കേരളത്തിൽ അധികം കൃഷി ചെയ്യാത്ത ഒരു പഴവർഗ്ഗ വിളയാണ് ഷമാം.കാണാൻ കുമ്പളങ്ങയുടെ ആകൃതിപോലെയൊക്കെയിരിക്കുമെങ്കി ലും ഉൾഭാഗം പപ്പായയുടെ നിറമാണ്.പഴുത്ത ഷമാമിന് പഴുത്ത പപ്പായയുടെ രുചിയുമായി സാമ്യവുമുണ്ട്.ഷമാമിൻ്റെ ഇലയും പൂക്കളും കണ്ടാൽ കണി വെള്ളരി കൃഷി ചെയ്യുകയാണെന്ന് തോന്നിപ്പോകും. കായ്ച്ചാൽ മാത്രമെ ഷമാമാണെന്ന് തിരിച്ചറിയുവാൻ കഴിയു.
ഇറാൻ ,സൗദിഅറേബ്യ, എന്നീ രാജ്യങ്ങളിലാണ് ഷമാം ആദ്യമായി കൃഷിയാരംഭിച്ചത്.കുമ്പളത്തിൻ്റെ ഷെയ്പ്പുള്ള പഴമായതിനാൽ മലയാളികൾ ഷമാമിനെ തൈകുമ്പളം എന്ന പേരിട്ടു വിളിച്ചു. തമിഴ്നാട്ടിൽ ഷമാമിനെ കിർണ്ണിപ്പഴമെന്നും ,മൂലാം പഴമെന്നുമൊക്കെ വിളിക്കുന്നു. ഇംഗ്ലീഷകാർ ഷമാമിനെ കാൻ്റ്ലോപ്പ് എന്നു വിളിക്കുന്നു.കൂടാതെ Sweet melon എന്നും Musk Melon എന്നൊക്കെ അറിയപ്പെടുന്നതും ഷമാമാണ്.
വെള്ളരി വർഗ്ഗത്തിൽപ്പെട്ട വളരെ പോഷക സമ്പന്നമായ ഒരു പഴമാണ് ഷമാം.വെള്ളരി വർഗ്ഗ വിളകൾ കൃഷി ചെയ്യുന്ന അതേ രീതിയിലാണ് ഷമാമും കൃഷി ചെയ്യുന്നത്.നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഒരു സെൻ്റിന് 200 Kg കാലിവളമോ ,കമ്പോസ്റ്റാ, കോഴിവളമോ , അടിവളമായി മണ്ണിൽ ചേർക്കണം. ,മണ്ണിൻ്റെ PH ക്രമീകരിക്കുവാനായി ഒരു സെൻ്റിന്
2Kg കുമ്മായം ,അല്ലെങ്കിൽ ഡോളമൈറ്റ് അല്ലെങ്കിൽ കക്കപ്പൊടി എന്നിവ ചേർത്ത് മണ്ണൊരുക്കണം .വിത്തുകൾ നേരിട്ടും ,ട്രേകളിൽ തൈകൾ പാകി മുളപ്പിച്ചും കൃഷിയാരംഭിക്കാവുന്നതാണ്. വിളഞ്ഞ് പഴുത്ത കായ്കളിൽ നിന്നും കിട്ടുന്ന വെള്ളരി വിത്തിൻ്റെ ആകൃതിയിലുള്ള വിത്തുകളോ ,അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് വിത്തുകളോ നടാനായി ഉപയോഗിക്കാവുന്നതാണ്.
ഹൈബ്രിഡ് ഇനങ്ങളായ ആർക്കാ സിറ ,പഞ്ചാബ് സുനീറ മുതലായ ഇനങ്ങൾ കൃഷി ചെയ്താൽ കൂടുതൽ വിളവു ലഭിക്കും. ട്രേകളിൽ വിത്തു മുളപ്പിക്കുകയാണെങ്കിൽ നാലില പ്രായമാകുമ്പോൾ മണ്ണിലേക്ക് പറിച്ചുനടാവുന്നതാണ്. മട്ടുപ്പാവിൽ ഗ്രോബാഗുകളിലും കൃഷി ചെയ്യാം.നിലമൊരുക്കിയാൽ ഒരാഴ്ച്ചക്കുള്ളിൽ നടാവുന്നതാണ്. തൈകൾ നട്ട് വേരുകൾ മണ്ണിൽ പിടിച്ചാൽ വളപ്രയോഗം നടത്തണം. ജൈവസ്ലറി ഫിഷ് അമിനോ ആസിഡ് ,ജീവാമൃതം മുതലായവ വളമായി നൽകാം . വിത്ത് നട്ട് ഒരു മാസമാവുമ്പോഴേക്കും ഷമാം കായ്ക്കുവാൻ തുടങ്ങും. പരാഗണം നടന്ന പെൺ പൂക്കളാണ് കായ് ആയി മാറുന്നത്. ടെറസിന് മുകളിലൊക്കെ കൃഷി ചെയ്യുമ്പോൾ കൃതൃമപരാഗണം നടത്തിക്കൊടുക്കണം. ആരോഗ്യമുള്ള ഒരു ചെടിയിൽ നിന്നും 10 മുതൽ 15 കായ്കൾ വരെ ലഭിക്കാം. വിളഞ്ഞ ഒരു ഷമാം 1 – 2 kg ഭാരം കാണും.
