ഒളിച്ചുകളിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കണ്ണുകെട്ടി അഞ്ചും മൂന്നും വയസുള്ള ആൺകുട്ടികളെ കാട്ടിൽ ഉപേക്ഷിച്ചു, അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ!! തന്റെ പക്കൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോന്നതായി പരാതി നൽകി പിതാവ്

ലിസ്ബൺ: വനത്തിലുള്ളിൽ അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോർച്ചുഗീസ് പോലീസ് ഒരു ഫ്രഞ്ച് സ്ത്രീയെയും അവരുടെ പങ്കാളിയെയും അറസ്റ്റ് ചെയ്തതായി ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ പോർച്ചുഗലിലെ അൽകാസർ ഡോ സാലിനും കൊമ്പോർട്ടയ്ക്കും ഇടയിലുള്ള ഒരു ഗ്രാമീണ റോഡിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് അഞ്ചും മൂന്നും വയസ് പ്രായമുള്ള ആൺകുട്ടികളെ പ്രദേശവാസികൾ കണ്ടെത്തിയത്. വീട്ടിൽ നിന്നും 1300 മൈൽ അകലെ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്.
ഈ സമയം കുട്ടികൾ കരയുകയും പിതാവിനെ വിളിക്കുകയും ചെയ്യുന്നതായി അവരെ കണ്ടെത്തിയ പ്രദേശവാസികൾ പറഞ്ഞു. ആൺകുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 124 മൈൽ അകലെയുള്ള ഫാത്തിമ നഗരത്തിൽ കുട്ടികളുടെ 41 വയസുകാരി അമ്മയെയും 55 കാരൻ രണ്ടാനച്ഛനെയും ഒരു ദിവസത്തിനുശേഷം കസ്റ്റഡിയിലെടുത്തതായി അധികൃതർ പറഞ്ഞു. കുട്ടികളെ ഉപേക്ഷിക്കൽ, ദുരുപയോഗം ചെയ്യൽ, പ്രായപൂർത്തിയാകാത്തവരെ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ദമ്പതികളെ അന്വേഷിക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തന്റെ അടുത്തുനിന്ന് മക്കളെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് കുട്ടികളുടെ പിതാവ് പോലീസിൽ പരാതി നൽകി.
കളിയുടെ ഭാഗമായി കാട്ടിലേക്ക് കൊണ്ടുപോയി കണ്ണുകൾ കെട്ടിയതായി ആൺകുട്ടികൾ രക്ഷാപ്രവർത്തകരോട് പറഞ്ഞു. കണ്ണുകെട്ടുകൾ നീക്കം ചെയ്തതിന് ശേഷം തങ്ങളെ ഒറ്റയ്ക്കാക്കിയതായി കുട്ടികൾക്ക് മനസിലായി. സംഭവത്തെക്കുറിച്ച് കുട്ടികളെ കണ്ടെത്തിയ ഒരു പ്രാദേശിക ബേക്കർ ആർതർ ക്വിന്റാസ് പറയുന്നതിങ്ങനെ- ഞങ്ങൾ കാണുമ്പോൾ ആൺകുട്ടികൾ ഭയന്നവരും ക്ഷീണിതരുമായി കാണപ്പെട്ടു. കുട്ടികളുടെ കൈവശം വെള്ളം, പഴങ്ങൾ, ഒരു മാറ്റ വസ്ത്രം എന്നിവ അടങ്ങിയ ബാക്ക്പാക്കുകൾ കണ്ടതോടെ മനഃപൂർവ്വം ഉപേക്ഷിക്കപ്പെട്ടതാണെന്നും സംശയിക്കുന്നു.
അതേസമയം കിഴക്കൻ ഫ്രാൻസിലെ കോൾമാറിൽ നിന്ന് സ്പെയിൻ വഴിയാണ് കുടുംബം പോർച്ചുഗലിൽ എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് കുട്ടികളുടെ പിതാവിൽ നിന്ന് ഫ്രഞ്ച് അധികൃതർക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. കുട്ടികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, നിലവിൽ അവർ ഫോസ്റ്റർ കെയറിലാണ്, അതേസമയം പോർച്ചുഗലിലും ഫ്രാൻസിലും അന്വേഷണം തുടരുകയാണ്.






