അതിസാരം
ഒരു ഗ്ലാസ് മോരിൽ അല്പം ഉലുവ അരച്ചു ചേർത്തു കുടിച്ചാൽ അതിസാരം ശമിക്കും.
അരിമ്പാറ
കീഴാർനെല്ലി അരച്ചു പാലിൽ ചേർത്തു പുരട്ടിയാൽ അരിമ്പാറ മാറും. അല്ലെങ്കിൽ പുറ്റുമണ്ണ്, ഇരുവേലി, ആട്ടിൻകാട്ടം, അരയാലിന്റെ തൊലി ഇവ സമമെടുത്ത് അരച്ചു പുരട്ടിയാലും മതി. പച്ച ഇഞ്ചി ചെത്തിക്കൂർപ്പിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറയിൽ കുത്തുന്നതും നന്ന്.
അർശസ്സ്
എന്നും ചെമന്നുള്ളി എരുമനെയ്യിൽ മൂപ്പിച്ചു കഴിച്ചാൽ അർശസ്സു വിട്ടുമാറും.
വാഴപ്പഴവും തോടും കുരുവും കളഞ്ഞ വാളൻപുളിയും കൂട്ടിക്കുഴച്ച് കല്ക്കണ്ടം ചേർത്തു കഴിച്ചാലും അർശസ്സ് ശമിക്കും. രോഗം അത്ര കൂടുതൽ ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ കഴിച്ചാൽ മതി. കൂടുതലുണ്ടെങ്കില്‍ ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിക്കണം.
ആണിരോഗം
കാലിൽ ആണിരോഗം വന്നാണു കഷ്ട്ടപ്പെടുന്നതെങ്കിൽ കുഴങ്ങണ്ട. ചെറുനാരങ്ങയുടെ പാതി വച്ചു കെട്ടി കിടക്കുകയോ എരുക്കിൻപാൽ തേയ്ക്കുകയോ ചെയ്താൽ മതി.
ആർത്തവവേദന
കുടംപുളിയും കൊത്തമല്ലിയും സമമെടുത്തരച്ച് അല്പം ഇന്തുപ്പും ചേർത്തു കഴിച്ചാൽ ആർത്തവവേദന ശമിക്കും.
ഉദരരോഗം
മാതളനാരങ്ങയുടെ തോടോ, പുളിയാറിലയോ മോരിൽ അരച്ചു കലക്കിക്കുടിച്ചാൽ സാധാരണ ഉദരരോഗങ്ങളൊക്കെ മാറും.
ഉപ്പൂറ്റിവിള്ളൽ
ചിലർക്കു ഉപ്പുറ്റി വിള്ളലുണ്ടാകും. പച്ചക്കശുവണ്ടിക്കറ പുരട്ടുകയോ, കനകാംബരത്തിന്റെ ഇല അരച്ചിടുകയോ ചെയ്താൽ തീർച്ചയായും ശമനം കിട്ടും.
ഒച്ചയടപ്പ്
അടുപ്പിലിട്ടു ചുട്ട ഉള്ളി തിന്നാൽ ഒച്ചയടപ്പു മാറും.
ഓക്കാനം
ജീരകം വായിലിട്ടു ചവച്ചാൽ ഓക്കാനം മാറും.
ഓർമശക്തി
മാമ്പഴച്ചാറോടൊപ്പം പാലും തേനും ചേർത്തു കഴിച്ചാൽ വിശപ്പ് ക്രമപ്പെടുത്തുകയും ദേഹബലവും ഓർമശക്തിയും വർധിപ്പിക്കുകയും ചെയ്യും.
പപ്പായ (ഓമയ്ക്ക)പ്പഴത്തോടൊപ്പം തേൻ ചേർത്തു കഴിച്ചാൽ ഓര്‍മക്കുറവ്, ഞരമ്പു തളർച്ച, ശരീര ക്ഷീണം ഇവ മാറി പുത്തനുണർവു ലഭിക്കും.