ഷമാം രണ്ടു രീതിയിൽ കൃഷി ചെയ്യാം. നിലത്തു പടർത്തിയും ,പന്തലിൽ കയറ്റിയും കൃഷി ചെയ്യാം. ചെടികൾ പടരാൻ പ്രായമാകുമ്പോൾ ,താങ്ങുകൾ വഴി പന്തലിലേക്ക് കയറ്റുന്നതാണ് നല്ലത്.ഇത് കൂടുതൽ വിളവു കിട്ടുന്നതിനും ,കായ്കൾക്ക് നല്ല നിറവും ,വലിപ്പവും ഉണ്ടാകുന്നതിനും സഹായകമാവും.നിലത്ത് പടർത്തിയാൽ കായ്കളുടെ അടിഭാഗത്ത് നിറവ്യത്യാസവും ,ചിലപ്പോൾ അടിഭാഗം അഴുകിപ്പോകുവാനും ഇടയാകുന്നു.
തൈകൾ നട്ട് 30 ദിവസമാകുമ്പോഴേക്കും കായ്കൾ ഉണ്ടാകാൻ തുടങ്ങും. 40 ദിവസമാകുമ്പോൾ കായ്കളുടെ പുറംതോട് വിണ്ടു കീറുന്ന പാടുകൾ രൂപപ്പെടാൻ തുടങ്ങും .60 ദിവസമാകുമ്പോഴേക്കും ഷമാം വിളവെടുപ്പിന് പാകമാകും.
വെള്ളരി വർഗ്ഗ വിളകളെ അക്രമിക്കുന്ന എല്ലാ കീടങ്ങളും ഷമാമിനെയും അക്രമിക്കും. കായീച്ചയുടെ അക്രമണം ഉണ്ടാകാതിരിക്കുവാനായി തൈകൾ നടുന്ന സമയത്ത് ഫിറമോൺ കെണികൾ വച്ച് ആൺ കായീച്ചകളെ ആകർഷിപ്പിച്ച് നശിപ്പിച്ച് ,കായീച്ചകളുടെ വംശവർദ്ധനവ് തടയാവുന്നതാണ്.
ആമ വണ്ട് ,മത്തൻ വണ്ട് മുതലായ കീടങ്ങൾ ,ഇലതീനിപ്പുഴു ,ഇല ചുരുട്ടിപ്പുഴു മുതലായവയ്ക്കെതിരെ ബിവേറിയ 20 gm 1 ലിറ്റർ വെള്ളത്തിലും ,ലിക്യുഡ് ബിവേറിയ 5 ML 1 ലിറ്റർ വെള്ളത്തിലും ചേർത്ത് സ്പ്രേ ചെയ്യാം.ഷമാം ഒരു വേനൽക്കാല വിളയായതിനാൽ എല്ലാ ദിവസവും ജലസേചനവും നടത്തണം.
ഷമാം പഴത്തിൽ ധാതുക്കൾ ,ജീവകങ്ങൾ ,ഭക്ഷ്യ നാരുകൾ ,എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് രോഗ പ്രതിരോധ ശക്തി പ്രധാനം ചെയ്യുന്ന വെറ്റമിൻ C, വൈറ്റമിൻ A, എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ആൻ്റി ഓക്സിഡൻ്റായ ജീവകം C ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്നു. ഫ്രീറാഡിക്കലുകൾ ശരീരകോശങ്ങളെ അക്രമിച്ച് അർബുദത്തിന് കാരണമാക്കുന്നത്. ഷമാമിൽ അടങ്ങിയിട്ടുള്ള ജീവകം C യും ബീറ്റാ കരോട്ടിനും ഫ്രീറാഡിക്കലുകളോട് പൊരുതുന്നു.ഷമാമിലടങ്ങിയിട്ടുള് ള പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കുന്നതോടൊപ്പം മനുഷ്യഹൃദയത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. ഗ്ലൈസമിക്ക് ഇൻ്റെക്സ് വളരെ കുറഞ്ഞ ഒരു പഴമാണ് ഷമാം, ആയതിനാൽ ഷമാമിലടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ,ഫ്രക്റ്റോസും അപകടകാരികളല്ല.പ്രമേഹരോഗികൾക്കും ,പൊണ്ണത്തടിയുള്ളവർക്കും ഉപയോഗിക്കാം.ഷമാം സ്ഥിരം കഴിക്കുന്നതിലൂടെ സ്ട്രസ് കുറയും.ഷമാമിൽ അടങ്ങിയിട്ടുള്ള അഡിനോസിൻ എന്ന സംയുക്തം രക്തം കട്ടപിടിക്കാതിരിക്കുവാൻ സഹായിക്കും.ഈ പഴത്തിൽ അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ദഹനത്തിനും സഹായകമാകുന്നു.