണ് ആ ചോദ്യം. തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎം നേതൃത്വം ഉയര്‍ത്തിയ ചോദ്യം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് തള്ളിക്കളയപ്പെട്ടുപോയെങ്കിലും ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നത് മറന്നുകൂടാ.

ആര്‍എസ്സ്എസ്സ് നേതാക്കളോടൊപ്പം അദാനി ഗ്രൂപ്പ് തലവനായ ആല്‍വയുമായി സതീശന്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ സംബന്ധിച്ച തെളിവുകള്‍ (ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കം) പുറത്തുവന്നിട്ടും നാളിതുവരെ സതീശനോ കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലും ഉത്തരവാദപ്പെട്ട ഘടകങ്ങളോ ഇതുസംബന്ധിച്ച് നിഷേധ പ്രസ്താവനകളുമായി വന്നിട്ടില്ലെന്നത് വസ്തുതയാണ്.

ഇന്ത്യ നാളിതുവരെ കണ്ടതില്‍ ഏറ്റവും മനുഷ്യത്വ രഹിതവും, കാപട്യം നിറഞ്ഞതുമായ ഒരു കോര്‍പ്പറേറ്റ് എന്റിറ്റിയാണ് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി പല തവണ ഗൗതം അദാനിയെയും അയാളുടെ ആര്‍എസ്സ്എസ്സ് ബന്ധത്തെക്കുറിച്ചും, മോദി ഗവണ്‍മെന്റ് അദാനിക്ക് നല്‍കുന്ന വഴിവിട്ട പരിഗണനകളെക്കുറിച്ചും നിരന്തരമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ സതീശന്റെ അദാനി കമ്പനി ചെയര്‍മാനുമായുള്ള രഹസ്യ കൂടിക്കാഴ്ച അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ട സംഗതിയാണ്.

കേരളത്തില്‍ വി ഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചുകൊണ്ട് ജനഹിതം മാനിക്കണമെന്ന് ഹൈക്കമാന്റിന് കത്തെഴുതിയ, എനിക്ക് ഏറ്റവും പ്രിയങ്കരരായ, കെ.ജിഎസ്, സാറാ ജോസഫ്, ബി.രാജീവന്‍, കല്‍പ്പറ്റ നാരായണന്‍ എന്നീ സാഹിത്യ-സാംസ്‌കാരിക നായകര്‍ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെ 2026 മെയ് 1ന് തന്നെ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഒരുവേള അറിഞ്ഞുകാണുമായിരിക്കില്ല. സാട്ടാ ബസാറില്‍-സവിശേഷമായി ഫലോദി സാട്ടാ ബസാര്‍- കളിക്കുന്ന ഗൗതം അദാനിക്ക് പക്ഷേ, കേരളം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് നല്ല ധാരണയുണ്ടായിരുന്നു.

യുഡിഎഫിനും അതിനെ നയിക്കുന്ന മുഖ്യപാര്‍ട്ടിയായ കോണ്‍ഗ്രസ്സിനും വികസനം, വന്‍കിട പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പശ്ചാത്തല സൗകര്യപദ്ധതികളുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച്, നിലവിലുള്ള പൊതുബോധ്യങ്ങളില്‍ നിന്ന് ഭിന്നമായ മറ്റൊരു കാഴ്ചപ്പാടും ഇല്ല എന്നുള്ളത് വസ്തുതയാണ്. സാമ്പത്തിക വളര്‍ച്ച, തൊഴില്‍, നഗരവല്‍ക്കരണം എന്നിവയോടൊപ്പം ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലെ കമ്മി പരിഹരിക്കുക എന്ന ന്യായവാദം ഉയര്‍ത്തിക്കൊണ്ടാണ് നിക്ഷേപം, നിര്‍വ്വഹണം എന്നിവയിലടക്കം പൊതു-സ്വകാര്യ പങ്കാളിത്തിലൂടെ പശ്ചാത്തല സൗകര്യ വികസനത്തിലേക്ക് കോര്‍പ്പറേറ്റ് മേഖലയെ കയറൂരി വിടുന്ന നയസമീപനമാണ് ഇന്ന് ഭരണത്തിലിരിക്കുന്ന എല്ലാ സര്‍ക്കാരുകളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ സ്വീകരിച്ചിരിക്കുന്നത്. 90കളില്‍ കോണ്‍ഗ്രസ്സ് ആരംഭിച്ച, സ്വകാര്യ-ഉദാരവല്‍ക്കരണ നയത്തെ കൂടുതല്‍ അക്രമാത്മകമായ രീതിയില്‍ നടപ്പിലാക്കുക എന്ന ദൗത്യമാണ് ബിജെപി ഭരണകൂടം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ നയങ്ങള്‍ തന്നെയാണ് അനുവര്‍ത്തിച്ചു വരുന്നത് എന്നതും നമുക്ക് കാണാവുന്നതാണ്.

ഈയൊരു പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിതനായ വിഡി സതീശന്‍ എന്തിനായിരുന്നു വളരെ രഹസ്യസ്വഭാവത്തോടുകൂടിയ ഒരു യാത്രയും അദാനി കമ്പനി ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയും നടത്തിയത് എന്നറിയാന്‍ കേരളീയ സമൂഹത്തിന് അവകാശമുണ്ട്. തങ്ങളുടെ മാനസ മുഖ്യമന്ത്രിയോട് ഈ ചോദ്യം പരസ്യമായി ഉന്നയിക്കാന്‍ സാംസ്‌കാരിക-സാഹിത്യ നായകര്‍ക്കും അത്രതന്നെ ഉത്തരവാദിത്തമുണ്ട്.

 

Back to top button
error: