ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിനു അത്യാവശ്യമാണ്. ശരീരത്തിനു ആവശ്യമുള്ള വെള്ളം നമ്മള്‍ കുടിക്കുന്നില്ലെങ്കില്‍ അത് ശരീരം തന്നെ കൃത്യമായി പ്രകടിപ്പിക്കും.അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം.ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് തലവേദന അനുഭവപ്പെടും. മസിലുകള്‍ ഇടയ്ക്കിടെ കോച്ചിപിടിക്കും. എനര്‍ജി വളരെ കുറവായി കാണപ്പെടും. എപ്പോഴും ക്ഷീണിച്ച അവസ്ഥയിലായിരിക്കും. ഇത്തരക്കാരില്‍ മലബന്ധം കാണാറുണ്ട്. കണ്ണിന്റെ അടിയില്‍ വെള്ളം കുറവായിരിക്കും. വളരെ ഡ്രൈ ആയിട്ടുള്ള കണ്ണുകള്‍ ആണെങ്കില്‍ അതിനര്‍ത്ഥം ആവശ്യമായ വെള്ളം കുടിക്കുന്നില്ല എന്നാണ്.
നന്നായി വെള്ളം കുടിക്കുന്നവരുടെ നാക്കില്‍ എപ്പോഴും വെള്ളം കാണും. അല്ലാത്തവരുടെ നാക്ക് ഡ്രൈ ആയിരിക്കും. വെള്ളം ധാരാളം കുടിക്കാത്തവരുടെ ചര്‍മം ഡ്രൈ ആയിരിക്കും. മൂത്രത്തിന് ഇരുണ്ട നിറമാണെങ്കില്‍ അത് കൃത്യമായി വെള്ളം കുടിക്കാത്തതുകൊണ്ടാണ്.
ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നത് മലബന്ധം വരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ശരീരം ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ ജലം ലഭ്യമായ എല്ലാ ഉറവിടങ്ങളില്‍ നിന്നും വലിച്ചെടുക്കുന്നു. അതിനാല്‍ ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം, കടും മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവ ഉണ്ടാക്കും. നീണ്ട നിര്‍ജലീകരണം മൂത്രത്തില്‍ ലവണങ്ങളുടെയും ധാതുക്കളുടെയും അംശം കൂട്ടുകയും, അവ പിന്നെ സ്ഫടികോപമമായി മാറാനുള്ള സാഹചര്യം വര്‍ധിക്കുകയും അതുവഴി വൃക്കയില്‍ കല്ലുണ്ടാക്കുകയും ചെയ്യുന്നു.
ശരീരഭാഗങ്ങളില്‍ ഓക്‌സിജന്‍, പോഷകഘടകങ്ങള്‍, ഹോര്‍മോണുകള്‍ എന്നിവ എത്തിക്കാന്‍ മാത്രമല്ല, വിഷവസ്തുക്കള്‍, മൃതകോശങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കംചെയ്യുന്നതിനായി ഒരു മാധ്യമവുമാണ് ജലം. ശരീരത്തിന്റെ വിവിധ അടിസ്ഥാനപരമായ പ്രക്രിയകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനായി വെള്ളം ആവശ്യമാണ്. യൂറിയയുടെ രൂപത്തില്‍ വിസര്‍ജനവസ്തുക്കള്‍ ശരീരത്തില്‍ തങ്ങുന്നത് കോശജാലങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ഇവ ശരീരത്തില്‍ നിന്ന് പുറംതള്ളുന്നതിനു മുന്‍പ് ഇവയെ നേര്‍പ്പിക്കേണ്ടത് (സാന്ദ്രത കുറയ്‌ക്കേണ്ടത്) അത്യാവശ്യമാണ്. ഇതിനും ലായകമായ ജലം ആവശ്യംതന്നെ.
പ്രകൃതി പല ആരോഗ്യ ആനുകൂല്യങ്ങളും ജലത്തിന് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദൈനംദിന പതിവിലേക്ക് എട്ടു ഗ്ലാസ് വെള്ളമെങ്കിലും ചേര്‍ക്കുന്നത് ശീലമാക്കൂ. ഊണുസമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ (ഉച്ചയ്ക്കു ശേഷം) വെള്ളം കുടിക്കുന്നതിനെക്കാളും ഉത്തമം ആദ്യ പകുതിയില്‍ കുടിക്കുന്നതാണ്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാനും സഹായിക്കും.