‘അമ്മ കുടുംബ സംഗമത്തിനിടെ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചു’- ടിനി ടോമിനെതിരെ പരാതിയുമായി നടി നീന കുറുപ്പും രംഗത്ത്

കൊച്ചി: നടി അൻസിബ ഹസ്സനു പിന്നാലെ നടൻ ടിനി ടോമിനെതിരെ അമ്മ സംഘടനയ്ക്ക് പരാതി നൽകി നടി നീനാ കുറുപ്പും രംഗത്ത്. ടിനി ടോം തന്നെ പരസ്യമായി അശ്ലീലം പറയുകയും അസഭ്യവാക്കുകൾ വിളിച്ചുവെന്നുമാണ് പരാതി. അമ്മയുടെ കുടുംബ സംഗമത്തിന്റെ സമയത്തായിരുന്നു സംഭവം നടന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമ്മ സംഘടനയുടെ കുടുംബസംഗമം നടന്നത്. കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാൽ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അന്നത്തെ ഈ സംഭവത്തെക്കുറിച്ച് സംഘടനയ്ക്കുള്ളിൽ നീന കുറുപ്പ് അവതരിപ്പിച്ചിരുന്നു. പിന്നീട് മേയ് മാസം ആദ്യ വാരത്തിലാണ് ഔദ്യോഗിക പരാതിയായി നൽകുകയും ചെയ്തു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ടിനി ടോം ഉന്നയിച്ച പരാമർശങ്ങൾ നീന കുറുപ്പാണ് തന്നോട് പറഞ്ഞതെന്ന് അൻസിബ നേരത്തേ വ്യക്തമാക്കിയിരുന്നു. അൻസിബയുടെ പരാതിയിൽ പ്രത്യേക സമിതിയെവെച്ച് അന്വേഷണമില്ല എന്നാണ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ കഴിഞ്ഞദിവസം അറിയിച്ചത്.
എന്നാൽ നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച അൻസിബയെ കേൾക്കാൻ അമ്മ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചതായും അറിയുന്നു. ഇതിനായി അൻസിബയോട് അമ്മ ഓഫീസിൽ വരാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, എക്സിക്യൂട്ടിവിനു മുന്നിൽ എത്തുന്നതിൽ തീരുമാനമെടുത്തില്ലെന്ന് അൻസിബ അറിയിച്ചു.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. തനിക്കെതിരേ ടിനി ടോം തനിക്കെതിരെ ക്രൂരമായ അപവാദപ്രചാരണം നടത്തി. വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. ടിനി ടോമിന്റെ ഡ്രൈവറെയും മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറുടെ മകനെയും മറ്റും താൻ മതംമാറ്റാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ടിനി ടോം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും അവർ പറഞ്ഞു.
എന്നാൽ തന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ ‘അമ്മ’യുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അൻസിബയുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അറിയില്ല. സംഘടനയ്ക്കുള്ളിൽത്തന്നെ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി പറഞ്ഞു. അതേസമയം കഴിഞ്ഞ ഫെബ്രുവരി 21-നാണ് അൻസിബ ഹസൻ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് കാരണമെന്നായിരുന്നു വിശദീകരണം. അതേസമയം സംഘടനക്കുള്ളിലെ തർക്കം നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങൾ. ജൂണിലെ വാർഷിക പൊതുയോഗത്തിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഭാരവാഹികളുടെ ശ്രമം.