കഫക്കെട്ട്
ഉളളിയും കല്ക്കണ്ടവും ചേർത്തു കഴിച്ചാൽ നെഞ്ചിലും ഗളനാളത്തിലും കഫം കെട്ടിയുണ്ടാകുന്ന ചുമ ശമിക്കും. കുരുമുളകുപൊടിയിൽ തേൻ ചേർത്തു കഴിച്ചാലും മതി.
കുടൽപ്പുണ്ണ്
കുടൽപ്പുണ്ണുളളവർ കൂടക്കടെ ചീരയില, വാഴക്കൂമ്പ്, മുരിങ്ങയില, മധുരക്കീര (ചെക്കുർ മാനീസ്) എന്നിവ കറിവച്ചു കൂട്ടുന്നതു നല്ലതാണ്. കൊടങ്ങൽ അരച്ചു പാലിൽ ചേർത്തു കുടിച്ചാലും കുടൽപ്പുണ്ണ് മാറും.
കുഴിനഖം
കുഴിനഖമാണു കുഴക്കുന്നതെങ്കിൽ ഉപ്പും ചെറുനാരങ്ങനീരും ചേർത്തിടുകയോ, മഞ്ഞളും മൈലാഞ്ചിയും ചേർത്തു അരച്ചിടുകയോ ചെറുചൂട് ചോറ് ഉപ്പുചേർത്തരച്ച് ഒരു തുണിയിലാക്കി കെട്ടുകയോ ചെയ്യുക. ഒരു ചെറുനാരങ്ങ വിരലുകൊണ്ട് ചെറിയ ഒരു ദ്വാരമിട്ട് ഉപ്പ് ഇട്ടു വയ്ക്കുക. ഉപ്പുനീരിറങ്ങുമ്പോൾ കുഴിനഖമുള്ള വിരൽ നാരങ്ങയിൽ കടത്തിവയ്ക്കുക. പിറ്റേന്നു വേദന മാറും.
.
കൊളസ്ട്രോൾ
കൊളസ്ട്രോൾ കുറയ്ക്കാൻ എന്നും ആഹാരത്തോടൊപ്പം ഓരോ കാന്താരിമുളകു കഴിക്കുക. ഹൃദ്രോഗത്തെപ്പോലും അകറ്റാനുള്ള കഴിവ് കാന്താരിക്കുണ്ട്.
രാവിലെ വെറും വയറ്റിൽ കറിവേപ്പിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയോ മൂന്നോ നാലോ അല്ലി വെളുത്തുളളിയോ ചുവന്നുള്ളിയും ചതച്ച ഊണിനൊപ്പം കഴിക്കുകയോ ചെയ്യുന്നതും ഉളള കൊളസ്ട്രോളിനെ കുറയ്ക്കാനും മേലിൽ വരാതെ തടയാനുമുതകും. ഉപ്പും കൊഴുപ്പും കുറവും പഴങ്ങളും പച്ചക്കറികളും കൂടുതലും ആഹാരത്തിലുൾപ്പെടുത്തുന്നതും നന്ന്.
ഗർഭാശയ രോഗങ്ങൾ
ഉള്ളി ലേഹ്യമായോ, അല്ലാതെയോ കഴിച്ചാൽ ഗർഭാശയ രോഗങ്ങൾ ശമിക്കും. മുലപ്പാൽ വർധിക്കുകയും ചെയ്യും.
ഗ്യാസിന്റെ ശല്യം
ഉറങ്ങുന്നതിനു മുമ്പ് രണ്ട് അല്ലി വെളുത്തുളളി ഒടിച്ച് വായിലിട്ട് ജീരകവെള്ളം കുടിക്കുക. ഗ്യാസു കുറയും. പച്ച ഏത്തയ്ക്കാ തൊലി കളഞ്ഞു നുറുക്കി വെയിലത്തുണക്കി പൊടിച്ചു വച്ചു ചെറു ചൂടുവെളളത്തിൽ ഒരു ടീ സ്പൂൺ പൊടി കലക്കി പ്രഭാതത്തിൽ വെറും വയറ്റിൽ കുടിച്ചാൽ ഗ്യാസ് ശല്യം ഇല്ലാതാവും.