മൂന്നാർ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം ഒക്കെ പിന്നിട്ട് തേയിലയുടെ പച്ചപ്പിലൂടെ, കൊളുക്കുമലയുടെ വിദൂര ദൃശ്യങ്ങൾ കണ്ട് ടോപ് സ്റ്റേഷൻ എത്തി.അവിടെ നിന്നും വട്ടവടയിലേയ്ക്ക്……
വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് പിന്നിട്ട് പാമ്പാടുംചോലയിലൂടെ കോവിലൂരിൽ എത്തി നേരെ വട്ടവടയിലേക്ക്.റോഡിൽ ഇരുവശവും സഫാരിക്കായി കാത്തു കിടക്കുന്ന ജീപ്പുകൾ. ഇടത് സൈഡിൽ തട്ട് തട്ടായ കൃഷി സ്ഥലങ്ങൾ ….. വലതുവശം ഉയർന്നു നിൽക്കുന്ന മലകൾ…..
ആദ്യം പോയത് ചിലന്തിയാർ വെള്ളച്ചാട്ടത്തിലേക്കാണ്. പോകുന്ന വഴിയിൽ കുറെ ആദിവാസി ഊരുകൾ അകലെ നിന്നുകൊണ്ട് കാണുവാൻ സാധിച്ചു.എന്നേൽ പരമ്പരാഗതമായുള്ള ശൈലിയിൽ നിന്നും മാറി കോൺക്രീറ്റ് കെട്ടിടങ്ങളാണ് കാണുവാൻ സാധിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച വീടുകളാണ് എന്ന് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു.
വഴിയരികിൽ ചെറിയ ചെറിയ കടകൾ ഉണ്ടായിരുന്നു.വെള്ളവും പാഷൻ ഫ്രൂട്ടും ഒക്കെയാണ് പ്രധാന കച്ചവടം. ചിലന്തിയാർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പായി തൊട്ടടുത്ത് തന്നെയുള്ള ഒരു ഗുഹയുണ്ട്.പണ്ടെന്നോ സംഭവിച്ച പ്രളയത്തിലോ മറ്റോ ഒന്നിനു പുറകെ ഒന്നായി അടിഞ്ഞ ചെറിയ പാറകൾ ചേർന്നുണ്ടായതാണ് ആ ഗുഹ എന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഗൈഡ് പറഞ്ഞു.ഗുഹക്കുള്ളിൽ ഇടതുവശത്തായി മുകളിലേക്ക് ചെറിയ ഒരു തുരങ്കമുണ്ട്.അതുവഴി മുകളിലെത്താം.കുട്ടികൾക്ക് വലിയ ആവേശമായിരുന്നു.ചിലർ പല തവണ കയറി.അവിടെ നിന്നും തിരികെ വെള്ളച്ചാട്ടത്തിലേയ്ക്ക്…ഐസു പോലെ തണുത്ത വെള്ളം പതഞ്ഞൊഴുക്കുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടം.
അടുത്ത സ്ഥലം മമ്മൽ വ്യൂ പോയിന്റ് ആണ്.കോവിലൂർ പോകുമ്പോൾ ഇടതു വശത്തു കാണുന്ന മലയിൽ ആണ് മമ്മൽ വ്യൂ പോയിന്റ്. കോവിലൂർ, വട്ടവട തുടങ്ങിയ സ്ഥലങ്ങളും കൃഷിഭൂമികളും എതിർവശത്തുള്ള മലനിരകളുമൊക്കെ ചേർന്ന് ഒരു അടിപൊളി കാഴ്ച.ഈ മലയുടെ മുകളിലായി വനം വകുപ്പിന്റെ ട്രക്കിംഗ് ഉണ്ട്.ഒരാൾക്ക് 300 രൂപയാണ് ഫീസ്.
വട്ടവടയിലെ പ്രധാന കാഴ്ചകൾ എന്നുപറയുന്നത് പേരുകേട്ട അവിടുത്തെ കൃഷിയിടങ്ങളാണ്.പച്ചക്കറികൾ മാത്രമല്ല, ഓറഞ്ച്,ആപ്പിൾ
സ്ട്രോബെറി തോട്ടങ്ങളിൽ എപ്പോളും ആളനക്കം ഉണ്ടാകും.
വട്ടവട ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്.മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച കായ്കറികളാണ്.
സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല.കാടിനോട് ചേർന്ന് പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ച്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും.യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം.
കൃഷിത്തോട്ടത്തിൽനിന്നും നേരേ പോയാൽ മറ്റൊരു വെള്ളച്ചാട്ടത്തിലെത്താം. “ഒറ്റമരം വെള്ളച്ചാട്ടം”. വട്ടവടയിൽ ഏതു ഭാഗത്ത് ചെന്നാലും ഏതെങ്കിലും ഒരു വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കാം.
അവിടെനിന്നും തിരികെ വട്ടവട വഴി കോവിലൂരിലേയ്ക്കുള്ള യാത്രയിൽ വ്യത്യസ്തമായ നിറമുള്ള ഇലയുമായി ഒരു മരം….. അതാണ് യഥാർഥ യൂക്കാലിപ്റ്റസ് മരമെന്നും ഓയിൽ എടുക്കുന്നത് അതിൽ നിന്നുമാണെന്നും സമീപത്തുള്ള ഒരു കടക്കാരൻ പറഞ്ഞു.നമ്മൾ പൊതുവായി പറയുന്ന യൂക്കാലിപ്റ്റസ് മരം ഗ്രാന്റീസ് ആണത്രെ.അതൊരു പുതിയ അറിവായിരുന്നു.വട്ടവട യാത്ര നിരാശപ്പെടുത്തിയില്ല!